2009, മേയ് 12, ചൊവ്വാഴ്ച

യാത്രികർ

അന്വേഷികളീ യാത്രികർ

സ്വയം അറിയാൻ ശ്രമിക്കുന്നവർ

അറിവിന്റെ കണ്ണികൾ ചേർത്ത്

സ്വർണ്ണമാല പണിയുന്നവർ.

ഊതിവീർപ്പിച്ചോരഹന്തതൻ

ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.

യാത്ര ലഹരിയെന്നോതുന്നവർ

ലീലാവിനോദങ്ങളിലാറാടി

നീന്തിതുടിച്ചുല്ലസിക്കുന്നവർ.

മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ

‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ

ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’

എന്നു പാടി സ്നേഹം പങ്കിടുന്നോർ.

( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )

സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,

സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ

അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ

വെമ്പൽ കൊള്ളും മനീഷിമാർ!

ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ

എന്നോർത്ത് ദുഃഖിക്കുന്നവർ.

നാളെയുമീയാത്ര തുടരാനാകുമോ

എന്ന് വ്യാകുലപ്പെടുന്നവർ.

സ്നേഹിക്കാനും സേവിക്കാനും

ഒരു വഴികാട്ടി കൂടിയില്ലല്ലോ

എന്ന് വേദനയാൽ മനസ്സുരുകി

കരയും ‘ചിന്താവിഷ്ടയായ സീത’മാർ.

ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര

എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.

ഔപചാരികതയുടെ വരമ്പുകൾ

വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്

വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ

പൂത്തുലയും,യാത്ര ധന്യമാകും

എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി

ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?