2008, നവംബർ 23, ഞായറാഴ്‌ച

സാഹിത്യാസ്വാദനവും സൌന്ദര്യബോധവും -ഭാഗം 1

ഭാഗം 1 “വരൂ, എല്ലവരും വരൂ, ഇരിക്കൂ. ഇന്നലെ നിങ്ങൾ ഫോണിൽ കൂടി വിഷയം എന്താണെന്ന് പറഞ്ഞപ്പോഴേ എനിക്ക് അത്ഭുതവും നിങ്ങളോട് ബഹുമാനവും ആണ് തോന്നിയത്. എന്നാണ് നിങ്ങളുടെ ചർച്ച?.” “ഒരാഴ്ച്ച കൂടിയുണ്ട് മാഷേ” “തന്റെ പേര് ജോൺസൺ എന്നല്ലേ” “അതേ, ഇവൻ ജഗദീശ്, ആ കുട്ടി രാജി” “നിങ്ങൾ എല്ലവരും ഒരേക്ലാസിലാണോ?” “അല്ല. ജഗദീശ് മെഡിസ്സിന് മൂന്നാമത്തെ സെമിസ്റ്റർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ” “വളരെ സന്തോഷം.നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?” “സാഹിത്യമെന്തന്ന് ഒരു സാമാന്യബോധം ഇതുവരെ ഉണ്ടായിട്ടില്ല. സൌന്ദര്യവും സാഹിത്യവുമായുള്ള ബന്ധം എന്താണെന്നും നിശ്ചയമില്ല.” “ ഇപ്പോൾ സഹിത്യത്തിന് വലിയ market ഉള്ള കാലമല്ല. ഏറ്റവും എളുപ്പം വിറ്റഴിക്കാവുന്ന products രാഷ്ട്രീയവും സെക്സു മാണ്.” “അല്ല മാഷേ എനിക്കൊരു സംശയം ഈ സെക്സും, രാഷ്ട്രീയവും, മതവും, തത്വശാസ്ത്രവും, സയൻസും എല്ലാം സാഹിത്യത്തിൽ ഉൾപ്പെടില്ലേ?” : അത്രയും വിശാലമായ അർത്ഥം സാഹിത്യത്തിന് നൽകാൻ ആരാണ് തയ്യാറാവുക.പക്ഷേ ജഗദീശ് പറഞ്ഞത് ശരിയാണ്.Literature is all inclusive,including your medicine and psychology” “അപ്പോൾ രഷ്ട്രീയവും സെക്സും സാഹിത്യത്തിൽ നിന്നും ഒഴിവാകില്ലല്ലൊ?” “ഇല്ല ജോൺസൺ,എന്നാൽ ഇപ്പോഴത്തെ നമ്മുടെരാഷ്ട്രീയക്കാർക്കില്ലാത്ത ഒരു സവിശേഷ ഗുണം സാഹിത്യകാരന് ഉണ്ടായേമതിയാവൂ.” “അതെന്താണ് മാഷേ?” എല്ലാരുടേതും കൂടിയാണ് ചോദ്യം. “പറയാം ,ഒന്നാമതായി സഹൃദയത്വം, കൂട്ടത്തിൽ സംവേദനശക്തിയും” “ആരൊക്കെയാണ് സഹൃദയർ” “എന്താ കുട്ടിയുടെ പേര് ,മറന്നുപോയി, രാജി എന്നല്ലേ?” “അതേ” “നല്ലമനസ്സുള്ളവനാണ് സഹൃദയൻ, മനസ്സ് എന്നാൽ ഇന്ദ്രിയങ്ങളുടെ ആകെ തുകയാണ്.എന്തും കാണാനും, കാണുന്നവയെ പൂർണ്ണമാ‍യി ഗ്രഹിക്കാനും കഴിയണം. കേൾക്കുന്നത് പൂർണ്ണമായി കേൾക്കാനാവണം,സംഗീതമാനണെങ്കിൽ ശബ്ദമാധുരി,ശ്രുതി,ലയം എല്ലാം അറിയാനാവണം. ആശയമാണെങ്കിൽ അതിന്റെ ഗൌരവം, പ്രായോഗികത,മറ്റ് ആശയങ്ങളോടുള്ളബന്ധം മുതലായവ.ഇതുപോലെ എല്ലാ ഇന്ദ്രിയങ്ങളേയും active ആക്കി വയ്ക്കുകമാത്രമല്ല, ലഭ്യമായ വിഷയത്തെക്കുറിച്ച് ചിന്തിച്ച് സ്വന്തമായ ഒരഭിപ്രായം രൂപീകരിക്കാനും കഴിയണം.ചുരുക്കിപറഞ്ഞാൽ സഹൃദയന് വ്യക്തിത്വം ഉണ്ടായിരിക്കണം എന്നർത്ഥം, അചഞ്ചലമായവ്യക്തിത്വം” “Empathy” എന്നൊരു വാക് സാധാരണ ഉപയോഗിച്ച് കാണുന്നുണ്ടല്ലോ? അതെന്താണ്?” ജോൺസന്റേതാണ് ചോദ്യം “Empathy എന്നാൽ മറ്റുള്ളവരുടെ സുഖവും ദുഃഖവും സങ്കല്പത്തിൽ കൂടി സ്വയം അറിയാനും,അതിനോട് പ്രതികരിക്കാനും ഉള്ള മനസ്സിന്റെ കഴിവാണ്. “സംവേദനശക്തിയും Empathy ഉം ആയി ബന്ധമുണ്ടോ മാഷേ?” “ശരിയായ ചോദ്യമാണ് ജോൺസൺ, സംവേദനശക്തിയുടെ അടിസ്ഥന ഗുണം തന്നെ ഏതൊന്നിന്റേയും വൈകാരികാംശം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുക എന്നതാണ്.ഒന്നിനോടും പ്രതികരിക്കൻ കഴിയാത്തവരാണ് നാം ഇന്ന് കൂടുതലും കാണുന്നത്. ഭൂരിഭാഗത്തിന്റേയും പ്രതികരണശേഷി തുലോം കുറവെന്ന് മാത്രമല്ല, ഉപരിപ്ലവവുമാണ്.” “അപ്പോൾ സഹൃദയനും സംവേദന ശക്തിയുള്ളവരെല്ലാം സഹിത്യകാരന്മാരാണോ?” “അത് മാത്രം പോരാ ജഗദീശ്; വികാരം മാത്രമല്ല, വിചാരവും സാഹിത്യകാരന്റെ സ്വത്താണ്. ഏതൊരു കാര്യവും ഉൾക്കാഴ്ചയോടെ കാണുവാനും അത് തന്മയത്വത്തോടെ അവതരിപ്പിക്കാനും കഴിയണം-intutively , objectively and in the most pleasant fashionഎന്ന് സയിപ്പിന്റെ ഭാഷയിൽ.സാഹിത്യകാരൻ ഏതു വിഷയത്തിന്റെയും ആത്മസത്ത ഉൾക്കൊള്ളാൻ കഴിയുന്നവനാണ്‌ അതു മാത്രമല്ല, he has his own vision on the subject.” “ഇവയെല്ലാം സാഹിത്യാസ്വാദകനും ഉണ്ടാവേണ്ട ഗുണങ്ങളല്ലേ?” “ജഗദീശ് പറഞ്ഞത് ശരിയാണ്” “അപ്പോൾ സാഹിത്യാസ്വാദനവും സാഹിത്യ നിരൂപണവും തമ്മിൽ എന്താണ് വ്യത്യാസം?” “ജഗദീശ്, സഹിത്യ നിരൂപകൻ നല്ലൊരാസ്വാദകൻ കൂടിയാണ്. പക്ഷേ അദ്ദേഹത്തിന് മറ്റൊരു ഭാരിച്ച ജോലികൂടിയുണ്ട്. ഒരു സാധാരണ ആസ്വാദകന് സഹിത്യത്തിന്റ്റെ സാങ്കേതിക വശങ്ങൾ എന്തെന്ന് നിശ്ചയമുണ്ടാവില്ല. ഒരു സാഹിത്യ സൃഷ്ടിയുടെ ലക്ഷ്യം എന്തന്നതിനേ കുറിച്ച് ഒരു ഏകദേശ രൂ‍പം മാത്രമേ യുണ്ടാവൂ. ഒരു കൃതിയുടെ പ്രത്യേക സ്വഭാവം അഥവാ ‘തനിമ’-The most striking individual quality of the work of art- എന്തണെന്ന് സാധാരണ വായനക്കാർക്ക് അറിവുണ്ടായി എന്നു വരില്ല. നിരൂപകൻ സൃഷ്ടിയുടെ ഭാഷ, രൂപ ഭവങ്ങൾ,അതെഴുതിയ കർത്താവിന്റെ പ്രത്യേകതകൾ,അതെഴുതപ്പെട്ട കാലത്തിന്റെ അടിയൊഴുക്കുകൾ,ആ കാലത്ത് ആ കൃതിക്കുണ്ടായിരുന്ന പ്രാധാന്യം,അത് ഉണർത്തുന്ന സൌന്ദര്യ ബോധത്തിന്റെ വിവിധ തലങ്ങൾ ഇവയെ കൃത്യമായി പരിച്ഛേദം ചെയ്ത് അവയെല്ലാം കാര്യ കാരണ സഹിതം ലളീതവും യുക്തിസഹവുമായ ഭാഷയിൽ അവതരിപ്പിക്കാൻ കൂടി ബാദ്ധ്യസ്ഥനാണ്.’ “ സാഹിത്യകാരന്റേയും,വിമർശകന്റേയും ഭാഷകൾ തമ്മിൽ എന്തെങ്കിലും ബന്ധം …….?” “ രാജി തന്നെ പറയൂ, ഭാഷയുടെ പേരിൽ നാം പോരടിക്കുന്നു. ഭാഷയുടെ പ്രധാന ധർമ്മം എന്താണ്?” “communication” “ എതു ഭാഷയായാലും ,we want to communicate better. സാഹിത്യകാരനും അതു തന്നെ യാണ് ചെയ്യുന്നത്. പക്ഷേ സൃഷ്ടി ചെയ്യാനുള്ള അത്യപൂർവമായ കഴിവ് സാഹിത്യകാറ്രന്റേതു മാത്രമാണ്. എനിക്ക് പാട്ട് പാടണം എന്നുണ്ട് പക്ഷേ ഞാൻ പാടീയാൻ പാടുമോ? എനിക്ക് നൃത്തം ചെയ്യണമന്നുണ്ട്.ഞാൻ തുള്ളി ഓടിയാൽ അത് നൃത്തം ആകുമോ? എനിക്ക് അഭിനയിക്കണമെന്നുണ്ട് എത്ര ശ്രമിച്ചാലും മുഖത്ത് ഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. സൃഷ്ടി ചെയ്യാനുള്ള കഴിവ് ഒരു വരദാനമാണ്. ഓരോ വ്യക്തിയും ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളുന്നത് ഓരോ പ്രത്യേക കഴിവുമായിട്ടാണ്. ഒരു ഭൌതിക വാദിയും ഇത് നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഞാൻ അല്പം digress ചെയ്തു പോയോ….?” “ നമ്മൽ ഭാഷയേക്കുറിച്ചാണ് പറഞ്ഞുവന്നത് മാഷേ” “രാജീ, വളരെ നന്ദി.ഞാൻ ചിലപ്പോൾ ഇങ്ങിനെയാണ്. വല്ലാതെ വഴിതെറ്റി പോകും. നമ്മൽ സാഹിത്യ ഭാഷയെ ക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. സാഹിത്യ ഭാഷ സാഹിത്യകാരന്റേതു മാത്രമാണ്. അതിനു സമാനമായി മറ്റൊന്നില്ല. അതായത് സാഹിത്യകാന്റേയും ശാസ്ത്രജ്ഞന്റേയും ഭാഷകൾ തമ്മിൽ വ്യത്യാസമില്ലേ? ശാസ്ത്രജ്ഞൻ ഭാഷയെ ഉപയോഗിക്കുന്നത് വെറും symbols ആയി മാത്രമാണ്. ‘X’ എന്ന് ശാസ്ത്രജ്ഞൻ പറഞ്ഞാൽ വ്യക്തമായ ഒരാശയം മാത്രമേ അത് പ്രതിനിധാനം ചെയ്യൂ.എന്തിനെ നിർവചിക്കുമ്പോഴും ഈ വ്യക്തത ശാസ്ത്രജ്ഞന്റെ ഭാഷയിൽ ഉണ്ടാവും. പക്ഷേ സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം ഒരു വാക്കിന്റെ പ്രയോഗത്തിൽ പലേ അർത്ഥ തലങ്ങളും ഉണ്ടായി എന്നു വരാം. അനുവാചകന്റെ അനുഭവസമ്പത്തിനേ ആശ്രയിച്ച് ഈ അർത്ഥ തലങ്ങൾ കൂടുകയോ, കുറയുകയോ ചെയ്യാം. ഒരു കവിതക്ക് അല്ലെങ്കിൽ നോവലിന് വിവിധ വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നത് ഇക്കാരണം കൊണ്ടാണ്.” “അങ്ങിനെയെങ്കിൽ ഭാഷയുടെ വളർച്ചക്ക് ഏറ്റവും കൂടുതൽ സംഭാവന നല്കുന്നത് സാഹിത്യകാരന്മാർ ആയിരിക്കുമല്ലോ!” “undoubtedly. ജഗദീശ് പറഞ്ഞത് തികച്ചും ശരിയാണ്. നമ്മുടെ വെറും സംഭാഷണം സാഹിത്യഭാഷയാവില്ല. ഞാനും എന്റെ ഭാര്യയും തമ്മിൽ ശണ്ഠതുടങ്ങിയാൽ വികാരം ഓളം തള്ളുമെങ്കിലും അത് അപ്പടി സാഹിത്യത്തിൽ ഉപയോഗിക്കാൻ ആവില്ല. അതെ പോലെ കുട്ടികളുടെ ചലപില ഭാഷയിൽ എന്ത് അർത്ഥമാണ് ഉണ്ടാവുക? രാഷ്ട്രീയ നേതാവിന്റെ ഇലക്ഷൻ പ്രചരണാർത്ഥമുള്ള ഭാഷ സാധാരണക്കാരുടെ വികാരം ചൂഷണം ചെയ്യാൻ മാത്രമുള്ളതാണ്. ഇതെല്ലാം അതേപ്രകാരം സ്വീകരിക്കുന്നതിനു പകരം വേണ്ട അളവിൽ പ്രത്യേക സാഹചര്യങ്ങളിൽ അത് ഉപയോഗിക്കുന്നതിലാവും സാഹിത്യകാരന്റെ വിവേചനാധികാരം” “അങ്ങിനെ യാണെങ്കിൽ സാഹിത്യ ഭഷ ഏതുമാതിരി ആയിരിക്കണം?” “ ജോൺസൺ, അത് വളരെ പ്രകടമല്ലേ? സാഹിത്യകാരൻ വികാര വിചാരങ്ങളുടെ അനുപാതം യോജ്യമാം വിധം കാത്തുസൂക്ഷിക്കുന്നു.പലേ അർത്ഥ തലങ്ങൾ സൃഷ്ടിക്കപ്പെടാൻ സഹായകമായ രീതിയിൽ വാക്കുകൾ സമ്മേളിപ്പിക്കുന്നു.-ഇതിനെ artistic fusion of words എന്നു പറയുന്നു.അവയിൽ നിന്ന് images അഥവാ mental pictures ഉയർന്നു വരുന്നു. ഉൽ‌പ്രേക്ഷയും ഉപമയും കലർന്ന അലങ്കാര ഭഷയാണ് സാഹിത്യകരന്റേത്. ധ്വനി യാണ് ഇതിലേ കാതലായ അംശം.ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കാനുള്ള വായനക്കാരന്റെ സാമർത്ഥ്യം പലപ്പോഴും പരിശോധിക്കപ്പെടുന്നു. ചുരുക്കത്തിൽ സംസാരഭാഷ സ്പുടം ചെയ്തതാണ് സാഹിത്യ ഭാഷ.” “ഭാഷയേക്കുറിച്ച് ഒരേകദേശരൂപം കിട്ടി.പക്ഷേ സാഹിത്യകാരൻ പ്രതിപാദിക്കുന്ന വിഷയങ്ങളേ കുറിച്ചു കൂടി പറഞ്ഞു തരുമോ? ഞാ‍ൻ ഉദ്ദേശിച്ചത് - themes-എന്നാണ് മാഷേ”

2008, നവംബർ 12, ബുധനാഴ്‌ച

സ്വപ്ന സഞ്ചാരത്തിലൂടെ ഭാഗം 4

ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽപ്പെട്ട മറ്റൊരു ക്ഷേത്രമാണ് ഗ്രീഷ്മേശ്വരവും. ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണമെങ്കിൽ തലനന്നായി കുനിയുകതന്നെ വേണം.വേഗം ഒരു ഓട്ടപ്രദിക്ഷണം നടത്തി ബസിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളതും ഞങ്ങൾ എല്ലവരും വളരെ അധികം ബഹുമാനിക്കുന്നതും ജ്ഞാനിയുമായ തിരുമേനി ഒരു സീറ്റിൽ തനിയെ ഇരിക്കുന്നു.ക്ഷീണം കൊണ്ടാ‍യിരിക്കണം കണ്ണടച്ചാണ് ഇരിപ്പ്. നേരത്തെതന്നെ പരിചയപ്പെട്ടിരുന്നതിനാൽ അടുത്തുചെന്നു ചോദിച്ചു. “ എന്തേ തിരുമേനി ദർശനത്തിനു പോയില്ലേ?” “ഇല്ല നല്ല ക്ഷീണം. മനസ്സ് വേണംച്ചാലും ശരീരം സമ്മതിക്കുന്നില്ല.വയസ്സ് 80 തിലധികമായി.പിന്നെ ഞാൻ നേരത്തെ ഇവിടെ വന്നിട്ടും ഉണ്ട്.വരൂ ഇങ്ങോട്ടിരിക്കു.വിരോധം ഇല്ലാച്ചാൽ ഞാൻ ചില കഥകൾ പറയാം.” “വളരെ സന്തോഷം. തിരുമേനി പറഞ്ഞോളൂ” ഈ ശിവൻ ആരാന്നറിയോ?” “ത്രിമൂർത്തികളിൽ ഒരാൾ.” “സക്ഷാൽ പശുപതിയാണ് ശിവൻ. സിന്ധൂനദീതട സംസ്കാരത്തേപ്പറ്റിയും അവിടെ നിന്ന് പശുപതിയുടെ ചിത്രം ഉള്ള മുദ്ര കിട്ടിയ കാര്യവും അറിയില്ലേ? പഴയകഥകൾ ആലോചിച്ചാൽ എന്താ എനിക്ക് തോന്നുക എന്നറിയ്യോ? നല്ല സ്വാദുള്ള ഒരവിയലാണ് ഭാരതം ന്ന്. അന്യ നാട്ടിൽ നിന്ന് എത്രഎത്ര ആൾക്കാരാണ് ഇവിടെ വന്ന് സ്ഥിരതാമസ്സമാക്കിയത്? ഇറാനിയന്മാർ, ഗ്രീക്കുകാർ, ഹൂണന്മാർ, സ്കിതിയന്മാർ , മംഗോളിയർ, അങ്ങിനെ അങ്ങിനെ പോകുന്നു ആ ലിസ്റ്റ്. ഇവിടത്തെ ആൾക്കാരെന്താ മോശക്കാരാ? ഒട്ടുമല്ല. സിന്ധൂനദീതട സംസ്കാരത്തിന്റെ ഉടമകളല്ലേ? അവരുടെ ദൈവമല്ലേ പശുപതി? പക്ഷേ ഇപ്പോൾ ഭാരതത്തിലല്ല അങ്ങ് ടിബറ്റിലുള്ള കൈലാസത്തിൽ കൈലാസനാഥനായി വാഴുകയാണെന്നുമാത്രം .ശിവന്റെ മറ്റു പ്രധാന ക്ഷേത്രങ്ങളിൽ വടക്ക് കാശ്മീരിലെ മഞ്ഞുമലകളിൽ സ്ഥിതിചയ്യുന്ന അമർനഥ് ഗുഹാക്ഷേത്രവും, ദക്ഷിണേന്ത്യയിലെ രാമശ്വരവും,കിഴക്കുള്ള ഭുവനേശ്വർ ക്ഷേത്രവും, പടിഞ്ഞാറുള്ള സോമനാഥ ക്ഷേത്രവും പ്രസിദ്ധങ്ങളല്ലേ? അങ്ങിനെ എത്രയെത്ര !ചുരുക്കിപറഞ്ഞാൽ ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള മാജിക്കോറിലിജിയസ്സ് വർഗ്ഗക്കകാർ ആരാധിച്ചിരുന്ന രണ്ട് ദൈവങ്ങളാണ് പശുപതിയും,ശക്തിയും. വേദസംഹിതകളുടെ ആവിർഭാവത്തോടെ പശുപതി കൈലാസവാസം സ്ഥിരമാക്കി.സംഹിതകൾക്കു ശേഷമാണല്ലോ ബ്രഹ്മണങ്ങളും അരണ്യകങ്ങളും ഉണ്ടായത്” “അപ്പോൾ ഉപനിഷത്തുക്കളോ തിരുമേനീ”? “ഉപനിഷത്തുക്കൾ പിന്നീടാണ് ഉണ്ടായത്. പക്ഷേ ഉപനിഷത്തുക്കളും വേദങ്ങളുടെ തുടർച്ചതന്നെ യാണ്. ഉപനിഷത്തുകൾ മതവിശ്വാസത്തിന് ഒരു താത്വിക പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. അനശ്വരമായ സത്യമാണ് ഉപനിഷത്തുക്കളിലെ ദൈവസങ്കല്പം.കർമ്മത്തോട് ബന്ധപ്പെട്ടതാണ് സുഖവും,ദുഃഖവും. അവയൊക്കെ നശ്വരമാണ്.സത്യം ഒന്നേയുള്ളു ബ്രഹ്മൻ മാത്രം.ഈ സത്യം എന്ത്ന്ന് അറിയാനുള്ള ശ്രമമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. പക്ഷേ അതിനുള്ള കഴിവു നേടാൻ എല്ലവർക്കും സാധിക്കുകയില്ലാ എന്ന് പരോക്ഷമായെങ്കിലും ഉപനിഷത്തുകളിൽ സൂചനയുണ്ട് ട്ടോ.എന്തേ മാഷിന് ഉറക്കം വരുന്നുണ്ടോ?” “ഇല്ല തിരുമേനി തുടരൂ .ഞാൻ ശ്രദ്ധിച്ചു കേൾക്കുകയാണ്” അതീവ നിഗൂഢവും മനസ്സിലാക്കൻ ബുദ്ധിമുട്ടുമുള്ള ഒന്നിനെ സാധാരണക്കാർക്ക് സ്വീകരിക്കാനാവുമോ? മാഷിനറിയാമല്ലോ ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവില്ലാത്ത കുട്ടികളുടെ ശ്രദ്ധ മറ്റെവിടേക്കേങ്കിലും തിരിയുന്നത്.ഇക്കാലത്തുപോലും മാജിക്ക് കാണീക്കുന്നവരോടും,അത്ഭുതസിദ്ധികൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവരോടും,മന്ത്രതന്ത്രങ്ങളാൽ രോഗശാന്തി വരുത്തുന്നു എന്ന് വിശേഷിപ്പിക്കുന്നവരോടും ജനങ്ങൾ കാണിക്കുന്ന ബഹുമാനം. ഇത്രയും ബഹുമാനം ശത്രജ്ഞന്മാരോട് ഉണ്ടോ? ഒരുവിധത്തിൽ പറഞ്ഞാൽ ആ പഴയമന്ത്രതന്ത്രങ്ങളല്ലേ ഇപ്പോൾ നമ്മുടെ മന്ത്രിമാർ കാണിക്കുന്നത്.മജിക്കോ റിലിജിയസ്സുകളുടെ പുതിയ തലമുറക്കാരല്ലേ അവർ. അവരെയല്ലേ നമ്മൾ കൂടുതൽ ഭയക്കുന്നത്? പറഞ്ഞു വന്നത് എന്തെന്നുവച്ചാൽ എല്ലം നശിപ്പിക്കാൽ കഴിവുള്ള ഉഗ്രമൂർത്തിയായ പശുപതി ഈ സന്ദർഭത്തിൽ ഒരു പുതിയ മുഖവുമായി രംഗപ്രവേശം ചെയ്തു എന്നാണ്.സാധരണക്കാരായ ജനങ്ങൾ പഴയ രുധിരനെ ശിവനാക്കി.എന്നിട്ട് തങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവാത്ത ഉപനിഷത്തുക്കൾ ഉപേക്ഷിക്കുകയും പകരം ബ്രാഹ്മണങ്ങളിൽ വിവരിചിട്ടുള്ള ആചാരങ്ങൾക്കും അർച്ചനകൾകും വീണ്ടും പ്രാധാന്യം കൊടുക്കുകയും ചെയ്തതിൽ അത്ഭുതമുണ്ടോ? സാധരണക്കാർ ബ്രാഹ്മണിക്കൽ മതത്തിലുണ്ടായിരുന്നതും അവർക്ക് പരിചിതങ്ങളുമായ ദൈവങ്ങളെ തന്നെ പൂജിക്കാൻ തുടങ്ങി.അവരെക്കുറിച്ച് അനേകം കഥകൾ ഉണ്ടായി.. രുദ്രൻ ശിവനും വിഷ്ണു കൃഷ്ണനുമായി. ദാ എല്ലവരും എത്തിക്കഴിഞ്ഞു . നമുക്ക് നിറുത്താം അല്ലേ?” “വേണ്ട തിരുമേനീ,പറഞ്ഞു തുടങ്ങിയതു മുഴുവനാക്കൂ” “മാഷിന് സംശയം ഒന്നും ഇല്ലാത്തപോലെ,ചോദ്യങ്ങൾ ഒന്നും വരുന്നില്ലല്ലോ?” അല്പജ്ഞാനം അപകടമല്ലേ തിരുമേനീ,എനിക്ക് ഈ വിഷയത്തിൽ വലിയ പരിചയമില്ല,പിന്നെ എങ്ങിനെ ചോദ്യം വരും? എന്നാലും ചോദിക്കട്ടെ കളിയാക്കരുത്” “ങും ചോദിച്ചോളൂ” ബുദ്ധമതവും ,ജൈനമതവും ഇക്കാലത്തല്ലേ ഉണ്ടായത്? ബുദ്ധമതക്കാർ ഒരു പ്രത്യേക വർഗ്ഗക്കാരായിരുന്നു എന്നും വേദിസ്റ്റുകൾ മറ്റൊരു വർഗ്ഗക്കാരയിരുന്നു എന്നും കേട്ടിട്ടുണ്ട്.ശരിയാണോ?” അതേ,അതെ. ചാർവകകരും അപ്പോഴാണ് ഉണ്ടായത്.ഒരു വിപ്ലവം ഉണ്ടാകുമ്പോൾ അതിന് പല മുഖങ്ങൾ ഉണ്ടാവാം. ചിലതൊക്കെ മനസ്സിലാക്കൻ അക്കാലത്തെപ്പറ്റിയുള്ള സൂഷ്മമായ അറിവ് ആവശ്യമാണ് അങ്ങിനെ ഒരറിവ് നമുക്ക് ഇപ്പോൾ ലഭ്യമല്ല. വിഷ്ണുവിനെ ആരാധിച്ചിരുന്ന വൈഷ്ണവർക്ക് മൃഗങ്ങളെ ബലികൊടുക്കുന്നതിലും,യജ്ഞം നടത്തുന്നതിലും എല്ലം എതിർപ്പുണ്ടയിരുന്നു എന്നു വേണാം അനുമാനിക്കാൻ.ഇത് വെറും അനുമാനം മാത്രമാണ്‌ട്ടോ . ഭക്തിയോടെ വിഷ്ണുവിനെ സ്തുതിക്കുകന്നതാണ് മുക്തിയുടെ മാർഗ്ഗമായി അവർ കണ്ടത്.എല്ല ജീവജാലങ്ങളേയും സ്നേഹിക്കുക എന്ന ഉന്നത തത്വത്തിൽ വിശ്വസിച്ചിരുന്നവരാണ് ബുദ്ധമതക്കാരും ജൈനന്മാരും. പക്ഷേ ബുദ്ധ മതത്തിൽ പിന്നീട് സംഭവിച്ച ആർഭാട ഭ്രമവും ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമവും,ശ്രീബുദ്ധനെ ദൈവമാക്കി സങ്കല്പിക്കാനുള്ള വ്യഗ്രതയും അതിനെ വേദിസ്റ്റുകളോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.മാത്രമല്ല ബുദ്ധമതത്തേയും ജൈനമതത്തേയും പരിപോഷിപ്പിച്ചിരുന്ന രാജകീയ സാന്നിദ്ധ്യം കുറഞ്ഞു വന്നതും ഭാരതത്തിൽ ഇവർക്ക് ഉണ്ടയിരുന്ന തായ് വേരു പോലും ഇല്ലാതാവാൻ ഇടയാക്കി.കൂടാതെ വേദിസ്റ്റുകളുടെ നവോത്ഥാനവും ഒരു കാരണക്കാമയിരുന്നിരിക്കാം. ബുദ്ധ- ജൈനമതങ്ങൾ തകർന്നു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്ത് വേദിസ്റ്റുകൾവളരാൻ തുടങ്ങി. ശൈവ ശക്തേയ -വൈഷ്ണവ മതങ്ങളോട് ഒട്ടി നിന്നല്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസ്സിലാക്കിയ വേദിസ്റ്റുകളാണ് പരമോന്നത ദൈവത്തിന് സൃഷ്ടി-സ്തിതി-സംഹാരം എന്നി മൂന്നു ഭാവങ്ങളും അവയുടെ പ്രതീകമായി ബ്രഹ്മാവ് -വിഷ്ണു-ശിവൻ എന്നീ ത്രിമൂർത്തി സങ്കല്പവും ഉണ്ടാക്കിയത്. ഈ ലയനത്തിൽ കൂടി ഹിന്ദുമതം എന്ന സങ്കല്പം യഥാർത്ഥമായങ്കിലും അതിൽ ഉൾപ്പെട്ടിരുന്നവർ വിവിധ ആചാരാനുഷ്ഠാനങ്ങൾ അനുകരിക്കുന്നവരും,വ്യത്യസ്ത ചിന്താഗതിക്കാരും ആയിരുന്നു. വേദസംഹിതകളിലെ ആശയപ്രമാണങ്ങൾ മാത്രമാണ് ശരിയെന്നു വിശ്വസിച്ചിരുന്ന വേദിസ്റ്റുകൾ വേദങ്ങൾ പഠിപ്പിക്കാനും. പഠിപ്പ് പൂർത്തിയാക്കിയവർ മറ്റുള്ളവരിൽ നിന്നും വിഭിന്നരാണെന്ന് കാണിക്കാനായി പൂണൂൽ ധരിക്കാനും തുടങ്ങിയിട്ടുണ്ടാവാം-നമ്മുടെ കറാട്ടെ വിദഗ്ധരുടെ ബ്ലാക്ക് ബെൽറ്റ് മാതിരി ഒരടയാളം.പിന്നിട് വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും ഒരു ജന്മാവകശം പോലെ മാറിയതാവണം. കൂടാതെ അപ്പോഴേക്കും ശക്തിനേടിക്കഴിഞ്ഞ ശാക്തേയ-വൈഷ്ണവ-ശൈവമതങ്ങളിൽ നിന്നും ആരെങ്കിലും വേദം പഠിച്ച് പൂർത്തിയാക്കിയാൽ അവരും പൂണൂൽ ധരിക്കണമെന്ന ഏർപ്പാടിനോട് ആർക്കും എതിർപ്പും ഇല്ലാതിരുന്നിരിക്കണം. ഇങ്ങനെ ഉണ്ടായ ഹിന്ദുമതത്തിൽ വൈഷ്ണവമതത്തിൽ നിന്നുള്ളവർ വിഷ്ണുവിനും,ശൈവമതത്തിൽ നിന്നുള്ളവർ ശിവനും കൂടുതൽ പ്രാധാന്യം നൽകി. ഇതാവാം വേദിസ്റ്റുകൾ പ്രാധാന്യം കൊടുത്തിരുന്ന ഇന്ദ്രന്റെ സ്ഥാനം ക്രമേണ ഇല്ലാതാവാൻ കാരണം.ഞാൻ പറഞ്ഞതൊന്നും അടുക്കും ചിട്ടയിലും ആയില്ല അല്ലേ മാഷേ? എന്തെങ്കിലും അബദ്ധം പറഞ്ഞുവോ ആവോ? പ്രായാധിക്യം കൊണ്ട് ഓർമ്മകേട് വന്നിട്ടും ഉണ്ടാവാം എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിയ്ക്ക.” “കൊള്ളാം.തിരുമേനി എന്താ ഇങ്ങിനെ ഒക്കെ പറയുന്നത്. ഒന്നും ഒന്നും അറിയാത്ത എനിക്ക് എഴുതപ്പെട്ട ചരിത്രങ്ങളില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നിട്ട് ക്ഷമ ചോദിക്കുകയോ? എന്റെ കടപ്പാട് എങ്ങിനെയാണ് പറഞ്ഞറിയിക്കുക.” “മാഷ് ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ഞാനോ അതിവേഗം ബഹുദൂരം പിന്നോട്ട് ഓടുകയുമായിരുന്നു” ബസ്സ് അപ്പോഴേക്കും പണിതീരാത്ത ലോഡ്ജിനു മുമ്പിൽ എത്തിയിരുന്നു. “നമുക്കിറങ്ങാം തിരുമേനീ. ഞാൻ സഹായിക്കാം.” “വേണ്ടാ ട്ടോ. എല്ലാം സ്വയം ചെയ്യണമെന്ന നിർബന്ധ ബുദ്ധി ഇപ്പോഴും കൂടെയുണ്ട്. ഇനീം എത്ര കാലം സംശയമുള്ളൂ”

2008, നവംബർ 10, തിങ്കളാഴ്‌ച

സ്വപ്ന സഞ്ചാരങ്ങളിലൂടെ ഭാഗം-3

രംഗം 3 അനിശ്ചിതമായ എന്തിനേയോ തേടി അനന്തമായ യാത്ര തുടരുകയാണ്. ചുറ്റും ചോളവയലുകൾ പച്ചവിരിച്ചതു പോലെ നീണ്ടുനിവർന്ന് കിടന്നിരുന്നു. കുറേ ദൂരം പോയപ്പോൾ മെയിൻ റോഡിനരുകിൽ നാലഞ്ച് തേക്കുമരങ്ങളും ചോലമരങ്ങളും നട്ടുപിടിപ്പിച്ചിരുന്ന സ്ഥലം. ചോലമര ചുവട്ടിൽ ഒരു വടക്കേ ഇന്ത്യൻ കുടുംബം തറയിൽ ഷീറ്റുവിരിച്ച് ആഹാരം കഴിക്കുന്നു. അതിനരികിലൊരു നാടൻ ഹോട്ടൽ. അവിടെ ഞങ്ങൾക്ക് ഒരു മേശയും ഏതാനും കസേരകളും ഉപയോഗിക്കാൻ അനുവാദം കിട്ടി. എല്ലാവരും ഇഷ്ടം പോലെ, തൃപ്തിയോടെ കഴിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ രവിയും, ജനാർദ്ദനനും വിളമ്പാനായി കാ‍ത്തുനിന്നു. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിലിരുന്ന് കഴിച്ചു ശീലിച്ച സ്വാദിഷ്ടമായ കേരളഭക്ഷണം കിട്ടുമ്പോഴുള്ള സന്തോഷം എങ്ങിനെയാണ് പറഞ്ഞു ഫലിപ്പിക്കുക! എന്തും നിറഞ്ഞ മനസ്സോടെ ചെയ്യുമ്പോഴാണല്ലോ തൃ പ്തിയുണ്ടാവുക. വിശക്കുമ്പോൾ രുചിയുള്ള ആഹാരം സസ്സന്തോഷം വിളമ്പിയനുഗ്രഹിച്ചിരുന്ന ഈ മുഖങ്ങളെ ഒരിക്കലും മറക്കാൻ ആവില്ല. സൃഷ്ടിയുടെ രഹസ്യങ്ങൾ തേടിയലഞ്ഞ വ്യക്തികൾ ശക്തന്മാരായിരുന്നു. വ്യക്തികളുടെ കനത്തസംഭാവനകളിലൂടെയാണ് മാനവസംസ്കാരത്തിsâയും ശാസ്ത്രത്തിsâ യും പുരോഗതി. ശ്രിദ്ധിസായിബാബയും അങ്ങിനെയൊരു അതിമാനുഷ നായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ സംഭാവനകൾ എന്തു തന്നെ ആയിരുന്നാലും അദ്ദേഹം ജനിച്ചു ജീവിച്ചിരുന്ന ആ പ്രദേശം ഒരു ചെറിയ നഗരം ആയി ക്കഴിഞ്ഞിരിക്കുന്നു. മനുഷ്യ സമുദായത്തിന് നന്മ ചെയ്യുന്നവരെല്ലാം-അത് ക്രിസ്തുവായാലും, ബാബയായാലും രാമനായാലും,നബിയായാലും വാഴ്ത്തപ്പെടേണ്ടവരാണ്. ഔന്നത്യമുള്ള വ്യക്തികൾക്കു മാത്രമേ സമുദായത്തി ന്റെഒഴുക്ക് നിയന്ത്രിക്കാനാവൂ .അവരേതു മേഖലകളിൽ പ്രവർത്തിക്കുന്നു എന്നത് അപ്രസക്തമാണ്. ഇവിടെ യുക്തിക്കല്ല വ്യക്തിപ്രഭാവത്തിനാണ് പ്രാധാന്യം. ജന്മനാ കിട്ടുന്ന വിശേഷബുദ്ധിയും, തീഷ്ണാനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന പ്രായോഗിക വീക്ഷണവും കൂടി ചേർന്ന് ഉരുകി സ്പുടം ചെയ്തു വരുമ്പോഴാണ് വിശിഷ്ട വ്യക്തികൾ ഉണ്ടാവുന്നതും ,ജീവിക്കുന്നതും. ജനകോടികൾ ജീവിക്കുന്നില്ലല്ലോ! പുഴുക്കളേപ്പോലെ ഇഴയാനല്ലേ കഴിയൂ. കായൽ‌പരപ്പിലെ പായലുകളെപ്പോലെ കാറ്റിനൊത്ത് ഒഴുകി അലഞ്ഞു നടക്കാനും. വി.ഐ.പി. മാർക്കുള്ള പ്രത്യേക വഴിയിലൂടെ ഞങ്ങൾ സായിബാബ അന്ത്യവിശ്രമം കൊള്ളുന്ന മണ്ഡപത്തിലെത്തി. . ബാബയെ ദൈവമാക്കനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.ഇനി കാലമാണ് എല്ലാം നിശ്ചയിണ്ടത്. അത് കാലത്തിനു വിടുക. തിരിച്ച് പോർട്ടിക്കോയിൽ എത്തിയപ്പോൾ ശ്രീമാൻ നാരയണ ന്റെ ചെരിപ്പുകൾ കാണാനില്ല. ആരോ മാറി എടുത്തിരിക്കുന്നു. “എല്ലാം അടിച്ചുമാറ്റാൻ വെമ്പൽകൊള്ളുന്ന ജനനേതാക്കൾക്ക് എത്ര നിസ്സരമാണ് ഒരു ജോടി ചെരിപ്പുകൾ!” എല്ലാവരും ബസ്സിൽ തിരികെ എത്തിയപ്പോൾ അയ്യരുടെ വക കമന്റ്. ‘ഒരു ചെറിയകാര്യത്തിന് ഇത്രയും വലിയ ഫിലോസഫി വേണോ സ്വാമീ?’ അന്തർജനത്തിന്റെയാണ് ചോദ്യം.അരബി രംഗപ്രവേശം ചെയ്തതോടെ കർട്ടൻ വീഴുന്നു. വീണ്ടും കർട്ടൻ ഉയർന്നു. ഗയിഡും ഗാർഡിയനും ഫിലോസഫറുമൊക്കെയായ അരബി രംഗത്തുണ്ട്.അദ്ദേഹം മൈക്ക് എടുത്ത് പ്രസംഗം ആരംഭിച്ചു.” നമ്മാൾ ഇനി പോകുന്നത് അത്യപൂർവമായ ആചാരാനുഷ്ഠാനങ്ങളുള്ള ഒരു പ്രദേശത്തെ ക്ഷേത്ര സന്നിധിയിലേക്കാണ്‌ ശനീശിങ്കപ്പൂരിലെ ശനീശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തി ന്റെ 5 കി.മി.ചുറ്റളവിലുള്ള വീടുകൾക്കും കടകമ്പോളങ്ങൾക്കും മറ്റുകെട്ടിടങ്ങൾക്കും ഒന്നും ഒരു വി ധവാതിലുകളും ഇല്ല. എങ്കിലും അവിടെ മോഷണം നടക്കാറില്ലത്രേ! എല്ലാവർക്കും പ്രവേശനം ഉണ്ടെങ്കിലും പുരുഷന്മാർക്കുമത്രം പൂജാസാമഗ്രികൾവാങ്ങി അവർ തരുന്ന കാവിമുണ്ടും ധരിച്ച് കുളിച്ചീറനായി വന്ന് സ്വയം പൂജ ചെയ്യാം. സ്ത്രീകൾക്ക് പൂജചെയ്യാനാവില്ല. പകരം ഒരു പുരുഷനെക്കൊണ്ട് പൂജചെയ്യിക്കാം.” അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ശനീശ്വരൻ കോവിലിലെത്തുകയും പുരുഷന്മാരിൽ ചിലർ പൂജ ചെയ്യാനായി ഒരുങ്ങിയ സമയം കൊണ്ട് ഞാൻ പരിസരം ശ്രദ്ധിച്ചു. കടകൾക്കോ,വീടുകൾക്കോ,മറ്റേതെങ്കിലും കെട്ടിടങ്ങൾക്കോ ഒരുവിധത്തിലുള്ള വാതിലും ഉണ്ടായിരുന്നില്ല. തുറന്ന സ്ഥലത്ത് ഇംഗ്ലീഷിൽ ഒന്ന് [1] എന്ന് എഴുതിയതുപോലെ ഒരു അടയാളമുണ്ടെന്നു തോന്നുന്ന വളരെ വലിപ്പമുള്ള ഒരു കരിങ്കല്ലിൽ പൂജാസമഗ്രികളുടെ കൂടെയുള്ള എണ്ണ അഭിഷേകം ചെയ്യുന്നതാണ് പ്രധാന വഴിപാട്. അതിനു വേണ്ടി ഒരു വശത്ത് കെട്ടി യിട്ടുള്ള ഒരു പീഠവും അതിലേക്ക് കയറാനായി പടികളും ഉണ്ടായിരുന്നു. പത്തും ഇരുപതും ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ എണ്ണയുമായെത്തിയ ഭക്തർ കുറവായിരുന്നില്ല. കറുത്ത മുണ്ടും ബനിയനും ധരിച്ച ഒരാൾ വേണ്ടിവന്നാൽ സഹായിക്കാനായി അഭിഷേകം ചെയ്യുന്നതിനു തൊട്ടടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു അഭിഷേകം കഴിക്കുന്ന എണ്ണ മുഴുവൻ എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ കഴിഞ്ഞില്ല. തിരികെ ബസ്സിൽ വന്നിരുന്നു. പൂജകഴിക്കാൻ പോയവർ തിരികെ എത്തുന്നതുവരെ വിശ്രമിക്കാനായത് വളരെ ആശ്വാസമേകി. വൈകിട്ട് മുറിയിൽതന്നെ ആഹാരം എത്തിച്ചതുകൊണ്ട് എവിടെയ്ക്കും പോകേണ്ടി വന്നില്ല.രാജീവിനോട് ചോദിച്ചപ്പോൾ അരബിന്ദോയുടെ നിർദ്ദേശമാണെന്നറ്രിഞ്ഞു. കയ്യിലിരുന്ന ഷീറ്റ് വിരിച്ച് ഉറങ്ങാനായി പിന്നത്തേ ശ്രമം പിറ്റേന്ന് പൈപ്പിൽ നിന്നു കിട്ടുമെന്ന് പറഞ്ഞിരുന്ന ചൂടുവെള്ളത്തിന് കാത്തിരുന്നു മടുത്ത്അപ്പോൾ തണുത്ത വെള്ളത്തിൽതന്നെ ഉഗ്രൻ ഒരു കുളി പാസാക്കി . പ്രഭാത ഭക്ഷണം റഡിയായി എന്ന അരബിയുടെ അറിയിപ്പിനു പിറകെ തന്നെ ബ്രഡ്ഡും,ഉപ്പുമാവും, കടലക്കറിയും എത്തിയതിനാൽ വളരെ അധികം സംതൃപ്തിയോടെ അരബി വിശേഷിപ്പിക്കുന്ന ‘പുതുപുത്തൻ ബസ്സിൽ‘കയറി സഹയാത്രികരോടൊപ്പം ഇരിപ്പായി. അരബി എത്തിയതും ബസ്സ് പുറപ്പെട്ടു. പണിതീരാത്ത ലോഡ്ജിsâ ഗുണഗണങ്ങളേ കുറിച്ച് ആരൊക്കെയോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. പതിവ് ആമുഖ പ്രസംഗത്തിനു പകരം അയ്യരുടെ വക ക്വിസ്സ് പ്രോഗ്രാമോടെയായിരുന്നു തുടക്കം. പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള ക്വിസ്സ് തുടങ്ങിയപ്പോൾ എല്ലവരും ഉഷാറയി. എങ്കിലും ക്വിസ്സ് മാസ്റ്റർ തന്നെ പലപ്പോഴുമുത്തരം പറയേണ്ടിവന്നതുകൊണ്ട് അരബിയുടെ പ്രോത്സാഹനം ഉണ്ടായിട്ടുകൂടി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഏറ്റവും അധികം ശരിയുത്തരം പറഞ്ഞ അന്തർജനത്തി ന്റെ പ്രകടനമായിരുന്നു അല്പമെങ്കിലും ആശ്വാ‍സമായത്. ലോഡ്ജിൽ നിന്നും150 കി.മി. സഞ്ചരിച്ച് ഒരു ചെറിയ പൂന്തോട്ടത്തിൽ എത്തിയപ്പോൾ അരബി പറഞ്ഞു”ഇനി ന്മുക്ക് മഹാരാഷ്ടാ ടൂറിസ്സം വക ബസ്സിലാണ് പോകേണ്ടത്.ലക്ഷ്വറി ബസ്സിന് 15-ഉം സാദാബസ്സിന് 10-ഉം ഉറുപ്പിക യാണ് ചാർജ്ജ്.അവരവർ ടിക്കറ്റ് വാങ്ങി ബസ്സിൽ കയറണം. എല്ലവരും സാദാബസ്സിൽ കയറാൻ ടിക്കറ്റ് വാങ്ങി. വളരെ കുറച്ചു സമയമേ അജന്താ ഗുഹകളുടെ സമീപം എത്താൻ എടുത്തുള്ളു .ഇനി ദാ ഈ കുന്നു കയറി മറുവശത്ത് എത്തിയാൽ ഗുഹാമുഖമായി. അവിടെ എത്തിയപ്പോഴാണ് അകത്തു കയറനുള്ള ടിക്കറ്റ് ആരും വാങ്ങിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. വളരെ വേഗത്തി ൽ അരബി തിരികെ പോയി ടിക്കറ്റുമായി എത്തി. ഉദ്ദേശം 2500 വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കല്ലിൽ കലകൾ രചിക്കാൻ തുടങ്ങിയിരുന്നു. കല്ലിൽ ഗുഹകൾ നിർമ്മിക്കുന്ന വാസ്തു വിദ്യയുടെ തുടക്കം ഈജിപ്തിലും, അസ്സിറിയയിലും,ഇറനിലിലും, ഗ്രീസ്സിലും ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭാരതത്തിൽ വികസ്സിച്ചു വിടർന്ന മാതിരി ഈകല മറ്റൊരു രാജ്യത്തും വികസ്സിച്ചിട്ടില്ല എന്നത് അഭിമാനിക്കത്തക്കതു തന്നെയാണ്.ബി.സി. 800നും എ.ഡി. 1100 നും ഇടക്ക് ഭാരതത്തി ന്റെ എല്ലാ കോണിലും പടർന്നു പന്തലിച്ച ഒരു സൃഷ്ടിയായി വേണം ഇതിനെ കരുതാൻ. ഉത്തരമഹാരഷ്ട്രയിൽ ഏകദേശം 300 കി.മി. ചുറ്റളവിൽ മാത്രം എത്ര എത്ര ഗുഹാക്ഷേത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.പ്രത്യേകിച്ചും നാസിക് ജില്ലയിൽ. ഒരു പക്ഷേ ഡക്കാൺ പീഠ ഭൂമിയിൽ അതിനു യോജിച്ച പാറകളുടെ ശേഖരം ഉള്ളാതാവാം ,അനവധി ഗുഹകാൾ ഒരുമിച്ച് കാണപ്പെടാനുള്ള പ്രധാനകാരണം.അന്ന് ഇതേപോലെ തടിയിൽ നിർമ്മിച്ചിട്ടുണ്ടയിരുന്ന ക്ഷേത്രങ്ങളുടെ ഒരനുകരണമായിട്ടു വേണം ഈ ഗുഹകളെ കാണേണ്ടത്.തടിയിൽ നിർമ്മിച്ചവ എളുപ്പത്തിൽ നശിക്കുന്നവയാണല്ലൊ! കല്ലിലായപ്പോൾ അതി ന്റെ സൌന്ദര്യം ഇന്നും നമുക്ക് അനുഭവവേദ്യമായി തുടരുന്നു. ഈ കല്ലിലെ ഗുഹകളെ ചൈതന്യങ്ങളെന്നും , വിഹാരങ്ങളെന്നും അറിയപ്പെടുന്നു. ചിതന്യങ്ങളുടെ പ്രധാനഘടന വലിയ കെട്ടുവള്ളങ്ങളുടേതു പോലുഉള്ള വളഞ്ഞ മേൽക്കൂരയും, വശങ്ങളിൽ മേൽക്കൂരയെ താങ്ങി നിറുത്താനെന്നപോലെയുള്ള തൂണുകളും,തൂണുകൾക്ക് അപ്പുറമായി ചെറിയ മുറികളുമായിട്ടാണ്. ഈ ചെറിയ മുറികളിലായിരുന്നിരിക്കാം ബുദ്ധസന്യാസികൾ പ്രാർത്ഥനയോടെ ദിവസ്സങ്ങൾ കഴിച്ചുകൂട്ടിരുന്നത്. പ്രവേശന കവാടത്തി ന്റെ നേരെ എതിരെ ഉള്ളിലായി ഏറ്റവും അറ്റത്തുള്ള പവിത്ര സ്ഥാനത്ത് താമരയുടേയോ, മാനിന്റേയോ രൂപങ്ങൾ കൊത്തിവച്ചിട്ടുള്ള ഒരു പീഠത്തിൽ ശ്രീബുദ്ധ ന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഒരോ ഗുഹയിലും ഓരോ ഭാവങ്ങളിലുള്ള ബുദ്ധപ്രതിമകളാണ് കാണുക. എല്ലാ ഗുഹകൾക്കും, ഗുഹാമുഖത്തെ ഒന്നായിചിത്രീകരച്ചിരിക്കുന്ന ലേഔട്ടിനും കുതിര കുളമ്പിന്റെ അകൃതി ആയിട്ടാണ് എനിക്കു തോന്നിയത്. പിന്നിട് വ്യൂപോയിന്റ് എന്ന സ്ഥലത്ത് നിന്നും അ തോന്നൽ ശരിയായിരുന്നു എന്ന് മനസിലായി. അജന്തയിലെ 9ഉം 10ഉം ഗുഹകൾ പ്രസിദ്ധങ്ങളാണ്. വിശാലമായ പൂമുഖത്തു നിന്നു നോക്കിയാൽ പരസ്പരം ബന്ധിച്ചിട്ടുള്ള 3 എടുപ്പുകൾ കാണാം.പിരമിഡിന്റെ മുകളിൽ കപ്പു കമഴ്ത്തി വച്ചതുപോലുള്ള മേൽക്കൂര,ചുറ്റും അനകളാൽ താങ്ങി നിരുത്തിയിരിക്കുന്നു. എന്ന് തോന്നുന്ന വിധത്തിലാണ് പണിതിരിക്കുന്നത്. വടക്കുഭാഗത്തായി തുമ്പികൈ നഷ്ടപ്പെട്ട ഒരാനയും അതിനടുത്ത് ഒരു സ്തൂപവും കാണാനായി. ചുവരുകളിൽ ശിവകഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഒരോ രൂപവും കൊത്തുപണികളാൽ സൌന്ദര്യവൽക്കരിച്ചിരിക്കുന്നത് കാണേണ്ടതു തന്നെയാണ്. കൂട്ടത്തിൽ വിഷ്ണുവിനെ വഹിക്കുന്ന ഗരുഢനും ,നരസിംഹാവതാരവും,രാവണന്റെ കൈലാസോദ്ധാരണവും…എല്ലാം അതിസുന്ദരം തന്നെ.മണ്ഡപത്തിനഭിമുഖമായിട്ടുള്ള നന്ദിയുടെ പ്രതിമക്ക് ഇരുവശങ്ങളിലുമായി ദ്വജസ്തംഭങ്ങളുമുണ്ട്. കല്ലിൽതീർത്ത ഒരു മഹാകാവ്യമായി മാത്രമേ കൈലാസ് ക്ഷേത്രത്തെ ആർക്കും കാണാൻ സാധിക്കയുള്ളു. 21ഉം 29ഉം ഗുഹകളും അതുശയിപ്പിക്കുന്നവ തന്നെ. മുതലയെ ആലേഖനം ചെയ്തിരിക്കുന്ന ഒരു പീഠത്തിൽ അനവധി സുന്ദരിമാരോടൊപ്പം നിൽക്കുന്ന ഗംഗാദേവിയുടേയും യമുനാദേവിയുടേയും ശില്പവും, വളരെ വിസ്തരിച്ച് ഒരു ചുമരിൽ കൊത്തിയിരിക്കുന്ന ശിവപാർവതീ കല്യാണവും എടുത്തു പറയാതെ വയ്യ. മൂന്നു വശത്തുനിന്നും കയറാവുന്ന തരത്തിലാണ് 29-മത്തെ ഗുഹയുടെ പ്രവേശന കവാടം. എട്ടു കൈകളുള്ള ശിവന്റെഒരു വലിയ പ്രതിമ കയറുന്ന ഉടനെതന്നെ വരാന്തയിൽ കാണാം. മറ്റൊന്ന് കോപം കൊണ്ട് എല്ലാം നശിപ്പിക്കാനൊരുങ്ങി നൃത്തം ചെയ്യുന്ന വിധത്തിലാണ്. ദ്വാരപാലകന്മാരെ ആലേഖനം ചെയ്ത വാതിലുകൾ നാലു ഭാഗത്തേക്കും ഉള്ള ഒരു ഗർഭഗ്രഹവും അതിനകത്തായി ഒരു വലിയ ശിവലിംഗ പ്രതിഷ്ഠയും പ്രതേകം ശ്രദ്ധിക്കപ്പെടുന്നതാണ്. ശ്രീരാമ സീതാസ്വയംവരം കൊത്തിയിട്ടുള്ള ഒരു ചുവരിനു താഴെ ഇരുന്ന് പലരും ഗ്രൂപ്പ് ഫോട്ടോഎടുക്കുന്നുണ്ടായിരുന്നു. നേരെ എതിരേ സ്വയംവരം വീക്ഷിക്കുന്നതായി തോന്നുന്നവിധം ശിവപാർവതിമാരുടേയും ചുവർ ലിഖിതം കാണാമായിരുന്നു. പിന്നീടുപോയ ജൈന ഗുഹകളിൽ (30-31-32) 39-മത്തെ ഗുഹയെ “ഛോട്ടാ കൈലാസ്” എന്നണത്രേ അറിയപ്പെടുന്നത്. ഇവയിൽ ദേവേന്ദ്രനും, ഇന്ദ്രാണിയും ഒക്കെയുള്ള സഭാമണ്ഡലവും ഒരു വലിയ ആനയും,കൊത്തുപണികളാൽ അലംകൃതമായ തൂണുകളും വളരെ അധികം തീർത്ഥങ്കര പ്രതിമകളും ഉണ്ടായിരുന്നു. മഹാവീരന്റേതെന്ന് കരുതുന്ന ഒരു മണ്ഡപത്തിന്റെമേൽകൂര വളഞ്ഞതും ഉൾവശം താമരയിതളുകൾ ഒരു പ്രതേക വിധത്തിൽ അടുക്കിയിരിക്കുന്ന പോലെ ചിത്രീകരിച്ചിരിക്കുന്നതും
പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ് തിരികെ വന്ന് അരബിയുടെ അടുക്കൽ നിന്നും പ്രത്യേക അനുമതിയോടെ ബുദ്ധഗുഹകൾ കാണാൻ പോയെങ്കിലും 12 ഗുഹകളിൻ വെറും രണ്ട് (10,12) എണ്ണം മാത്രം പുറമെനിന്നു കാണുന്നതിനുള്ള സമയമേ കിട്ടിയുള്ളു. അവയാകട്ടെ മൂന്നുനിലയുള്ള വലിയ വിഹാരങ്ങളായിരുന്നെങ്കിലും കോൺക്രീറ്റുകെട്ടിടത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു. തിരിച്ചെത്തി പുറപ്പെടാൻ തയ്യാറെടുത്തിരുന്ന ബസ്സിൽ കയറി ആദ്യം കണ്ട സീറ്റിൽ ഇരുന്നു. “ഇനി ഗ്രീഷ്മേശ്വരത്തേക്കാണ്‌ യാത്ര” ബസ്സ് നീങ്ങിയതും അരബിയുടെ വക അനൌൺസ്മെന്റ് ഉണ്ടായി

2008, നവംബർ 8, ശനിയാഴ്‌ച

സ്വപ്നസഞ്ചാരത്തിലൂടെ രംഗം 2

കൈയ്യിലിരുന്ന തോൽ‌സഞ്ചിക്ക് ജീവൻവച്ച മാതിരി സ്വയം ഊർന്ന് താഴേക്കിറങ്ങി. അചേതനങ്ങളായ വസ്തുക്കൾ മനസ്സിന്റെ മാസ്മരവിദ്യയാൽ സചേതനങ്ങളാകുമെന്ന് പറഞ്ഞ ബോധാനന്ദന്റെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. സംഭവം ശരിയാണ്. കൈയ്ക്ക് ക്ഷീണം സംഭവിച്ചപ്പോൾ അബോധ മനസ്സ് തലച്ചോറിലേക്ക് ഒരു എസ്സ്. എം. എസ്സ്.അയച്ചു. ‘കൈ അല്പം താഴ്‌ത്തു ’ കൈ അല്പം താണു. സഞ്ചി ഊർന്ന് താഴെപ്പോയി. “സചേ തനങ്ങളായ ആ കണ്ണുകളെ അചേതനങ്ങളാക്കാൻ എന്താ വഴി ?” വിണ്ടും മനസ്സിനോടുതന്നെയാണ് ചോദ്യം.അഴുക്കു ചാലിന്റെ ദു‌ർഗന്ധം മനസ്സനെ വല്ലാതെ വീർപ്പുമുട്ടിച്ചതോടെ ചോദ്യം അപ്രത്യ ക്ഷമായി. “ദാ ഈ ചാലി ന്റെ തീരത്തു കൂടി ഒരു കി.മി. നടന്നാൽമതി നമുക്ക് ലോഡ്ജിലെത്താം.” ഗയിഡ് എല്ലാവരോടുമായി പറഞ്ഞു . വീണ്ടും സഞ്ചി തോളിൽ തൂക്കി ബാഗും എടുത്ത് നടന്നു. മൂക്കുപൊത്തികൊണ്ടാണ് നടന്നതെങ്കിലും അഴുക്കുചാലിന്റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. “ബാഗ് എടുക്കാൽ പ്രയാസമുണ്ടോ? ” അരബിന്ദോ കുശലം ചോദിച്ചു. “ഓ ഇതൊന്നും സാരമില്ല” . ഇതിൽ കൂടുതൽ ഭാരം ശരീരത്തീലും മനസ്സിലും ഏറ്റി നടന്നവനാണീയുള്ളവൻ എന്ന ധ്വനി ഉണ്ടാക്കുവാനുള്ള വ്യർത്ഥമായ ശ്രമം. പഴയ കഥകൾ പറഞ്ഞ് സഹയാത്രികരെ ബോറടിപ്പിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ‘പാപമെന്ന് പറയൂ’ മനസ്സിന്റെ ഉള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ ഉണർത്തി. ബോധാനന്ദൻ പോയി തുലയട്ടെ. എങ്ങിനെ എങ്കിലും റൂമിലൊന്ന് എത്തികിട്ടിയാൽ മതി. ഈനാറ്റം സഹിക്കാനാവുന്നില്ല. എന്റെ മനസ്സിന്റെ നാറ്റമല്ലേ എന്നായി അടുത്ത ചിന്ത. ഈ വൈരുദ്ധ്യാത്മക മനസ്സിനെ കൊന്നാലെ നിനക്കു മോക്ഷമുള്ളൂ. വീണ്ടും ബോധാനന്ദൻ അശരീരിയായി പ്രത്യക്ഷപ്പെടുന്നു. ഈ ഗന്ധം സത്യമാണ് എന്ന് മുറിക്കുള്ളിൽ എത്തിയപ്പോൾ മനസ്സിലായി. ആരോടു പറയാൻ? അരബിയോട് ഉണർത്തിച്ചപ്പോൾ “ ഇതൊന്നും സാരമില്ല മാഷേ! സഹിക്കുകയേ നിവർത്തിയുള്ളു. റൂമുകൾ ബുക്കു ചെയ്തത് ജി.എം. ആണ് ” എന്റെ മനസ്സിനുള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ അരബിയിലും കൂടിയോ? ആത്മാവിന് കാലുണ്ടോ? ഇത്ര എളുപ്പം കാലുമാറ്റം സംഭവിക്കുമോ?. സീതയെ നഷ്ട പ്പെട്ട് വിഷണ്ണനായി പഞ്ചവടിയിൽ നിന്ന രാമനെപ്പോലെ എന്നെ കണ്ട പ്പോൾ ബസ്സിലെ അയൽക്കാരൻ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു “കേട്ടോ മാഷേ എന്റെ റൂം ഉഗ്രൻ. എല്ലാ സൌകര്യങ്ങളും ഉണ്ട്. യൂറോപ്യൻ ക്ലോസെറ്റ്, എ.സി.,റ്റി.വി, ഫ്രിഡ്ജ് എല്ലാം നല്ല കണ്ടീഷനിൻ. ബഡ്ഡ് ആണെങ്കിലോ ഉഗ്രൻ. കിടന്നാൽ അ റിയാതെ ഉറങ്ങിപ്പോകും. വിൻഡോസ് തുറന്നാൽ നല്ല ഫ്രഷ് എയർ കിട്ടും. ഞാൻ പറഞ്ഞില്ലേ ജി. എം.എന്റെ ഫ്രണ്ട് ആണ് . ഒരേ നാട്ടുകാർ. ഒരു പക്ഷേ ജി.എം. നേരത്തേ തന്നെ അരബിന്ദോയോട് ഓർമ്മിപ്പിച്ചിട്ടു ണ്ടാവും. മാത്ര മല്ല ഞങ്ങൾ ഒരേ ജാതിക്കാരും അകന്ന ബന്ധുക്കളും ആണ്. ” എന്തായിതു കഥ ? ഒരു യാത്രയും ജാതി മത ദേശ ഭേദങ്ങൾക്ക് അതീതമല്ലന്നോ? യാത്രികൻ ജനിക്കുന്നതേ ഈ കവച കുണ്ഡലങ്ങളോടെ ആണെന്നോ? എല്ലാം ദാനം ചെയ്യാനുള്ള മനസ്സുമായല്ലേ യാത്ര ആരംഭിക്കേണ്ടത്? ഈ ബോറഡി മാറ്റി നമുക്കൊന്ന് ഉഷാറാവേണ്ടേ? ചോദ്യം അരബിയുടേതായിരുന്നു .നമുക്കൊരു കസേല കളി ആയാലോ? കസേല കളി എമ്മെല്ലേമാർക്കും മന്ത്രിമാർക്കും മാത്രം അറിയാവുന്ന ഇൻഡോർ- ഔട്ട്ഡോർ കോമ്പിനേഷനിൽ പെടുന്ന ഒരു വിശിഷ്ട ഗയിം അയിട്ടാണ് അറിയപ്പെടുന്നത് .തൊലിക്ക് ആമയുടേതുപോലെ കട്ടിയുണ്ടെങ്കിലും ദുർബലമായ കഴുത്തും തലയും പുറത്തിടാതെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. പൂന്തോട്ടം റോന്തുചുറ്റി ആസ്വദിച്ചതിനു ശേഷം എല്ലാവരും ശകടത്തിലായി.എന്നെ കണ്ടപ്പോൾ എഴുത്തുകാരി കാര്യമായെന്നോണം ചോദിച്ചു .“മാഷിന് എന്തു പറ്റി? കണ്ടതേയില്ലല്ലോ? ” അതേ ചോദ്യം മറ്റെല്ലാവരും ഏറ്റുപാടി.എന്റെ നിശബ്ദത ആർക്കും രസിച്ചിട്ടുണ്ടാവില്ല. പ്രതികരിക്കാൻ ശക്തിയില്ലാത്ത ഒരു പ്രതിമ പോലെയായിരുന്നു എന്റെ മുഖം ങേ! ഞാൻ ഉറങ്ങിയോ? അതോ ഇപ്പോഴും യാത്രയിലാണോ? ദാ എത്തിയിരിക്കുന്നു ത്രയംബകം ക്ഷേത്രത്തിൽ. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലേതുപോലെ ചുറ്റുമതിലും പ്രാകാരങ്ങളുമുള്ള ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർ ലിംഗ ശിവക്ഷേത്രങ്ങളിൽ ഒന്നാണത്രേ. നട അടച്ചിരിക്കുന്നു. ഒരു കൂട്ടർക്ക് ശ്രീകോവിലിനത്ത് പോകാണമെന്നുണ്ട്. അതിനൊന്നും സമയമില്ലെന്ന് മറ്റൊരുകൂട്ടർ. സംഘനായകനും എല്ലാവർക്കും വഴികാട്ടിയുമായ അരബിന്ദോ നിർദ്ദേശിച്ചു.“ പ്രധാന പ്രതിഷ്ഠ ഇന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നുണ്ട്. ദേവൻ ആറാട്ടിനു പോകുമ്പോൾ നമുക്ക് എല്ലാവർക്കും നേരിട്ടു കാണാം. അനുഗ്രഹം തേടാം.എന്താ അതു പോരേ?” എല്ലാവരുടേയും മൌനം സമ്മതമായിക്കരുതി അരബിയും കൂടരും ആറാട്ടുകടവിലേക്ക് മാർച്ച് ചെയ്തു. അപ്പോഴാണ്‌ ഇന്നു തിരുവാതിരയാണെന്നു പറഞ്ഞ് രാവിലേതന്നെ ശ്രീമതി മീനാക്ഷിയമ്മ മഞ്ഞളും കുങ്കുമവും സ്ത്രീകൾക്കിടയിൽ വിതരണം ചെയ്ത കാര്യം ഓർമ്മയിൽ എത്തിയത്.നാട്ടിൽ പണ്ടൊക്കെ തുടിച്ചു കുളിക്കുന്ന ദിവസ്സമാണല്ലോ തിരുവാതിര. ഇതാ ഇവിടെ ശിവനും ആറാടിക്കുളിക്കാൻ പോകുന്നു. പുല്ലു വാങ്ങി പശുക്കളേ തീറ്റിക്കുന്ന ഒരു ചടങ്ങ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ കണ്ടത് എന്നിൽ വലിയ അത്ഭുതമുളവാക്കി. പുല്ലിന്റെ ചെറിയ ചെറിയ കെട്ടുകളുമായി പാവപ്പെട്ട ഒരു പറ്റം സ്ത്രീകളും ചുറ്റും അവിടവിടെയായി കുറേ മാടുകളും നിന്നിരുന്നു. ആറാട്ടുകുളത്തിനു ചുറ്റും ഭക്തജനങ്ങൾ കാലേകൂട്ടി സ്ഥാനം പിടിച്ചിരിക്കുന്നു. ആറാട്ട് അടുത്തു കാണുന്നതിന്നായി വഴികാട്ടിയും കൂട്ടരും കുളത്തിന്റെ പടിഞ്ഞാറു വശത്തേക്ക് പോയപ്പോൾ ഞാൻ ബസ്സിലേക്ക് തിരിച്ചുപോന്നു. എല്ലവരും തിരിച്ചെത്തിയപ്പോൾ സഹയാത്രികനയ നമ്പൂതിരിയുടെ സ്വഗതം അല്പം ഉച്ചത്തിൽ തന്നെ പുറത്തുവന്നു. “ഇതു വരെ വന്നിട്ടും ശ്രീകോവിലിനുള്ളിൽ കയറാനായില്ലല്ലോ ഭഗവാനേ.” ആ മുഖത്ത് നിരാശയുടെ കരിനിഴലുകൾ വല്ലാതെ പടർന്നിരുന്നു.

2008, നവംബർ 5, ബുധനാഴ്‌ച

ഒരു സ്വപ്നസഞ്ചാരത്തിലൂടെ ഭാഗം 1

ഭാഗം1

വിചിത്രവും വിശിഷ്ടവും ആയ ഒരു അനുഭവമായാണ് ഞാൻ യാത്രയെ കാണുന്നത്. എവിടെയാണോ തുടക്കം അവിടെത്തന്നെയാണ് അന്ത്യവും. ആരംഭത്തിൽ തന്നെ അവസാനം വന്നു ഭവിക്കുമ്പോഴുണ്ടാവുന്ന ദുഃഖം ! വീണ്ടും ഒരു തുടക്കത്തിന്റെ പ്രതീക്ഷയിൽ കിട്ടുന്ന സന്തോഷം! എല്ലാമെല്ലാം വിചിത്രംതന്നെ. യാത്രയിലെ ഓർമ്മകൾവന്നു വീർപ്പുമുട്ടിക്കുമ്പോൾ മനസ്സ് പറയും “വേണ്ട വേണ്ട ഈ ഓർമ്മകളാണ് നിന്റെ ജീവൻ അത് അക്ഷര മാക്കാൻ നിനക്ക് കഴിയുകയില്ല“, ഈ തിരിച്ചറിവ്‌ മറ്റുപല കാര്യങ്ങളിലേയ്ക്കും ശ്രദ്ധപതിപ്പിക്കാൻ സഹായ‌കമാവുന്നു. പക്ഷേ ചെയ്യണം എന്ന് വിചാരിച്ചത് ചെയ്താലല്ലേ തപ്തിയാവൂ. ഊണ് കഴിഞ്ഞ് എഴുതാനുള്ള തീരുമാനത്തോടെ ചാരുകസ്സേരയിൽ ഇരിക്കുമ്പോഴും ചിന്തിച്ചത് പഴയ കഥകൾ പറഞ്ഞ് ആളുകളെ ബോറടിപ്പിക്കണോ , സ്വന്തം സർഗ്ഗശക്തിയെയും കഴിവിനേയും വിലയിരുത്തിയിട്ടുപോരേ എന്നൊക്കെ ആയിരുന്നു. മനസിന്റെ അജ്ഞാതകോണിൽ സുഖശയ്യയിൽ ഉറങ്ങുന്ന അനുഭവങ്ങൾ നൃത്തം വച്ചുവച്ച് അപ്രതീക്ഷിതവും അവിചാരിതവുമായ രീതിയിൽ തിളച്ചുമറിഞ്ഞ് ഒരു അഗ്നിപർവതം കണക്കെ പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതു പോലെ. എന്ത്! വികലമായ വേഷവും കരിപിടിച്ച മുഖവും അഴുക്കുപുരണ്ട വിരലുകളുമായി കമ്പാർട്ടുമെന്റുകളിലൂടെ ഇഴ്ഞ്ഞു നീങ്ങുന്ന പയ്യൻ ഞാൻ തന്നെയാണോ? ചിന്തകൾക്ക് രൂപംകൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നിമിഷം കൊണ്ടത് ചിതറി പ്പോവുകയാണല്ലോ “വനമാല വന്നല്ലോ?” കമ്പാർട്ടുമെന്റിൽ പൊട്ടിചിരിയുടെ അലയൊലി. ആരാണീ വനമാല? ചിരിക്കാൻ വളരെ ബുദ്ധിമുട്ടുന്ന മുഖവുമായിട്ടൊരു ചെറുപ്പക്കാരൻ . അയാൾ സ്വയം പരിചയപ്പെടുത്തി. എന്റെ “പേര് അരബിന്ദോ . ഞാനാണ് ഈ യാത്രയിൽ നിങ്ങളുടെ ഗയിഡ്”. വഴികാട്ടിയും തത്കാല രക്ഷിതാവുമായ ആ ചെറുപ്പക്കാരൻ എവിടേക്കാണ് പോകുന്നതെന്നും അവിടെ എന്തൊക്കെയാണ് പുതുതായി കാണാനുണ്ടാവുക യെന്നും ഒരു ചെറു പ്രസംഗത്തിലൂടെ വെളുപ്പെടുത്തി കഴിഞ്ഞപ്പോ ൾ ഒരു നീണ്ട കൈയ്യടിയോടെ “ തങ്കൾ ഞങ്ങളുടെ ഗയിഡ് മാത്രമല്ല നായകനാണ് “ എന്ന് എല്ലാവരും ഒരേസ്വരത്തിൽ വിളിച്ചു കൂവി. “സ്വയം പരിചയപ്പെടുത്തൽ എന്ന കർമ്മം തുടങ്ങാം“ ഗയിഡ് പ്രഖ്യാപിച്ചു..ഒരോരുത്തരും ആ കർമ്മം നന്നായിത്തന്നെ നിർവഹിച്ചു. തന്റെ അയൽക്കാരനിൽ നിന്നും ഭിന്നനാണ് താൻ എന്ന് വരുത്തി തീർക്കാനുള്ള വെമ്പൽ ഒരോരുത്തരുടെ പരിചയപ്പെടു ത്തലിലും ഒളിഞ്ഞിരുന്നു..ഭക്ഷണസമയത്ത് വളരെ ശ്രദ്ധയോടെ ചോറ് വിളമ്പിയിരുന്ന രാജീവിന്റെ മുഖത്തെ കള്ള നോട്ടം ഉപ്പിനോടും മുളകിനോടും ഒരോ യാത്രക്കാർക്കുമുള്ള പ്രതികരണം അറിയാനുള്ള മോഹമായിരുന്നില്ലേ? എല്ലാവരും മിണ്ടാതിരുന്ന് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്തിരുന്ന കോമളകുമാരൻ ‘ഈ സാമ്പാറിന് പുളി അല്പം കൂടുതലാണ് അല്ലേ’ എന്ന് എന്റെ ചെവിയിൽ പറഞ്ഞെങ്കിലും ഞാൻ നിസംഗനായി ഇരുന്ന് ഊണ് കഴിച്ചു. രാജീവന് എന്റെ മുഖത്തു നിന്ന് ഒന്നും മസ്സിലാക്കാനാ യില്ലല്ലോ എന്ന ആത്മസംതൃപ്തിയോടെ സ്വയം പറഞ്ഞു ‘ഞൻ മിടുക്കനാണ് എന്നെ ആർക്കും എളുപ്പത്തിൽ തിരിച്ചറിയാനാവില്ല’ ഹും എന്താണാ‍വോ ഈ തിരിച്ച‌‌‌‌റിയലിന്റെ രഹസ്യം? ചോദ്യം എന്റെ നേർക്കുതന്നെ തിരിച്ചു‌‌‌വന്നു. ഉത്തരം കണ്ടുപിടിക്കനുള്ള ബുദ്ധിമുട്ടോർത്ത് ചോദ്യം മറക്കാനായി പിന്നത്തേ ശ്രമം. എഴുത്തുകാരിയായ നളിനീ കുറുപ്പിനോട് ചോദിച്ചാലോ? ‘വേണ്ട ‘ മനസ്സ് ഒരു ഉപ്ദേശകാനെപ്പോലെ പറഞ്ഞു. ഈ എഴുത്തുകാരൊക്കെ എത്രയോ ഉയരത്തിലാണ്. അവരുടെ ഭാഷപോലും നമുക്ക് മനസ്സിലാവില്ല. വെറുതെ വല്ലതും ചോദിച്ച് വിഢിവേഷം കെട്ടേണ്ട. ഇപ്പോൾ ഉപദേശകനാണ് പ്രാധാന്യം- അതായത് സ്വന്തം മനസ്സ്.ചോദ്യം ഉപേക്ഷിച്ച്മറ്റുമുഖങ്ങളിലേക്ക് കണ്ണുകൾ പായിച്ചു- അഗ്നി ഗോളങ്ങളക്കി എറിഞ്ഞ ചാട്ടുളി പോലുള്ള ആ കണ്ണുകൾ ആരുടേതാണ്? നല്ല പരിചയം. പക്ഷേ ഓർമ്മ വരുന്നില്ല. പിന്നെ ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം വന്നില്ല. മുഖം കുനിച്ച് സാമ്പാറിന്റേയും പുളിശ്ശേരിയുടേയും സ്വാദ് ആസ്വദിക്കുന്നു എന്ന ആംഗ്യാഭിനയം കേമമാക്കി. വയറു നിറഞ്ഞപ്പോൾ അല്പം തല ചായ്ക്കണമെന്ന് തോന്നി . എന്റെ മനസ്സ് വളരുന്നില്ല എന്നും ശരീരത്തിനു മാത്രമെ വളർച്ചയും തളർച്ചയും ഉള്ളു എന്ന തോന്നലും എന്നെ ആകെ ചിന്താകുലനാക്കി. സഹയാത്രികരുടെ മദ്ധ്യത്തിലാ ണെങ്കിലും ഒറ്റപ്പെട്ടതുപോലെ -എല്ലവരേയും ഉൾകൊള്ളാനുള്ള തൃഷ്ണയോ ടൊപ്പം ആരും സ്വീകരിക്കുന്നില്ല എന്ന തോന്നൽ വല്ലാതെ വീർപ്പു മുട്ടിച്ചു. “നിങ്ങളുടെ പുഷ്ബാക്ക് എന്റെ മടിയിലേയ്ക്കാണ് വരുന്നത്. ഇതൊട്ടും ശരിയല്ലട്ടോ?” പുഷ്ബാക്ക് സീറ്റാണോ എന്റെ പ്രവർത്തിയാണോ ശരിയല്ലത്തത്?. ലിവർ വലിച്ച് സീറ്റ് ശരിയാക്കി.മയങ്ങണമെന്ന ചിന്ത ഉപേക്ഷിച്ചു. വയസ്സന്റെ ഉറക്കം പിന്നിലിരുന്ന് സൊള്ളിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് ശല്യമാകുമ്പോൾ ദേഷ്യം വന്നില്ലങ്കിലല്ലേ അതിശയിക്കേണ്ടു? ശരീരം ക്ഷീണിച്ചാലും മനസ്സ് ക്ഷീണിക്കതിരിയ്ക്കൻ നിശബ്ദത യാണ് അനുയോജ്യം. ദീഘദൂര ബസ്സ് യാത്രകളിലുണ്ടായ അനുഭവങ്ങൾ പറഞ്ഞ് രസിക്കുന്ന രണ്ട് യാത്രക്കാരാണ് മുന്നിൽ. ഭാഷയിൽ അശ്ലീലഘോഷയാത്ര. ഏറ്റവും പിറകിൽ പാട്ടും താളവും പൊടിപൊടിക്കുന്നു. ഒന്നു മയങ്ങാനുള്ള അവസരം നിഷേധിക്കുന്നതിൽ അലോരസം തോന്നിയെങ്കിലും നിർവികാര തയോടെ അങ്ങിനെ ഇരുന്നു. എതിർ വശത്ത് ഇരിക്കുന്ന മാന്യൻ പറയുന്നതു കേട്ടു “ഞാൻ കോഴിക്കോട്ട് ചെന്നാൽ ഉടൻ ജീ.എമ്മിനെ കാണും. അദ്ദേഹത്തോട് ഈ യാത്രയിലെ ദുരിതങ്ങൾ തീർച്ചയായും പറയും.അദ്ദേഹം എന്റെ സുഹ്രുത്തും ബന്ധുവും ആണ്” ‘അല്ലയോ സഹയാത്രികാ നിങ്ങൾക്ക് ഇപ്പോഴേ നന്ദി രേഖപ്പെടുത്തുന്നു’ മനസ്സിന്റെ ഉപരിതലത്തിലെവിടെയോ നിന്നുയരുന്ന വാക്കുകൾ. അബോധ മനസ്സ് ഒരു ഹോമകുണ്ഡം പോലെ യായിരിക്കുന്നു. എന്തെല്ലാമോ അവിടേക്ക് എറിയപ്പെടുന്നു. ഒന്നും പുറത്തേക്ക് വരുന്നില്ല . ഉരുകി ഉരുകി എല്ലാം ഒന്നാവുകയും തീജ്വാലകൾ മാത്രം നൃത്തം വയ്ക്കുകയും ചെയ്യുന്നപോലെ. (തുടരും)