2010, മേയ് 22, ശനിയാഴ്‌ച

നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും
കാലത്തിന്റെ കളമെഴുത്ത്!

സൌന്ദര്യത്തിന് കപടമേലങ്കിയുമായ്
ഇരുട്ടിന്റെ ഉറ്റതോഴനായ്
ചിന്തയ്ക്ക് ഇരുട്ടടിയായ്
വാഴുന്ന, നീറിപുകയുന്ന,
അഗാധമായ കറുപ്പ് പടച്ചോന്
അഞ്ജാതമെന്നോ !


വെളിച്ചത്തിന്റെ പര്യായമായ്
സൂര്യദേവ‌ന്റെ ആത്മാവായ്
ജീവനാധാരമായ് മരണത്തിന് സാക്ഷിയായ്
ശവത്തിന് പുതയായ്
ശൈത്യത്തിന് തടയായ്
ശാന്തി തരുന്ന, സമാധാനം കൊയ്യുന്ന
പാടങ്ങളിൽ നീരുറവയായ് വാഴുന്ന
വെളുപ്പിനെ വാഴ്ത്താൻ
മറന്നു പോകുന്ന രാഷ്ട്രീയ ശിഖണ്ഡികൾ!

പച്ചപുല്ലും മരവും മണ്ണും മറന്ന്
സിമന്റു കാടുകളിൽ, ആകാശകൊട്ടാരങ്ങളിൽ
മഴയും വെള്ളവും സപ്നം കണ്ടു വാഴും
വേഴാമ്പലുകളാണ് നാം
പച്ചയെ പച്ചയായ് കാണുവാൻ
പിച്ച വയ്ക്കും നാൾതൊട്ട്,
മണ്ണിന്റെ മണം നുകർന്ന്
വളരാൻ കഴിഞ്ഞെങ്കിൽ......


ചോരയുടെ ചുവപ്പ് ഉള്ളിന്റെ ചലനമാണ്.
ചോര കുടിച്ച് വളരും കൊതുകുകളെ
വളർത്തും ചലനമറ്റ ജലസങ്കേതങ്ങളായ്
സമുദായം വളരാതിരുന്നെങ്കിൽ.......


ഇനിയും എത്രയെത്ര നിറങ്ങൾ, നിറസങ്കരങ്ങൾ
നിറവും നിറഭേദവും ഉൾക്കൊണ്ട് 
സ്ഥിതി സമത്വം സ്വപ്നം കാണാൻ
മറ്റൊരു മാർക്സ് ജനിക്കണോ?