2010, മേയ് 28, വെള്ളിയാഴ്‌ച

യുദ്ധ ഭൂമിയിൽ

നിളാനദിക്കരയിലെ

നിലം പൊത്താറായ

നാലുകെട്ടിന്റെ

കോലായിൽ

കാല്ത്തിന്റെ പുഴുകുത്ത് പേറും

‘പരമനാറി’ ഒരുവൻ വാണിരുന്നു.

വർഗ്ഗസ്നേഹികളാൽ നിഷ്കാസിതനായി

സ്വയം രക്ഷപ്പെടാനാവതെ

അക്ഷരം വിറ്റ് കാലം കഴിക്കവെ

തിരമാലകളിൽപ്പെട്ട നീർചെടി പോലെ

ലക്ഷ്യമില്ലാതെ കാറ്റത്ത് ആടിയുലഞ്ഞ്

ഒരു നാളവൻ നഗരത്തിൽ പ്രത്യക്ഷ്നായി.

നാലുവരി പാത ഓരത്തെ പേരാൽ തണലിൽ

വേറിട്ടൊരു യുദ്ധ ഭൂമിയിൽ

പുല്ലുമേഞ്ഞ കൂരപോലെ താടിയും ഒട്ടിയകവിളുകളും

ആലിലപോൽ വിറക്കും വിരലുകളാൽ തല താങ്ങിയും

പാതി അടഞ്ഞ കണ്ണുകളുമായവൻ

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവു മണിഞ്ഞയ്യോ ശിവ ശിവ!!“

2010, മേയ് 22, ശനിയാഴ്‌ച

നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും
കാലത്തിന്റെ കളമെഴുത്ത്!

സൌന്ദര്യത്തിന് കപടമേലങ്കിയുമായ്
ഇരുട്ടിന്റെ ഉറ്റതോഴനായ്
ചിന്തയ്ക്ക് ഇരുട്ടടിയായ്
വാഴുന്ന, നീറിപുകയുന്ന,
അഗാധമായ കറുപ്പ് പടച്ചോന്
അഞ്ജാതമെന്നോ !


വെളിച്ചത്തിന്റെ പര്യായമായ്
സൂര്യദേവ‌ന്റെ ആത്മാവായ്
ജീവനാധാരമായ് മരണത്തിന് സാക്ഷിയായ്
ശവത്തിന് പുതയായ്
ശൈത്യത്തിന് തടയായ്
ശാന്തി തരുന്ന, സമാധാനം കൊയ്യുന്ന
പാടങ്ങളിൽ നീരുറവയായ് വാഴുന്ന
വെളുപ്പിനെ വാഴ്ത്താൻ
മറന്നു പോകുന്ന രാഷ്ട്രീയ ശിഖണ്ഡികൾ!

പച്ചപുല്ലും മരവും മണ്ണും മറന്ന്
സിമന്റു കാടുകളിൽ, ആകാശകൊട്ടാരങ്ങളിൽ
മഴയും വെള്ളവും സപ്നം കണ്ടു വാഴും
വേഴാമ്പലുകളാണ് നാം
പച്ചയെ പച്ചയായ് കാണുവാൻ
പിച്ച വയ്ക്കും നാൾതൊട്ട്,
മണ്ണിന്റെ മണം നുകർന്ന്
വളരാൻ കഴിഞ്ഞെങ്കിൽ......


ചോരയുടെ ചുവപ്പ് ഉള്ളിന്റെ ചലനമാണ്.
ചോര കുടിച്ച് വളരും കൊതുകുകളെ
വളർത്തും ചലനമറ്റ ജലസങ്കേതങ്ങളായ്
സമുദായം വളരാതിരുന്നെങ്കിൽ.......


ഇനിയും എത്രയെത്ര നിറങ്ങൾ, നിറസങ്കരങ്ങൾ
നിറവും നിറഭേദവും ഉൾക്കൊണ്ട് 
സ്ഥിതി സമത്വം സ്വപ്നം കാണാൻ
മറ്റൊരു മാർക്സ് ജനിക്കണോ?

2010, മേയ് 11, ചൊവ്വാഴ്ച

മാപ്പ്

എല്ലാർക്കുമെല്ലാർക്കും അറിയാം

ഏട്ടിലെ പശു പുല്ലു തിന്നുകയില്ലായെന്ന്



എത്ര പേർക്കറിയാം

നാട്ടിലെ പശുവിന് പുല്ലു കിട്ടാനില്ലായെന്ന്?

കാട്ടിലെ പശുക്കളെ

കാട്ടുതീ ചുട്ടുതിന്നുന്നുപോലും!

കാട്ടുരാജാക്കന്മാർ

നാട്ടുപ്രമാണികൾ

വേട്ടക്ക് പോയിവന്ന

പിറക് പറഞ്ഞതാണീ കഥ



കരയാം ചിരിക്കാം

ചിന്തിക്കരുത് എന്നാണല്ലൊ

പുത്തൻ മുദ്രാവാക്യം!

കാട്ടരുവിയിലെ പിരാനമത്സ്യങ്ങൾക്ക്

ഇരയാവാതിരിക്കാൻ

നമുക്കും ചിരിക്കാം

കാട്ടുനീതിക്ക് കൂട്ടുനിന്നില്ലായെങ്കിൽ

കാട്ടുതീയിൽ വെന്തെരിയും നമ്മൾ



മാപ്പ്! “എൻ പാഴ്വാക്കിന്

മാപ്പരുളുക മനീഷിമാരെ”

2010, മേയ് 3, തിങ്കളാഴ്‌ച

ഓർമ്മ

മുള്ളുവേലിയിൽ പടർന്ന്കയറുന്ന പാഴ്ചെടിപോലെ

ജീവിതം അനിയന്ത്രിതം മുമ്പോട്ട് പോകവേ

സ്നേഹം കരിഞ്ഞു പോയ നീണ്ട വേനലെത്തി

മുൾ ച്ചെടികളിൻ കീഴെ തളിരുകൾ കരിഞ്ഞുണങ്ങി

വെറും നാരായവേരുമാത്രമായ് എത്രയോ

കാലം കഴിച്ചു.



ചൂണ്ടയിൽ കുരുങ്ങി പിടക്കുന്ന ഓർമ്മ മാത്രമായ്

ഇനി എത്രകാലം?



 മറ്റൊരു മഴയ്ക്കായ് കാത്തു നിൽക്കാതെ 
കരയ്ക്കുവീണു പിടയ്ക്കാതെ

മരിയ്ക്കട്ടെ ഓർമ്മകൾ.