2013, ഏപ്രിൽ 30, ചൊവ്വാഴ്ച

ജനാധിപത്യം !
കാടുകളുടെ  മേൽ  കോടാലിവച്ച
അഭിനവ ആരാച്ചാരാണ്  അധികാരി
കുടിവെള്ളമില്ലാതെ നാട്ടുകാർ
കരയുമ്പോൾ കാരണം ആരായുന്നു !
നാവുരി നീരുപോലുമില്ലാത്ത
നാണം മറയ്ക്കാനാവാത്ത നിളയുടെ
മാറിടം മാന്തിപൊളിച്ച
മാഫിയകൾക്ക്  'ഈസിമണി' മന്ത്രം
ചൊല്ലികൊടുക്കുന്നു
അധികാരിയുടെ മേൽനോട്ടത്തിൽ
നെൽപ്പാടങ്ങൾ നിറയെ റബ്ബർ തൈകൾ,
ഫ്ലാറ്റുകൾ, വിമാനത്താവളങ്ങൾ !
പാവം മനുഷ്യന് രണ്ടു സെâßലൊരു 
കൂരവയ്ക്കാൻ 'കോർട്ട് ഓർഡർ' കൂടിയെ തീരൂ
വൈരുദ്ധ്യമെ നി പേരാണോ ജനാധിപത്യം ?

കാവുകൾ , കുളങ്ങൾ ജീർണ്ണ സംസ്കാരത്തിൻ
പ്രതീകമെന്നു ചൊല്ലി വെട്ടിനിരത്താൻ
പക്ഷസ്നേഹമാണോ പ്രാപ്തമാക്കിയത് ?
കറുപ്പ് വെളുപ്പാക്കുന്ന അധികാരി
നല്ല അലക്കുകാരനാണിന്ന്
അധ്യക്ഷപദം വരെ അലങ്കരിക്കാമെന്ന മോഹത്താൽ
മഴയിൽ  പോലും അഴിയാത്ത ചിതൽ പുറ്റുകളാം    
ഭരണകേന്ദ്രങ്ങളിലിരുന്ന്
കൽക്കരി ഖനികൾ കുഴിച്ച് വെളുപ്പാക്കുന്നു.
അധികാരിയുടെ  വിശ്വസ്തരാം സേവകരിന്ന്
സോമരസം കുടിച്ച്മയങ്ങിയപ്പോൾ
സ്വയം ചോദ്യമായി,
" why should we only toil, the roof and crown of things?" *

പാളംതെറ്റിയ   തീവണ്ടി പോൽ ഇഴയുന്നു ഭരണം.
മനുഷ്യൻ ചത്താലെന്ത്  ? പിറന്നാലെന്ത് ?
എല്ലാരോടുമായ്  ഒന്നേ പറയാനാവൂ .
അമ്മയാണെല്ലാം
അമ്മയില്ലാതെന്തു ജാതി?   എന്ത് മതം?
ചിന്തിക്കാം നമുക്കിന്ന് ,
ചിന്തയിലൂടൊന്നായ്
ജാതിമത മേലങ്കികൾ
 പറിച്ചെറിയാം
പ്രതിജ്ഞ ചെയ്യാം
പ്രതികാരം ചെയ്യാനായ് .
അധികാരകൊതിയന്മാർക്കെതിരെ
* Lotus Eaters- by Loard Tennison2011, ജനുവരി 18, ചൊവ്വാഴ്ച

മുഹൂര്‍ത്തം

പൊങ്ങിയും താണും മരണം മാറില്‍
ഊഞ്ഞാ ലാടവേ
വഴിയോര  കരിവാക  മരത്തില്‍
കാക്ക  കൂട്ടം  കളിചിരി കോ ലാഹലത്തോടെ 
കൂടണയവെ 
അതുവഴിയെ പോയ കന്നിമാസവും
 കാര്‍ത്തിക നക്ഷത്രവും  ചേരുന്നാളില്‍
ജനിച്ച  ദേവകന്യകയുടെ    തോളില്‍
കാക്ക  കാഷ്ഠിക്കവെ     
ശ നി യന്‍ കാലന്റെ വരവറിയിക്കാന്‍
ലഗ്നാധിപതി മറുതയും  പന്ത്രണ്ടു സന്തതികളും
ചേര്‍ന്ന്  സൈറണ്‍ മുഴക്കീടവേ
ബന്ധനസ്ഥരാം   ബന്ധുക്കളുടെ അനന്തമാം
പട്ടികയില്‍ വിട്ടു പോയ പേരുകളും ചേര്‍ത്ത്
ചരമ അറിയിപ്പ് തയ്യാറാക്കവേ 
ഡോക്ടര്‍ സ്പെഷ്യലിസ്റ്റ്  ഉവാച :
" സോറി  എവരിതിങ്ങ്  ഈസ്‌ ഓവര്‍ "
ജിവിച്ചിരുന്നപ്പോള്‍  മ രിച്ചവന്‍ 
മരിച്ചാലെങ്കിലും ജിവിക്കുമോ?

2011, ജനുവരി 4, ചൊവ്വാഴ്ച

മനസ്സ്

കള്ളിമുള്‍ ചെ ടികള്‍ക്കുള്ളില്‍ പെട്ട്       
കീറി മുറിഞ്ഞു മയങ്ങിപോയ മനസ്സിനെ ഉണര്‍ത്തി
രൂപമായ്‌ നാദമായ് ചലനമായ്‌                                                              
സ്പര്‍ശന സുഖമായ്  എല്ലാം ചേര്‍ന്നോന്നായ് മാറ്റി
വെളിച്ചത്തിന്‍റെ പൂത്തിരി   കത്തിച്ച്
പാലൂട്ടി വള ര്‍ ത്തി യോരമ്മ യും                           
ചിന്തയുടെ  മാലപ്പടക്കം പൊട്ടിച്ച്
തലോടി ഉറക്കി യോരച്ഛനും
ഇന്നില്ലല്ലോ !

ജിവിത  തീക്കനല്‍  ആലയിലേക്ക്
എറിയപ്പെട്ട് ഉരുകിയുറഞ്ഞ്
അടിച്ചു പരത്തി  വലിച്ചു നീട്ടി
ചിന്തക്ക് അതിര്‍ത്തി വരമ്പുകള്‍ തീര്‍ത്ത്     
ആശയ അടിമത്ത വിഷം കുത്തി വച്ച്
വെറും ഒരാഭരണമോ
ആയുധമോ ആക്കി മാറ്റാന്‍
മോഹിച്ചവരും അകലെയാണ് !

എല്ലാം കഴിഞ്ഞിന്ന് തേയ്മാന ക്കുറവുമായ് 
കാലത്തിന്റെ  ത്രാസ്സില്‍ തൂങ്ങി നില്കവേ
കാലമില്ലാത്ത കമ്പോളമില്ലാത്ത     
ശുന്യതയിലേക്കാവട്ടെ എന്റെ യാത്ര .

 
 

2010, ഡിസംബർ 30, വ്യാഴാഴ്‌ച

A NEAR TRICK

David Ignatius, while evaluating the success and failure of OBAMA as president of USA in moulding the foreign policy of the country, makes the following statement in an article,'Some foreign policy spine' published in The Washington Post dated Sunday Dec 26, 2010  " In  New Delhi OBAMA managed to strengthen ties with India without  upsetting Pakistan, a near trick."  


ഇന്ത്യയുടെ  കാര്യത്തില്‍ ഈ  tricky approach  എളുപ്പമാണെന്ന്‍ അമേരിക്ക മാത്രമല്ല  മറ്റുപല  യുറോപ്യന്‍ -ഏഷ്യന്‍ രാജ്യങ്ങ ളും വിശ്വസിക്കുന്നു. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക് ആണെന്നും  ഇന്ത്യന്‍ ഡമോക്രസി ചിഞ്ഞു നാറുന്ന  മത്സ്യ കുമ്പാരമാണെന്നും  അവര്‍ക്ക്  ബോദ്ധ്യമുള്ളതു കൊണ്ടും ആണ്  ഈ സമീപനം . ചീ ഞ്ഞ     മത്സ്യം വില്‍ക്കുന്ന ഭരണാധികാരികള്‍ക്കും അത് വാങ്ങാന്‍ ബാദ്ധ്യസ്ഥരായ ജനത്തിനും ദുര്‍ഗന്ധം അനുഭവപ്പെടാറില്ല . മാത്രവുമല്ല ,ഇന്ത്യന്‍ ജനത പൊന്തന്‍ പ ഴം പോലെയാണ് . സ്വയം പ്രതികരിക്കാന്‍ ശക്തിയില്ലാത്ത  രാഷ്ട്രീയ    മേലാളന്ന്മാരു ടെ  ആജ്ഞക്കൊത്ത്‌  മാത്രം  പ്രതികരിക്കുന്ന  ഏറാന്‍ മൂളിരാഷ്ട്രീയ ഭാഗ്യാന്വേഷികളാണ്,  മേലാളന്മാര്‍ പ്രതികരിക്കുന്നതോ അവരുടെ രാഷ്ട്രീയ ഭാവി കണക്കിലെടുത്തും  പാര്‍ട്ടിക്ക് കിട്ടാവുന്ന അല്ലെങ്കില്‍ നഷ്ടപ്പെട്ടേക്കാവുന്ന വോട്ടുകളുടെ കണക്കു നോക്കിയും  മാത്രം . അതുകൊണ്ടാണ് ഇന്ത്യയില്‍ ഏത്പാര്‍ട്ടി അധികാരത്തില്‍ വന്നാലും രാജ്യപുരോഗതി വളരെ സാവധാനത്തില്‍  ആകുന്നത്‌ . ഇന്ത്യയിലേതുപോലെ  കറപ്ഷന്‍ , അത് ഏതു മേഖലയിലായാലും   ( Executive, Legislative, Judiciary ) മറ്റൊരുരാജ്യത്തിലും ഇല്ലായെന്നുള്ളത്  ഒരു ആഗോളസത്യം.  ഈ സ്ഥിതി തുടര്‍ന്നാല്‍ ...........?   നിങ്ങള്‍ക്ക്  എന്ത് തോന്നുന്നു ?

   

2010, നവംബർ 25, വ്യാഴാഴ്‌ച

ദൈവങ്ങൾക്ക് മദമിളകിയാൽ

ദൈവങ്ങൾക്ക്  മദമിളകിയാൽ
കഥയെന്താവുമെന്നുരചെയ്യാനാവില്ലെനിക്ക്
തന്ത്രിയുടെ മന്ത്രങ്ങൽക്കോ, വേദപുസ്തകങ്ങളിലെ
വിജ്ഞാനവിളമ്പരങ്ങൾക്കോ
നിസ്കാരതഴമ്പിനോ സാഷ്ടാംഗ നമസ്കാരത്തിനോ
അരമനയിലെ അലങ്കാര വസ്ത്രങ്ങൾക്കോ
സ്വർണ്ണകുരിശിനോ, രാഷ്ട്രീയനപുംസങ്ങളുടെ
കരിങ്കൊടി പ്രകടനത്തിനോ
കുത്തക മുതലാളിമാരുടെ നോട്ടുകൊട്ടാരങ്ങൾക്കോ
അക്ഷരം വിറ്റ് അത്താഴപ്പട്ടിണിമാറ്റുന്ന
“സോ കാൾഡ്”  ബുദ്ധിജീവികൾക്കോ
സൃഷ്ടിയുടെ രഹസ്യം തേടും ശാസ്ത്രജ്ഞർക്കോ
തടുക്കാനാവില്ല താഴ്ന്ന് താഴ്ന്നു പോകുമീ  ഭൂവിനെ.
ദൈവങ്ങൾക്ക് മദമിളകിയാൾ
അസ്തമിക്കില്ല സൂര്യൻ
ഉരുകി ഒഴുകും ധ്രുവങ്ങൾ
കടലലകൾ ഹിമാവാന്റെമേൽ പ്രളയകഥ പാടും
താളം തെറ്റിപോയല്ലേ? , മാപ്പ്.

2010, നവംബർ 17, ബുധനാഴ്‌ച

വിഷം തീറ്റുന്നവര്‍

കുരുട്ടുപ്ലാവില  പഴുത്ത്   കരിഞ്ഞു് കാറ്റത്ത് 
പറന്ന് വീഴും പോലെ , ഗര്‍ഭസ്ഥ ശിശുപോ ലും ,
ഉള്ളില്‍ ,പിടയുന്നു,പൊലിയുന്നു 
                                                                                                                                                                                 
വരണ്ട വേനലിലെ കരനിലങ്ങള്‍
വിണ്ടു കീറും പോലെ വികൃതമാം ശരീരവും  ശിരസ്സുമായ്‌
പിറക്കുന്നവര്‍ വിറച്ചു വിറച്ച്  മരണചീട്ടിനായ്  കേഴുന്ന
കാഴ്ച കണ്ട് കൊഞ്ഞനം കുത്തുന്നു
അറുകൊല  വീരരാം  ഭരണ സാരഥി കള്‍!
വിഷപുക യേ ല്‍ക്കാത്ത വ്യഭിചരിച്ച് മരവിച്ച മനസ്സാണെന്ന്
അഭിമാനം  കൊള്ളുന്നവര്‍ .
പറന്ന്‍ താഴ്ന്നിരുന്ന്‍ കൊത്തിവലിക്കുന്നു ,
ചാടി ചാടി  ചിറകടിച്ച് ഉയരുന്നു
മറൊരിടത്തേക്ക്  എച്ചിലിലകള്‍ തേടി.
പെരുവഴിയില്‍ പടയൊരുക്കുന്ന എറാ൯  മൂളികളാം
പുത്തന്‍ ജനത ഒന്നും കാണുന്നില്ല കേള്‍ക്കുന്നുമില്ല

കാസര്‍കോട്ടും മുതലമടയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തമാണു ഈ വരികളുടെ പശ്ചാത്തലം. മരണചീട്ടെഴുതുന്ന വെറും ഗുമസ്തന്മാരായി ഭരണവര്‍ഗ്ഗം മാറിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2010, നവംബർ 12, വെള്ളിയാഴ്‌ച

LOVE OR BHAKTI


Be a layman or legislator, let love bloom in your thoughts and  acts; love should smile upon what you do.Upanishats  talk of Love as devotion or 'Bhakti' And 'Bhakti' stands between 'Gnana' and 'Karma'. Without Love for its own sake 'Gnana' is elusive. And it is 'Bakti' that makes 'Karma' meaningful. Devotion is dedication to a great power where your Body mind and Intellect become one to make you greater than what you are.

2010, നവംബർ 4, വ്യാഴാഴ്‌ച

പുണ്യഭുമിയിലെ കാഴ്ചകള്‍

 
 ആഴത്തില്‍ വേരോടിയ  പാഴ്മരങ്ങള്‍ .
പിഴുതെറിഞ്ഞാലും  പൊട്ടിമു ക്കും മുള്‍ച്ചെടികള്‍ .
വളരാനിടമില്ലാതെ  തലതൂ ങ്ങി തളര്‍ന്നു വിഴും ഫലവൃക്ഷങ്ങള്‍
കറുപ്പും വെളുപ്പും  ഞരമ്പുകള്‍  കോര്‍ത്തു വലിഞ്ഞപ്പോlള്‍
തണല്‍ തരാനാവാതെ  തലകൂമ്പിയ  കല്പ വൃ ക്ഷങ്ങള്‍ .
കക്ഷി  രാഷ്ര്ടിയ ചുഴിയില്‍  താണും  പൊങ്ങിയും  കരകാ ണാതുഴ റി യും
ജഡ മായോയൊഴുകിയെത്തും  മുകു ങ്ങ ള്‍.

‘ഞരമ്പെലി മ്പ്  ന്നി“വ  ചേര്‍ത്ത് വച്ച
ചുളിഞ്ഞ തോ
ല്‍  കൊണ്ട   മുടിയിട്ട‘ പോല്‍
ചരിഞ്ഞും ചാഞ്ഞും  നിട്ടിയ കൈയ്യു മായ്
യാചിക്കും മനുഷ്യക്കോലങ്ങള്‍ .

ജടയില്‍ ചന്ദ്രകലയും  തിരുനെറ്റി യില്‍
 ഭാസ്മക്ക റി യും ആ ചാര  ത്ത ഴമ്പും 
തിരുക ണ്ഠ മാകെ  കലികാല വിഷവും
പൊളളയാം സ്വരൂപത്തി ന്‍  ശൂന്യമാ൦ നെഞ്ചില്‍
 ശദ്ധ മാം സ്വര്‍ണ്ണത്തി
ല്‍ തീര്‍ത്ത കുരിശുമാലയും      
കൈയ്യില്‍ ചെങ്കൊടിയും   അരയി
ല്‍ വീരാളിപട്ടും  ധരിച്ച്
അണിയണിയായ് വരും സമരസഖാക്ക
ള്‍ .

മത  ഭ്രാന്തിനാല്‍ മതികെട്ട് മദയാനപോല്‍
കൊലവിളിയുമായ് കുതിച്ചുപായും യുവജനങ്ങള്‍
സ്വാര്‍ത്ഥരാം  സോഷ്യലിസ്റ്റ് കുബേരന്മാര്‍
ഫാസിസ്റ്റ് ഗാന്ധിയന്മാര്‍
ഭരിക്കാനറിയാതെ ഭരണ ഭാരം
 വിഴുപ്പു കെട്ടായ് ചുമലിലേറ്റി
അമറിയമറി ആവേശം കൊള്ളും
ഇരുകാലിമൃഗങ്ങള്‍ .
പൊരിച്ച കോഴിക്ക് ചുവന്ന പട്ടുടുപ്പ് അണിയിക്കും
പരിവര്‍ത്തന വാദികളാം വരട്ടു ചൊറിയന്മാര്‍ .

ചിന്തകര്‍ക്ക്  ചന്തം പോരാതെ
ചവറ്റുകുട്ടയില്‍  ചവിട്ടി താഴ്ത്തും
അത്തറില്‍   കുളിച്ച പുത്ത പാപ്പാന്മാര്‍,
മതേതര അഹിംസാവാദികള്‍.

വിലപേശി  കൊലചെയ്യും  കലാകാരന്മാര്‍
അവര്‍ക്ക് ‘പുരുഷകേസരീ‘ പുരസ്കാരം നല്കി  ആദരിക്കും
പുണ്യഭൂമി വാഴും ‘മോഴകള്‍’ .
 മാത്രവുമല്ല,
ദീര്‍ഘ നിദ്രയിലാണ്ട് ശയിക്കും ജനത്തേയും
കാണുന്നു  ഞാ  ഈ പുണ്യഭൂമിയി ല്‍.

2010, മേയ് 28, വെള്ളിയാഴ്‌ച

യുദ്ധ ഭൂമിയിൽ

നിളാനദിക്കരയിലെ

നിലം പൊത്താറായ

നാലുകെട്ടിന്റെ

കോലായിൽ

കാല്ത്തിന്റെ പുഴുകുത്ത് പേറും

‘പരമനാറി’ ഒരുവൻ വാണിരുന്നു.

വർഗ്ഗസ്നേഹികളാൽ നിഷ്കാസിതനായി

സ്വയം രക്ഷപ്പെടാനാവതെ

അക്ഷരം വിറ്റ് കാലം കഴിക്കവെ

തിരമാലകളിൽപ്പെട്ട നീർചെടി പോലെ

ലക്ഷ്യമില്ലാതെ കാറ്റത്ത് ആടിയുലഞ്ഞ്

ഒരു നാളവൻ നഗരത്തിൽ പ്രത്യക്ഷ്നായി.

നാലുവരി പാത ഓരത്തെ പേരാൽ തണലിൽ

വേറിട്ടൊരു യുദ്ധ ഭൂമിയിൽ

പുല്ലുമേഞ്ഞ കൂരപോലെ താടിയും ഒട്ടിയകവിളുകളും

ആലിലപോൽ വിറക്കും വിരലുകളാൽ തല താങ്ങിയും

പാതി അടഞ്ഞ കണ്ണുകളുമായവൻ

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവു മണിഞ്ഞയ്യോ ശിവ ശിവ!!“

2010, മേയ് 22, ശനിയാഴ്‌ച

നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും
കാലത്തിന്റെ കളമെഴുത്ത്!

സൌന്ദര്യത്തിന് കപടമേലങ്കിയുമായ്
ഇരുട്ടിന്റെ ഉറ്റതോഴനായ്
ചിന്തയ്ക്ക് ഇരുട്ടടിയായ്
വാഴുന്ന, നീറിപുകയുന്ന,
അഗാധമായ കറുപ്പ് പടച്ചോന്
അഞ്ജാതമെന്നോ !


വെളിച്ചത്തിന്റെ പര്യായമായ്
സൂര്യദേവ‌ന്റെ ആത്മാവായ്
ജീവനാധാരമായ് മരണത്തിന് സാക്ഷിയായ്
ശവത്തിന് പുതയായ്
ശൈത്യത്തിന് തടയായ്
ശാന്തി തരുന്ന, സമാധാനം കൊയ്യുന്ന
പാടങ്ങളിൽ നീരുറവയായ് വാഴുന്ന
വെളുപ്പിനെ വാഴ്ത്താൻ
മറന്നു പോകുന്ന രാഷ്ട്രീയ ശിഖണ്ഡികൾ!

പച്ചപുല്ലും മരവും മണ്ണും മറന്ന്
സിമന്റു കാടുകളിൽ, ആകാശകൊട്ടാരങ്ങളിൽ
മഴയും വെള്ളവും സപ്നം കണ്ടു വാഴും
വേഴാമ്പലുകളാണ് നാം
പച്ചയെ പച്ചയായ് കാണുവാൻ
പിച്ച വയ്ക്കും നാൾതൊട്ട്,
മണ്ണിന്റെ മണം നുകർന്ന്
വളരാൻ കഴിഞ്ഞെങ്കിൽ......


ചോരയുടെ ചുവപ്പ് ഉള്ളിന്റെ ചലനമാണ്.
ചോര കുടിച്ച് വളരും കൊതുകുകളെ
വളർത്തും ചലനമറ്റ ജലസങ്കേതങ്ങളായ്
സമുദായം വളരാതിരുന്നെങ്കിൽ.......


ഇനിയും എത്രയെത്ര നിറങ്ങൾ, നിറസങ്കരങ്ങൾ
നിറവും നിറഭേദവും ഉൾക്കൊണ്ട് 
സ്ഥിതി സമത്വം സ്വപ്നം കാണാൻ
മറ്റൊരു മാർക്സ് ജനിക്കണോ?

2010, മേയ് 11, ചൊവ്വാഴ്ച

മാപ്പ്

എല്ലാർക്കുമെല്ലാർക്കും അറിയാം

ഏട്ടിലെ പശു പുല്ലു തിന്നുകയില്ലായെന്ന്എത്ര പേർക്കറിയാം

നാട്ടിലെ പശുവിന് പുല്ലു കിട്ടാനില്ലായെന്ന്?

കാട്ടിലെ പശുക്കളെ

കാട്ടുതീ ചുട്ടുതിന്നുന്നുപോലും!

കാട്ടുരാജാക്കന്മാർ

നാട്ടുപ്രമാണികൾ

വേട്ടക്ക് പോയിവന്ന

പിറക് പറഞ്ഞതാണീ കഥകരയാം ചിരിക്കാം

ചിന്തിക്കരുത് എന്നാണല്ലൊ

പുത്തൻ മുദ്രാവാക്യം!

കാട്ടരുവിയിലെ പിരാനമത്സ്യങ്ങൾക്ക്

ഇരയാവാതിരിക്കാൻ

നമുക്കും ചിരിക്കാം

കാട്ടുനീതിക്ക് കൂട്ടുനിന്നില്ലായെങ്കിൽ

കാട്ടുതീയിൽ വെന്തെരിയും നമ്മൾമാപ്പ്! “എൻ പാഴ്വാക്കിന്

മാപ്പരുളുക മനീഷിമാരെ”

2010, മേയ് 3, തിങ്കളാഴ്‌ച

ഓർമ്മ

മുള്ളുവേലിയിൽ പടർന്ന്കയറുന്ന പാഴ്ചെടിപോലെ

ജീവിതം അനിയന്ത്രിതം മുമ്പോട്ട് പോകവേ

സ്നേഹം കരിഞ്ഞു പോയ നീണ്ട വേനലെത്തി

മുൾ ച്ചെടികളിൻ കീഴെ തളിരുകൾ കരിഞ്ഞുണങ്ങി

വെറും നാരായവേരുമാത്രമായ് എത്രയോ

കാലം കഴിച്ചു.ചൂണ്ടയിൽ കുരുങ്ങി പിടക്കുന്ന ഓർമ്മ മാത്രമായ്

ഇനി എത്രകാലം? മറ്റൊരു മഴയ്ക്കായ് കാത്തു നിൽക്കാതെ 
കരയ്ക്കുവീണു പിടയ്ക്കാതെ

മരിയ്ക്കട്ടെ ഓർമ്മകൾ.

2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

ചിലന്തി വര്യന്റെ നിര്യാണം

എന്റ്റെ

മനസ്സിലെ പൂന്തോട്ടത്തിൽ
ഒരു ചിലന്തിവര്യൻ വലവിരിച്ച്
വളരെ നാളായി
സസ്സുഖം വാണിരുന്നു
ഇന്നു രാവിലെ
കന്നിരാശിയും മൃത്യു യോഗവും ചേർന്ന
ശുഭ മുഹൂർത്തത്തിൽ
മാന്യനായ നേതാവ്
നാടുനീങ്ങിയെന്ന വാർത്ത
സസ്സന്തോഷം അറിയിക്കുന്നു.

വാർത്തയുടെ ഉടമസ്ഥാവകാശം
രണ്ട് ആനകൾ സ്വന്തമായുള്ളവളും
സ്വന്തം ബിസ്സിനസ്സിൽ താണും പൊങ്ങിയും
നീന്തി നീന്തി മുന്നേറിയവളും
പടിയ്ക്കൽ പന്തീരായിരപ്പറക്ക്
അവകാശിയായുള്ളവളും
ചുവന്ന പാർട്ടീമുഖത്ത്
പച്ച കല്ല് മൂക്കുത്തിയായി ധരിച്ചവളും
ആയ മുംതാസ് മോഹൻദാസിനും
വാർത്ത വായിക്കനുള്ള അവകാശം
കലാനിധിയും സാഹിത്യ പ്രതിഭയും
‘കാന്തിപ്പെട്ട നിതംബമണ്ഡലത്തിൽ’
മുട്ടിയുരുമ്മി പാറിക്കളിക്കുന്ന
കാർകൂന്തൽ ഉള്ളവളും
മൂവർണ്ണകൊടി നാട്ടിയ രഥത്തിൽ
സഞ്ചരിക്കുന്നവളുമായ
രഞ്ജനാമഞ്ജുവിനു മാത്രം
അർഹതപ്പെട്ടതുമാകുന്നു.

2010, ജനുവരി 5, ചൊവ്വാഴ്ച

പുത്തൻ പഴഞ്ചൊല്ലുകൾ from God's own country of goondas and fundamentalists

ആഴമുള്ള കിണറിന് നീളമുള്ള കയറ്
കയറും കൊണ്ടുവന്നപ്പോൾ കിണറു മൂടിപ്പോയ്

നിലയില്ലാ പുഴയിൽ നിന്തലറിയേണം
കരകയറാൻ കൂടെ ഉള്ളവർ കനിയേണം

ഇരുണ്ട ഗുഹയിൽ അരണ്ട വെളിച്ചം മതി
വെളിച്ചമേറിയാൽ ഗുഹ വെളിയായിടും.

കണ്ടാലറിയാത്തവൻ കൊണ്ടാൽ അറിയും
കൊണ്ടിട്ടും അറിയാത്തവനെ തണ്ടിലേറ്റും ജനം

ഓണം ഉണ്ണുന്നവർ ആയിരം
ഓണം ഉണ്ണാത്തവർ പതിനായിരം.

കൂട്ടിലായാൽ കാടൊരു സ്വപ്നം
കാട്ടിലായാലോ കാടൊരു സ്വർഗ്ഗം

കാട്ടിൽ കാട്ടുതീ
പട്ടണത്തിൽ പട്ടിണിതീ

‘മന്ത്രിയായ എന്നെ ആരും തന്ത്രം പഠിപ്പിക്കേണ്ട
പത്തരമാറ്റ് തന്ത്രങ്ങൾ ഉണ്ട് എന്റെ കൈയ്യിൽ
വില തുച്ഛം ഗുണം മെച്ചം’

നാശത്തിന്റെ വക്കിലും മീശപിരിക്കുന്ന സോഷ്യലിസ്റ്റ് കാര്യദർശി
ഡയലക്റ്റിക്കൽ മെറ്റീരിയലസ്സത്തിന്റെ ഇരുമുടിക്കെട്ടുമായ്
ശബരിമലയിലേക്ക്,കുശുമ്പ് വാർത്ത പരസ്യം ചെയ്തതൊരു ദേശാഭിമാനി

ചൂഷണത്തിനെതിരെ പടനയിക്കുന്ന മന്ത്രിക്ക് അല്പം
മോഷണമായാൽ വിശേഷണങ്ങൾ എന്തിനധികം?

വോട്ടുതേടി നാവു് നീട്ടി നാടുനീളെ അലയും
കൂട്ടർക്ക് പരിപ്പുവടയും പപ്പടവടയും
കട്ടൻ കാപ്പിയും കിട്ടനില്ല പോലും

gods plenty in a little Country.

2009, ഡിസംബർ 29, ചൊവ്വാഴ്ച

വാക്കും വക്കാണവും വരലാറും

“vaak is as much as human creation as she is a divine manifestation" മാനവസംസ്കാരത്തിന്റെ നിലനില്പിന് മറ്റുഘടകങ്ങളോടൊപ്പം വാക്കിനും ഏറെ പ്രാധാന്യമുണ്ട്. വാക്കിന്റെ അസ്ഥാനത്തും അനവസരത്തിലുമുള്ള തെറ്റായ പ്രയോഗം കൊണ്ടുണ്ടാകുന്ന മുറിവുണക്കാൻ വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും ദശാബ്ദങ്ങളും ശതാബ്ദങ്ങളും വേണ്ടിവരും. ശരിയായ സന്ദർഭത്തിൽ ശരിയായ വിധത്തിൽ ഏറ്റവും യോജ്യമായ വാക്കുകൾ യുക്തിപൂർവം ശക്തിയായി പ്രയോഗിക്കുന്നവരാണ് കവികളും കലാകാരന്മാരും. കവികളാകട്ടെ, വാക്കുകൾ തമ്മിൽ കലർത്തി പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുകയും,വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഭാഷയുടെ വൈവിദ്ധ്യവും ലാളിത്യവും മനോഹാരിതയും വാക്കിലൂടെ നിലനിർത്തുന്നതും കവികളാണ്. മനുഷ്യസംസ്കാരം നിലനിർത്താൻ വേണ്ട നിയമാവലി ചമയ്ക്കുന്നതും എഴുത്തുകാർ തന്നെ

‌‌‌‌‌വാക്കുകളുടെ ആദാനപ്രദാനം സമാരംഭിക്കുന്നത് വിവിധ ഭാഷാസമൂഹങ്ങൾ ഒത്തു ചേരുമ്പോളാണ്.സുഗമമായി നടക്കുന്നതും ഈ കൊടുക്കൽ വാങ്ങൽ തന്നെ. വാക്കുകൾ ഒരു ഭാഷാസമൂഹത്തിൽ നിന്ന് മറ്റൊരു ഭാഷാസമൂഹത്തിൽ എത്തപ്പെടുമ്പോൾ രൂപമാറ്റവും അർത്ഥവ്യത്യാസവും സംഭവിക്കാം. മനുഷ്യരെപ്പോലെ മനുഷ്യസൃഷ്ടിയായ ഭാഷയും മാറ്റത്തിനു വിധേയമാണ്. എവിടെയാണ് മനുഷ്യന്റെ ജന്മഗൃഹം ,ഏതെല്ലം വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാരുടെ അന്വേഷണവിഷയങ്ങളാണ് ; അന്വേഷണം ഇപ്പോഴും തുടരുന്നു.

പുരാതന മനുഷ്യന്റെ യാത്രയിൽ ഒരു ഇടത്താവളമായിരുന്നിരിക്കാം നമ്മുടെ പുണ്യഭൂമിയായ ഭാരതം. വംശീയ ഭിന്നതയുള്ള മനുഷ്യരുടെ ഒരു ആവാസകേന്ദ്രമായിരുന്നു ഭാരതം. ഇതിൽ ഉത്തര ദക്ഷിണ വൈജാത്യം വളരെ കുറച്ചുമാത്രം. വംശീയപരമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തര ദക്ഷിണ ഭാരതമെന്ന വേർതിരിവ് ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല. ഭാഷാവ്യത്യാസം കാണുന്നു എന്നതാണ് വാദമെങ്കിൽ , ഭാഷ ഒരിക്കലും വർഗ്ഗ സ്വഭാവം നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രം അംഗീകരിക്കുന്നില്ല. തികച്ചും അപ്രധാനമായ ഒരു വിഷയത്തെ പർവതീകരിച്ച് ആവർത്തന സ്വഭാവത്തിലൂടെ ആര്യരെന്നും ദ്രാവിഡരെന്നും ഉള്ള പേരുകൾ ഉപയോഗിച്ച് വേർതിരിവുകൾ ഉണ്ടാക്കി ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥ തത്പരരായ ചില ചരിത്ര പണ്ഡിതന്മാരും കക്ഷിരാഷ്ട്രീയക്കാരും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവാത്മാവും പരമാത്മാവും ഉത്തരേന്ത്യാക്കാരും ദക്ഷിണേന്ത്യാക്കാരും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അവരുടെ ഭാഷയിൽ ഉത്തരേന്ത്യാക്കാർ ആര്യന്മാരാണ് .ആര്യന്മാർ പ്രായോഗിക ബുദ്ധിയുള്ളവരും ചിന്താശക്തിയുള്ളവരും ആണ്. ദക്ഷിണേന്ത്യാക്കാരായ ദ്രവീഡിയന്മാർ പൊതുവേ വികാര ജീവികൾ ആണ്. വേടന്മാർ രൂപമാറ്റം സംഭവിച്ച് ഉണ്ടായവരാണ് ദ്രവീഡിയന്മാർ. ഇത്തരം അശാസ്ത്രീയമായ ജല്പനങ്ങൾ വഴി ഉത്തരേന്ത്യക്കരേയും ദക്ഷിണേന്ത്യക്കാരേയും വേർതിരിച്ചു കാണിക്കുന്ന ലേഖനങ്ങൾ ‘The cultural history of India ' മുതലായ മഹത് ഗ്രന്ഥങ്ങളിൽ പോലും ഇടം കണ്ടിരിക്കുന്നു എന്ന ദുഃഖസത്യം ചരിത്രകാരന്മാരുടെ ശോചനീയ സ്ഥിതിക്കുള്ള വ്യക്തമായ ഉദാഹരണമാണ്. [Cultural History of India Vol I page 17-32& 83]

ഒരുകാലത്ത് ഇപ്പോൾ ദ്രവീഡിയൻ ഭാഷാസമൂഹത്തിൽ പെടുന്നു എന്ന് കരുതപ്പെടുന്നവർ ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന കാലം ഉണ്ടായിരുന്നു എന്ന് നരവംശ ശാസ്ത്രജ്ഞന്മാർ വ്യക്തമാകുന്നു.“Evidence exists that possibly during the Neolithic period the aboriginal inhabitants of the subcontinent were dispersed and probably assimilated by invading tribesmen,who probably came from the west. On the basis of the recent archeological discoveries in the Indus Vally ,the civilization subsequently developed by the Dravidians equaled and possibly surpassed in splendour the civilizations of ancient Mesopotamia and Egypt. About the middle of third millennium BC Dravidian India was subjected to the first of a sustained series of invasions by tribes of Indo European linguistic stock " page 196 Vol 13 Fung Wagnall Encyclopedia.

Mrs Devala Mitra യുടെ അഭിപ്രായത്തിൽ "There are strong ground for believing that the Dravedians came to India from the East Mediterranean region long before the Aryans......The impact of the Dravedians was much stronger than that of any of these races and they practically Dravidianized whole of peninsular India" page 610 chapter 39 Forgin elements in Indain population. The Cultural History of India Vol II

വേറൊരു ഭാഷാസമൂഹത്തിന്റെ ശക്തവും തുടർച്ചയായുള്ളതുമായ ആക്രമണം താങ്ങാനാവാതെ ശിഥിലമായ ദ്രവീഡിയൻ ഭാഷാസമൂഹം അക്രമികളുടെ മേധാവിത്വം അം‌ഗീകരിച്ച് അവരുടെ ഭാഷയും സംസ്കാരവും ഭാഗികമായി സ്വീകരിച്ച് വളരുന്ന ഒരു ജനതയെ ആണ് നാം പിന്നീട് കാണുന്നത്. ഭാരതത്തിൽ അനേകം പ്രാകൃത ഭാഷകൾ ഉണ്ടാവാൻ കാരണം ഈ മേൽകോയ്മയുടെ ഏറ്റക്കുറച്ചിൽ മാത്രമല്ല, അടിസ്ഥാനപരമായി നിലനിന്ന വിവിധഭാഷാസമൂഹങ്ങളുടെ മേലാണ് ഈ പുത്തൻ ഭാഷ വന്നുഭവിച്ചത് എന്നതു കൊണ്ടുകൂടിയാണ്. ഈ പുത്തൻ ഭാഷ സമൂഹത്തിൽ നിന്ന്‌ വളരെ അകലത്തിൽ നില കൊണ്ട മറ്റുഭാഷാസമൂഹങ്ങൾക്ക് അവരുടെ തനിമ കാത്തുസൂക്ഷിക്കാനും സാദ്ധ്യമായി. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങൾ ഈ ഇനത്തിൽപ്പെടുന്നു. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങളിൽ പ്രധാനമായവ തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീഭാഷകളാണ്. ഈ ഭാഷാസമൂഹങ്ങളെല്ലം ഒരുമിച്ച് ദ്രവീഡിയൻ ഭാഷാസമൂഹം എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഷാസമൂഹവും ഒരു കാലത്ത് വാക്കുകളുടെ കൊടുക്കൽ വാങ്ങലിന് വിധേയമായിരുന്നെങ്കിലും അത് വളരെ കുറഞ്ഞ തോതിൽ മാത്രമായിരുന്നു. എന്നാൽ ഈ ഭാഷാസമൂഹത്തിൽ വിവിധഭാഷാ സമൂഹത്തിലുള്ള പദങ്ങൾ കടന്ന് കൂടിയിട്ടുണ്ട് എന്ന സത്യം ആർക്കും നിഷേധിക്കാൻ ആവുകയില്ല.

നമ്മുടെ മാതൃഭാഷയായ മലയാളം എ.ഡി എട്ടാം ശതാബ്ദം വരെയെങ്കിലും തമിഴിന്റെ അവിഭാജ്യ ഘടകമായിരുന്നു . അതിനു ശേഷം മലയാളം സംസ്കൃത ഭാഷാസമൂഹത്തിന്റെ അധിപത്യം സ്വീകരിച്ച് തമിഴിൽ നിന്നും തെന്നി മാറുകയാണ് ഉണ്ടായത്. തമിഴിനോടൊപ്പം ആയിരുന്നപ്പോഴും മലയാളത്തിൽ അന്യഭാഷാപദങ്ങൾ കടന്നു കൂടിയിട്ടുണ്ടായിരുന്നു. ബുദ്ധ,ജൈന പ്രാകൃതങ്ങളിൽ നിന്നും മാഗധി പ്രാകൃതത്തിൽ നിന്നും കടന്നു കൂടിയ പദങ്ങൾ അനവധിയാണ്. വിവിധ ഭാഷാസമൂഹങ്ങൾ ഒത്തുചേരുമ്പോൾ പദങ്ങളുടെ കൊടുക്കൽ വാങ്ങൽ മാത്രമല്ല നടക്കുന്നത് , സാംസ്കാരിക തലത്തിലുള്ള ആദാനപ്രക്രിയയും ഇതോടൊപ്പം സംഭവിക്കുന്നു. ഭാരതം ഒട്ടാകെ ഒരു ഹൈബ്രിഡ് കൾച്ചർ ഉണ്ടാകാൻ കാരണവും വിവിധ ഭാഷാസമൂഹങ്ങളുടെ ഒത്തുചേരൽ മുഖാന്തിരമാണ്.

ആഗമ പദങ്ങളെ അടിസ്ഥനമാക്കി ചരിത്ര രചന നടത്തുന്നത് ഉചിതമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാലും മലയാള ഭാഷയുടെ ഉല്പത്തി തേടി പോകുന്ന ഒരാളിന് ചില ചരിത്ര സത്യങ്ങൾ വെളിവാകും. ഉദാഹരണമായി ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്ന കാലത്ത് ബ്രാഹ്മണഭാഷയെ അന്ധമായി അനുകരിക്കാനും പദപ്രയോഗങ്ങൾ ആവർത്തിക്കാനും ശ്രമിച്ചിരുന്ന ഒരുജനത ഇവിടെ ഉണ്ടായിരുന്നു. സംസ്കൃത ഭാഷയെ ബഹുമാനിക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ ആരാധിക്കാനും കേരളിയരിൽ ചിലർ തയ്യാറായിരുന്നു. ഈ വിധേയത്വമാണ് മലയാളം എന്ന ഒരു ഭാഷ ഉണ്ടാവാൻ കാരണമായത്. വിധേയത്വം കുറഞ്ഞ തെക്കൻ തിരുവിതാംകൂറിൽ മലയാണ്മയും തമിഴും കൂടികലർന്ന ഒരു ഭാഷയാണ് ഉരുത്തിരിഞ്ഞത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആണെങ്കിലും അവിടത്തെ മലയാളം മറ്റുജില്ലകളിലെ മലയാളത്തിൽ നിന്നും ഭിന്നമാണ്. ഉച്ചാരണരീതിയിലും പദപ്രയോഗത്തിലും എല്ലാം ഇപ്പോഴും തമിഴിനോടും തെലുങ്കിനോടുമാണ് കൂറ്. ‘എന്തൊരു’ ‘എന്തരോ’ മുതലായ പ്രയോഗങ്ങൾ തിരുവനന്തപുരം ഭാഷയിൽ സുലഭമാണ്.

‘അമ്പി’ എന്ന പദത്തിന് ഉച്ചാരണ വ്യതിയാനം സംഭവിച്ചപ്പോൾ ‘അപ്പി’യായ കഥ ഇന്ന് അങ്ങാടിപാട്ടാണ്. ഉയർന്ന ജാതിയിലുള്ള കുട്ടികളെ ‘അമ്പി’എന്നാണ് താണ ജാതിക്കാർ ഈ അടുത്ത കാലംവരേയും വിളിച്ചിരുന്നത്. അത് ജനകീയമായപ്പോൾ ‘അമ്പി’ ‘അപ്പി’ ആയി. ‘അപ്പി’ എന്നത് എങ്ങിനെ കുഞ്ഞുങ്ങളുടെ വിസർജ്യവുമായി ബന്ധപ്പെടുത്തി എന്നത് ഗവേഷണ വിഷയം ആക്കാവുന്നതാണ്. തമിഴ് ഭാഷയിൽ സംഭവിച്ച സബ്‌ജറ്റ്-ഓബ്‌ജറ്റ് കൺഫ്യൂഷൻ കേരളത്തിലും സംഭവിച്ചിട്ടുണ്ടാവാം.

തിരുവന്തപുരം എന്ന സ്ഥലനാമത്തിന് ‘ആയർ’ വംശജരുടെ ചരിത്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഗുരു നന്ദ ദക്ഷൻ (കുരു നന്ദ ഡക്കൻ) എന്ന ആയ് രാജാവ് ഏ.ഡി. എട്ടാം ശതകത്തിൽ വിഴിഞ്ഞം ഉൾപ്പെട്ട തിരുനന്തപുരത്തിന്റെ ഭരണം നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ ആകെ സംഭവിച്ച ബ്രാഹ്മണ മേധാവിത്വത്തിനൊപ്പം ഗുരു നന്ദ ദക്ഷന്റെ പേരിലുള്ള ‘തിരു നന്ദപുരം’ ‘തിരു അനന്തപുരം’ ആക്കിയതല്ലേ എന്ന സംശയിക്കാവുന്നതാണ്. ‘പുരം‘ എന്ന പദാന്ത്യത്തിലെ പ്രയോഗം തിരുവനന്തപുരത്തെ സംസ്കൃത ഭാഷയുമായി ബന്ധിപ്പിക്കുന്നു. പാർത്ഥിവപുരം ആയരുടെ സംഭാവനയാണെന്ന് ഓർക്കുക. ആയർക്കു് സംസ്കൃത ഭാഷയിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷയുമായിട്ടായിരിക്കാം അടുത്ത ബന്ധം. ‘കാന്തളൂർശാലയുടെ കലം അറുത്തരുളാൻ’ സഹായിച്ച ചോള (ഗോലർ ,കോലാര്യർ) വംശജരുമായി ആയ്‌വംശജർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. കാന്തളൂർശാലയുടെ നടത്തിപ്പിനായി ചേരന്മാർക്കോ ,പാണ്ഡ്യർക്കോ കൊടുക്കേണ്ടിയിരുന്ന കപ്പം ചോളർ ഇല്ലാതാക്കിയത് ‘ആയ്’‌വംശജർ സ്വാഗതം ചെയ്തതായി വേണം അനുമാനിക്കാൻ. വള്ളുവനാട് ഭരിച്ചിരുന്ന വള്ളുവകോനാതിരിക്ക് വല്ലഭ എന്ന സ്ഥാനപ്പേരുള്ളതു പോലെ ആയ്‌വംശാധിപന്മാർക്കും വല്ലഭ സ്ഥാനം ഉണ്ടായിരുന്നിരിക്കാം.പുരാതനമായ തിരുവല്ലം (തിരു വല്ലഭ) ക്ഷേത്രം തിരുവന്തപുരത്ത് ആണെന്ന് ഓർക്കാവുന്നതാണ്.‘വല്ലഭ’ത്തിൽ നിന്നാണ്‘വല്ല’‘വള്ളു’ തുടങ്ങിയ പദങ്ങൾ ഉണ്ടായത്.തിരുവനന്തപുരം മലയാളത്തിൽ സ്വന്തബന്ധങ്ങൾ കാണിക്കുന്ന പദങ്ങൾക്കും പ്രത്യേകതയുണ്ട്. അച്ഛൻ എന്ന പദത്തിന് ഇപ്പോൾ പ്രചാരം കിട്ടിയിട്ടുണ്ടെങ്കിലും കൂടുതൽ അറിയപ്പെട്ടിരുന്ന പദം അപ്പനാണ്. അപ്പൂപ്പനിലെ അപ്പനെ ഓർക്കുക. അമ്മ തള്ളയും അച്ഛൻ തന്തയും ആണ് ഗ്രാമ പ്രദേശങ്ങളിൽ. തിരുവനന്തപുരത്തുകാർക്ക് ചേട്ടനും ജേഷ്ടനും ഇല്ല.പകരം ‘അണ്ണാ’ ‘അണ്ണൻ’ എന്നി പദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചേച്ചിക്കു പകരം ‘അക്ക’യെന്നും ‘അക്കനെ’ന്നും ആണ് ഉപയോഗിക്കുക. അനുജത്തിയെ ‘തങ്കി’യെന്നും, അനുജനെ ‘തമ്പി’യെന്നുമാണ് അടുത്തകാലംവരേയും വിളിച്ചിരുന്നത്. കുടുംബത്തിലെ മൂത്ത കാരണവർക്കുണ്ടായിരുന്ന പോറ്റിസ്ഥനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ഭാര്യയെ ‘അച്ചി’യെന്നാണ് വിളിക്കുക. പാലക്കാട്ടെ ‘ നായരച്ചി’യുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. തമിഴിൽ കൂത്തച്ചി അശ്ലീലമാണ്. ദേവദാസികൾക്ക് ക്ഷേത്രഭരണത്തിലുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായപ്പോൾ ദേവദാസികൾ വെറും കൂത്തച്ചികളായി മാറിയ ചരിത്ര സംഭവം ഇവിടെ സ്മരണീയമാണ്. കേരളത്തിൽ ക്ഷേത്രങ്ങൾ ബ്രാഹ്മണരുടെ കാലത്താണ് ഉണ്ടായത്. കൂത്തമ്പലങ്ങൾ ഉള്ള ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. അതു കൊണ്ടായിരിക്കം ദേവദാസി സമ്പ്രദായം കേരളത്തിൽ ഇല്ലാതെ പോയത്. മാത്രവുമല്ല ബ്രാഹ്മണർക്ക് മറ്റുജാതി സ്ത്രീകളുടെമേൽ ശാരീരികവും സാംസ്കാരികവുമായ ആധിപത്യം ഉണ്ടായിരുന്നതു കൊണ്ട് ദേവദാസി സമ്പ്രദായം ഒരു ആവശ്യമായി മാറിയില്ല. അതേ സമയം ശുചീന്ദ്രംക്ഷേത്രം ഉൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ ദേവദാസീ സമ്പ്രദായം ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ വ്യക്തമാക്കുന്നു
മറ്റുഭാഷാസമൂഹങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ എത്തുന്നതിനു മുമ്പ് ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ എന്നപോലെ ഇവിടേയും ഗോത്ര സംസ്കാരം മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. കുടിയേറ്റക്കരുടെ മെച്ചപ്പെട്ട ഭാഷയും സംസ്കാരവും സ്വീകരിക്കാനും സ്വന്തം ഭാഷകളെ പൂർണ്ണമായല്ലെങ്കിലും കാലാന്തരങ്ങളിൽ മറക്കാനും ഈ ഗോത്രസമുദായങ്ങൾക്ക് കഴിഞ്ഞു.ഏറ്റവും അടുത്ത ബന്ധങ്ങൾ സൂചിപ്പിക്കുന്ന പദങ്ങൾ പോലും ആഗതപദങ്ങളാണെന്ന് കാണുന്നതിൽ നിന്ന് കുടിയേറ്റഭാഷാസമൂഹത്തിന്റെ മേധാവിത്വം തെളിഞ്ഞു കാണാം. അപ്പ, അമ്മ, അക്ക മുതലായ പദങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

എല്ലാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹങ്ങളിലും ‘പ്’അല്ലെങ്കിൽ ‘ബ് ’ ആണ് അപ്പാ എന്ന വാക്കിന്റെ അടിസ്ഥാന ശബ്ദം. അമ്മ എന്ന പദത്തിൽ ‘മ് ’ എന്ന ശബ്ദവും. ഓൾഡ് ഇംഗ്ലീഷിൽ ‘Pater’ ‘Mater’ എന്നി പദങ്ങളും സംസ്കൃതത്തിൽ ‘പിതാ’ ‘മാതാ’ എന്നപദങ്ങളും ഉദാഹരണങ്ങളാണ്. സെമിറ്റിക്ക് ഭാഷകളിൽ ‘പ’ ‘മ’ എന്നീ വ്യജ്ഞനങ്ങൾ ഒരു സ്വരാക്ഷരത്തിന്റെ സഹായത്തോടെ നില്ക്കുന്നു. ഉദാഹരണത്തിന് ഹീബ്രൂ വിൽ ‘അബ’ എന്നപദത്തിന് അപ്പൻ എന്നാണ് അർത്ഥം. ‘അമ്മ‘യ്ക്കാണെങ്കിൽ ‘ഏമ’ എന്നതാണ് പദം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് സെമിറ്റിക്ക് ഭാഷകളോടാണ് അടുത്തബന്ധം. അർമേക്ക് ഭാഷയിൽ ഉള്ള ‘അബ്ബ’ എന്ന പദത്തിന് ‘അപ്പ’നോട് വളരെ അടുത്ത സാമ്യമാണുള്ളത്. ടിബറ്റൻ ഭാഷകളിൽ ‘പ’ ആണിനേയും ‘മ’ പെണ്ണിനേയും സൂചിപ്പിക്കുന്ന പദങ്ങളാണ്. മറ്റൊരു പ്രകടമായ ഉദാഹരണം അക്കയെന്ന തിരുവനന്തപുരം മലയാളത്തിലുള്ള പദമാണ്. മറാത്തി, കന്നട. തെലുങ്ക്. തമിഴ് എന്നീ ഭാഷകളിൽ ഈ പദം കണ്ടുവരുന്നു. മംഗോളിയൻ ഭാഷയിൽ ‘achan’-യും ടിബറ്റൻ ഭാഷകളിൽ ‘achcha’-യും ആണ്. ലാപ്പിഷ് ഭാഷയിൽ ‘അക്കെ‘ എന്ന പദത്തിന് ‘ഭാര്യ’യെന്നും മുത്തശ്ശി എന്നും അർത്ഥമുണ്ട്. (കാൾഡ് വെല്ലിനോട് കടപ്പാട്)

സാധരണക്കാരായ മാതൃഭാഷാസ്നേഹികൾ വാക്കുകളുടെ ഉത്ഭവസ്ഥാനമോ(source) അവയ്ക്ക് വന്ന അർത്ഥവ്യത്യാസമോ അറിയുന്നവരാകണമെന്നില്ല. പദസ്വീകരണത്തിനോടൊപ്പം സാംസ്കാരിക സങ്കലനം സംഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും അവർക്ക് അന്യമാണ്. പക്ഷേ സാധരണ ജനങ്ങളുടെ മാതൃഭാഷാസ്നേഹം ചൂഷണം ചെയ്യുന്ന കക്ഷിരാഷ്രീയക്കാർ അവരെ ഭാഷാഭ്രന്തന്മാരാക്കുകയാണ് ചെയ്യാറുള്ളത്. ഇതുതന്നെയാണ് മതത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമുക്കുവേണ്ടത് ഭാഷാഭ്രന്തന്മാരെയോ മതഭ്രാന്തന്മാരേയോ അല്ല,സ്വയം ചിന്തിക്കാൻ കഴിയുന്ന രാഷ്ട്രത്തിനെ സ്നേഹിക്കുന്ന ഭാരതീയരേയാണ്. ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണെന്നും മതം ഉത്സവകാലങ്ങളിൽ ചന്തത്തോടെ അണിയാൻ ഉതകുന്ന മേലങ്കി മാത്രമാണെന്നും അറിഞ്ഞാൽതന്നെ അതു നമ്മുടെ വിജയമാണ്.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാത്ത മുഖം

കണ്ടില്ലെങ്കിലും കാണുന്നു ഞാനാ- പിഞ്ചോമന മുഖത്ത് വിരിയും പിച്ചിപൂക്കൾ. അമ്മതൻ ആനന്ദാശ്രുക്കളിൽ അലിയും അനന്തമാം ദുഃഖ സ്മരണകൾ കൈയ്യടിമേളത്തിൽ ഒളിക്കും ഒരച്ഛന്റെ താളം തെറ്റിയ ഹൃദയമിടിപ്പുകൾ. സ്നേഹസംഗമത്തിനെന്നും വിരുന്നൊരുക്കുന്ന,വിയർപ്പൊഴുക്കുന്ന മാന്യ സുഹൃത്തുക്കൾക്ക് എന്റെ വിനീത കൂപ്പുകൈ കടപ്പാട് : സുനിലിന്റെ ആൽത്തറയിലെ ബ്ലോഗ് റിപ്പോർട്ട്

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അവൾ കഥ പറയുന്നു:

കുറ്റാകുരിരുട്ടിൽ കാട് ആടി തിമിർത്തപ്പോൾ മഴപെയ്ത് പുഴയാകെ വീർത്തു ചെമന്നപ്പോൾ, കടപുഴങ്ങി വീണോരു ചന്ദനമരമാണു ഞാൻ. പൊങ്ങിയും താണും തപ്പിയും തടഞ്ഞും ചാഞ്ഞും ചരിഞ്ഞും അനങ്ങാപ്പാറയിൽ ഉരുമ്മി അലഞ്ഞുലഞ്ഞും യാത്ര നീണ്ടുനീണ്ടു പോകവേ നീന്തിയെത്തിയൊരു പും‌ഗവൻ കെട്ടിപിടിച്ചുമ്മവച്ച് കരയോളമെത്തീച്ച് കയറിൽ കുടുക്കി എന്നെ. അന്തികള്ളുമോന്താനവൻ പോയ സന്ധ്യാസമയം കള്ളചിരിയുമായ് ഒരു ബാലൻ കുണുങ്ങി കുണുങ്ങി വന്ന് കെട്ടഴിച്ചുവിട്ട പിറക് തുള്ളി ചാടി ഓടിമറഞ്ഞു. ഒഴികിയെത്തി ഞാനീ കടലിൻ മാറിൽ അനാഥയല്ല ഞാൻ അവശയുമല്ല. അനന്തമായ് നൃത്തം ചെയ്യും അമ്മതൻ ഹർമ്മ്യത്തിൻ അങ്കണത്തിൽ അമ്മക്ക് തുണയായ് ,കൊത്തിവച്ചൊരു തൂണായ്, നിത്യസൌരഭ്യമോടെ ഇന്നുമെന്നും വാഴും ഞാൻ.

2009, ജൂലൈ 19, ഞായറാഴ്‌ച

കേരളം ‘വളരുന്നു’

കേരളം തളരുന്നു താഴുന്നു ആഴക്കടലിൽ ജാതിക്കോമരങ്ങൾ തെയ്യം തുള്ളുന്നു. മത വെറിയന്മാർ കലിതുള്ളിയാടുന്നു. പാവങ്ങൾ പട്ടിണി പരിവട്ടത്തിൽ ഉഴലുന്നു. തീരത്ത തോരാത്ത ദുഃഖത്തിൻ ഉരുളുകൾ പൊട്ടുന്നു,കുടിലുകൾ ഒഴുകി മറയുന്നു. അദ്ധ്വാനിക്കും കഴുതകൾക്ക് അത്താണി ചമയും രാഷ്ടീയ ശിഖണ്ഡികൾ പുത്തൽ പുൽമേടുകൾ തേടി ഉന്മത്തരായ് ഉയരങ്ങളിൽ പറക്കുന്നു. കേരളം ‘വളരുന്നു’ കാണാക്കടലും താണ്ടി, അന്യമാം രാജ്യങ്ങളിലെ സ്വപ്നമാം ഡോളർ കൂമ്പാരങ്ങളിലൂടെ.

2009, ജൂൺ 10, ബുധനാഴ്‌ച

നനാത്വത്തിൽ ഏകത്വം

ഒരിക്കൽ പരിഹാസം സ്പുരിക്കുന്ന ഭാഷയിൽ പുരികം വളച്ച് ആരെയോ ആക്ഷേപിക്കുന്നു എന്ന പ്രതീതി മുഖത്ത് പ്രതിഫലിപ്പിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമാണ് ഈ ലേഖനത്തിന് പ്രചോദനം. ഭാരതീയ ആചാരാനുഷ്ഠാനങ്ങളേയും വിശ്വാസ വൈരുദ്ധ്യങ്ങളേയും കുറിച്ചുള്ള ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞു “ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഹർത്താൽ എന്ന ആചാരവും, ഗുണ്ടായിസവും, ബലാത്സംഗവും, രാഷ്ട്രീയക്കാരിലും ബ്യൂറോക്രസിയിലും കാണുന്ന കറപ്ഷനും അല്ലാതെ മറ്റെന്തു പൊതു സ്വഭാവമാണ് ഈ മഹാരാജ്യത്ത് ഉള്ളത്? unity in diversity ഉണ്ടെന്ന്‌ സമർത്ഥിക്കാൻ താങ്കൾക്ക് ആകുമോ?“ ചിന്തക്ക് തീകൊളുത്താൻ പോന്ന ചോദ്യം! ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ വൈജാത്യം ഒരു യാഥാർത്ഥ്യമാണ്. ഇവർ വിവിധ വർഗ്ഗങ്ങളെ (RACES) പ്രതിനിധാനം ചെയ്യുന്നു എന്ന് സായിപ്പും ഇന്ത്യാക്കാരും എഴുതിയ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും നമ്മൾ പഠിച്ചതും ഇന്ന് പഠിപ്പിക്കുന്നതും ഇതു തന്നെ.ദക്ഷിണേന്ത്യാക്കാർ സാമ്പാർ കുടിയന്മാരാണെന്ന് ഉത്തരേന്ത്യൻ elites പറയാറുണ്ട്. ആഹാരരീതിയിലുള്ള വ്യത്യാസം മാത്രമല്ല വസ്ത്ര ധാരണ രീതിയിലുള്ള മാറ്റങ്ങളും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. കൂറച്ചുകൂടി പാണ്ഡിത്യം അവകാശപ്പെടുന്നവർ, ദക്ഷിണേന്ത്യാക്കാർ രാക്ഷസഗണത്തിൽ പെടുന്ന ശൂദ്രജാതിക്കാരും ഉത്തരേന്ത്യാക്കാർ ആര്യവർഗ്ഗത്തിൽ പെടുന്ന ബ്രാഹ്മണരോ, ക്ഷത്രിയരോ,വൈശ്യരോ ആണെന്നും അവകാശപ്പെടുന്നു. ഇവർ സാംസ്കാരികതലത്തിലും ഭിന്നരാണുപോലും. .“Dravidian mind was (is) introspective and at the same time more mystical than the Aryan which was (is) matter of fact and more practical." Cultural Heritage of India Volume l page 82. ദ്രവിഡിയൻ ആര്യൻ എന്ന വർഗ്ഗ സങ്കല്പം തന്നെ തെറ്റാണ്. മാത്രമല്ല ഒരു വർഗ്ഗത്തിന്റെ "Mind" അളക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം ഏതാണെന്ന് ഈ പണ്ഡിത ശിരോമണികൾ വ്യക്തമാക്കുന്നുമില്ല. ബ്രാഹ്മണരെല്ലാം ഉത്തരേന്ത്യാക്കാരാണെന്നും,ഉത്തരേന്ത്യാക്കാരെല്ലാം ആര്യന്മാരാണെന്നും ഉള്ള അബദ്ധധാരണകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇതിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് ഇപ്പോൾ കണ്ടുപിടിക്കുക ദുഷ്കരം തന്നെ. കാൾഡ്‌വെൽ എന്ന മഹാൻ വളരെ ബുദ്ധിപൂർവം പ്രസ്താവിച്ച ഒരു “സത്യം”,തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾ സംസാ‍രിക്കുന്ന ജനത ഒരു പ്രത്യേക വർഗ്ഗത്തിൽ പെടുന്നുഎന്നാണ്. അദ്ദേഹം പറയുന്നു,“The indigenous Dravidian Languages which have maintained their ground for more than 2000 years against Sanskrit, the language of numerous, powerful and venerated, sacerdotal Race, may be expected successfully to resist the encroachment of every other tongue" A comparative Grammar of the Dravidian or South Indian family of Languages by Robert Caldwel പേജ് 3 published in 1875 “ഇവിടെ ആര്യൻ വർഗ്ഗത്തേ കുറിച്ച് പറയുന്ന കാൾഡ്‌വെൽ സായിപ്പ് മറ്റൊരു പേജിൽ വേറൊരു സന്ദർഭത്തിൽ ദ്രവിഡിയൻ വർഗ്ഗത്തേ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക. "with the exception of Orissa and those districts of Western India and the Dekhan in which Gujarati and Marathi are spoken, the whole of peninsular portion of India from the Vindyan mountains and the River Narmada to Cape Comrin, is peopled by different branches of one and the same Race speaking the different dialects of one and the same Language , the language to which the term 'Dravidian is here applied ....." id page1 വിഭിന്ന ഭാഷകൾ സംസാരിക്കുന്ന വിഭിന്ന വർഗ്ഗത്തിൽപ്പെടുന്ന രണ്ടു വർഗ്ഗക്കാരായി ഭാരതീയരെ വേർപിരിക്കാൻ കാർഡ്‌വെൽ സായിപ്പും ശ്രമിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രവുമാണല്ലോ? വർഗ്ഗം (Race ) ജീവപരമാണ് ഭാഷാപരമല്ല. “ the scientific concept of race is biological one that does not take into account Nationality language religion or culture" Funk and Wagnalls New Encyclopedia Vol 20 page നരവംശ ശാസ്ത്രജ്ഞന്മാർ -Aryan Race,American Race,Dravidian Race, Muslim Race, എന്നൊന്നും മനുഷ്യ വർഗ്ഗത്തെ വിഭജിച്ചിട്ടില്ലാത്തതിനു കാരണം ഇങ്ങിനെ ഒരു വിഭജനം ജീവശാസ്ത്രപരമായി തെളിയിക്കാൻ കഴിയാത്തതു കൊണ്ടാണ്. ബ്രാഹ്മണനാണ് സംസ്കൃതം സംസാരിക്കുന്നു എന്നതു കൊണ്ടു മാത്രം അയാൾ ആര്യൻ ആണ് എന്നു പറയുന്നത് ശരിയാവില്ല. ഒരു വ്യക്തിയുടെ ഭാഷയും സംസ്കാരവും ആ വ്യക്തി ജനിച്ചു ജീവിക്കുന്ന സമുദായത്തിന്റേതാണ്. ജീവശാസ്ത്രത്തിന് അതിൽ പങ്കില്ല. അതിനാൽ ദ്രവീഡിയൻ റെയിസ്സ് ,ആര്യൻ റെയിസ് എന്നൊക്കെ പറയുമ്പോൾ അവ ശാസ്ത്ര വിധികൾക്ക് ചേർന്നതാണോ എന്നു കൂടി ചിന്തിക്കാൻ പണ്ഡിതർ ബാദ്ധ്യസ്ഥരാണ്. നരവംശ ശാസ്ത്രജ്ഞർ ശാസ്ത്രാടിസ്ഥാനത്തിൽ കോക്കസോയിഡ്സ്, നീഗ്രോയിഡ്സ്, മംഗളോയിഡ്സ് എന്നീ വഗ്ഗങ്ങളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടാവാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു വർഗ്ഗങ്ങൾ ചേർന്ന് മറ്റൊരു വർഗ്ഗം ഉണ്ടാവുന്നത് ശാസ്ത്രീയമായി ശരിയാണുതാനും. പക്ഷേ ഒരു സമൂഹം താമസ്സിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര മാനം കണക്കാക്കാതെ അവരുടെ സംസാരഭാഷയെ മത്രം അടിസ്ഥാനമാക്കി നടത്തുന്ന വർഗ്ഗ നിർണ്ണയം അശാസ്ത്രീയമാണ്. മാക്സ്മുള്ളർ ആണല്ലോ ഭാഷയുടെ അടിസ്ഥനത്തിൽ വർഗ്ഗ നിർണ്ണയം നടത്തിയത്. പക്ഷേ നേരത്തേ പറഞ്ഞതു മുഴുവൻ ശരിയല്ലയെന്നും,“ Language was no test of race“ എന്ന്‌ അവസാ‍നമായി തിരുത്തേണ്ടി വന്നതും അദ്ദേഹത്തിന്റെ മഹത്വമായി കണക്കാക്കണം. ഇതേ പോലെ ഒരു വ്യക്തിയുടെ ബുദ്ധിശക്തിയും (ഐ.ക്യൂ.) അയാൾ ഉൾപ്പെടുന്ന (അയാളെ ഉൾക്കൊള്ളുന്ന) പ്രത്യേക വർഗ്ഗവും തമ്മിൽ ബന്ധിപ്പിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവും മാനസിക വളർച്ചയും പാരമ്പര്യത്തോടൊപ്പം അയാളുടെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ചുറ്റുപാടുകളേയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ചരിത്രാതീത കാലത്തുതന്നെ ഭാരതം എന്ന പുണ്യഭൂമിയിലേക്ക് വ്യത്യസ്ത ഭഷകൾ സംസാരിച്ചിരുന്ന വിഭിന്ന വർഗ്ഗക്കാർ വിവിധോദ്ദേശങ്ങളുമായി കടന്നു വന്നിട്ടുണ്ടെന്ന് ജവർലാൽ നെഹ്രു അദ്ദേഹത്തിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ വൈവിദ്ധ്യം ഒഴിവാക്കാൻ കഴിയാത്തതായി ഇപ്പോഴും നിലനിൽക്കുന്നു. “Diversity is on the srface Anybody can see it“-നെഹൃ. പക്ഷേ ഈ Diversity വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നത് വരാനിരിക്കുന്ന അപകടത്തിന്റെ ചൂണ്ടു പലകയാണ്. വ്യക്തിയുടെ ജാ‍തിപരവും,മതപരവും ആയ വരട്ടു ചിന്തയും (dogmatic thinking ) മതത്തിനോടുള്ള അന്ധമായ വിശ്വാസവും,വ്യക്തി ഉൾപ്പെടുന്ന സമൂഹത്തിന്റെ വൈകാരിക ബന്ധവും, വികാരത്തിന്റേതല്ലാതെ വിചാരത്തിന്റെ ലോകത്തിലേക്ക് എത്തിപ്പെടാനുള്ള കഴിവില്ലായ്മയും, എല്ലാത്തിനും ഉപരി ഇവയെ ചൂഷണം ചെയ്യാൻ അവസരവും കാത്ത് കഴിയുന്ന സ്വാർത്ഥമതികളായ കക്ഷിരാഷ്ട്രീയ നേതാക്കന്മാരും ഈ diversity യുടെ ആഴം മനപൂർവം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാ‍ണ്. രാഷ്ട്രീയ നേതൃത്വമണ് രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. നേതൃത്വ നിരയിലുള്ളവർ ഹിപ്പോക്രിറ്റ്സും കഴിവില്ലാത്തവരുമായാൽ രാജ്യത്തിന്റെ ഭാവി ഇരുളാനേ തരമുള്ളൂ. മതേതരത്വം പ്രസംഗിക്കുകയും രഹസ്യമായി മതപ്രീണനത്തിന് ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളിലും കണ്ടുവരുന്നു. ഇത് വലിയ അപകടത്തിലേക്കായിരിക്കും രാഷ്ട്രത്തെ കൊണ്ടെത്തിക്കുക. ഭാരതീയർ സംഘടനാധിഷ്ഠിത മതങ്ങളിലല്ല വിശ്വസിക്കുന്നത്. ഇപ്പോൾ ചില തത്പരകക്ഷികൾ മതങ്ങളെ സംഘടനാധിഷ്ടിതമാക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യം തന്നെ.അവരെ നിലക്ക് നിറുത്തേണ്ടത് രാഷ്ട്രീയക്കാരാണ്, ഭരിക്കുന്നവരാണ്. ഇവരെ കൂട്ടുപിടിച്ച് വോട്ടു ബാങ്കുകൾ ഉണ്ടാക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം. സംഘടാനാഷ്ഠിത മതങ്ങളെ , അവർ ഭൂരിപക്ഷമായാ‍ലും ന്യൂനപക്ഷമായാലും പ്രീണിപ്പിക്കുന്നത് ഒരുപോലെ ആപത്താണ്. മതത്തിൽ നിന്നും ജാതിയിൽ നിന്നും ജനതയെ രക്ഷിക്കേണ്ടവർ ജാതിക്കും മതത്തിനും അടിമവേല ചെയ്യേണ്ടി വരുന്നത് ഏറ്റവും നികൃഷ്ടമായ ഒരു ഏർപ്പാടായി വേണം കരുതാൻ. മതാദ്ധ്യക്ഷന്മാരോ രാഷ്ടീയവൽക്കരിച്ച മതസംഘടങ്ങളുടെ നേതാക്കന്മാരോ,രഹസ്യമായി മതസംഘടനകൾക്ക് നേതൃത്വം കൊടുത്ത് രാജ്യം ഭരിക്കാൻ ചുമതലപ്പെടുത്തുന്നവരോ, രാഷ്ട്രത്തലവന്മാരായാൽ മതനിയമങ്ങളാവും ജനങ്ങൾ അനുസരിക്കാൻ നിർബന്ധിതരാവുക. 'It is a theocratic country' എന്നാവും മറ്റു രാജ്യങ്ങൾ വിലയിരുത്തുക. അർക്കും തന്നെ മതത്തിന്റെയോ ജാതിയുടേയോ പേരിൽ പ്രതിനിധിയാകാനോ ഭരണത്തിൽ പങ്കാളിയാകാനോ കഴിയാത്ത അവസ്ഥയിൽ ആ രാജ്യത്തെ secular state എന്നു വിളിക്കുന്നതിൽ തെറ്റില്ല. രാജ്യത്തിന്റെ നില നില്പിനാണോ മതത്തിന്റെ മേലങ്കി അണിയലാണോ,ഇതിലേതാണ് പ്രാധാന്യം എന്ന് ചിന്തിക്കേണ്ടത് ഭാരതീയരാണ്. മത വിശ്വാസം രാജ്യസ്നേഹത്തിന് ഒരു വിധത്തിലും തടസ്സമാവരുത്. പല മതങ്ങളിൽ വിശ്വസിക്കുന്നവർ, പല ഭാഷകൾ സംസാരിക്കുന്നവർ, ഇവരുടെയെല്ലാം പ്രതിനിധികളാവണം രാജ്യം ഭരിക്കേണ്ടത്. അധികാരം കിട്ടിയാൽ സ്വയം ചുരുങ്ങി എന്റെ മതം,എന്റെ ജാതി, എന്റെ ഭാഷ, എന്റെ സംസ്ഥാനം,എന്റെ നിയോജക മണ്ഡലം, എന്റെ വാർഡ്, എന്നിങ്ങനെ പോയി പോയി അവസാനം എന്റെ വീട്,ഞാൻ എന്ന് ചിന്തിക്കുന്നവരെ അല്ല നമുക്ക് വേണ്ടത്. പൈതൃകമായി സഹസ്രാബ്ദങ്ങൾ കൊണ്ട് ഭാരതീയ ജനത നേടിയെടുത്ത ആത്മീയ ഊർജ്ജം ഒരു അടിയൊഴുക്കായി വടക്കുനിന്നും തെക്കോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ഒഴുകുന്നുണ്ട്. ഭാരതത്തിലെ ഗോത്രവർഗ്ഗക്കാരും ചരിത്രാതീത കാലത്ത് ഇവിടേക്ക് കുടിയേറി പാർത്ത വിദേശിയരും ഒത്തു ചേർന്ന് ഉണ്ടാക്കിയ ഒരു പാരമ്പര്യ വൈശിഷ്ടമായി വേണം ഈ ആത്മീയ ഊർജ്ജത്തെ കാണാൻ. ആകാശവും ഭൂമിയും തമ്മിൽ എന്താണ് ബന്ധമെന്ന് ഒരു സാധരണ മനുഷ്യനോട് ചോദിച്ചാൽ ഉത്തരം പറയാൻ ഏറെ വിഷമിക്കും. അതേ പോലുള്ള ഒരു അവസ്ഥാ വിശേഷമാണ് ഈ unifying link ന്റെ അടിസ്ഥാന ഗുണത്തേ കുറിച്ച് ചോദിച്ചാലും ഉണ്ടാവുക. ഇത് ജാതി മത ഭാഷാ പരിഗണനകൾക്കും രാഷ്ട്രിയ ആദർശ്ശങ്ങൾക്കും അതീതമാണ്. എന്തിനെയും പുണ്യമായി കരുതുന്ന, എന്ത് അധാർമ്മികതയേയും സഹനശക്തിയോടെ നേരിടുന്ന ശാരാശരി പ്രായോഗിക ബുദ്ധിയുള്ള, സ്വന്തം ജാതിയിൽ ഊറ്റം കൊള്ളുന്ന, മതം എന്താണ് എന്തിനാണ് ആരുടെ സൃഷ്ടിയാണ് എന്നറിയാത്ത, ആചാരാനുഷ്ഠാനങ്ങൾ മോക്ഷപ്രാപ്തിക്കു വഴിയൊരുക്കും എന്ന് വിശ്വസിക്കുന്ന അല്പ വിദ്യാ‍ഭ്യാസവും ആഴത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തതും വികാരത്തിന്റെ ലോകത്തിൽ മാത്രം ജീവിക്കുന്നതും ആയ ആളുകളുടെ കൂട്ടായ്മയാണ് ഭാരതീയ ജനത. ഇവർ അറിയാതെ ഇവരെ ബന്ധിപ്പിക്കുന്ന ആത്മീയ ചരട് പൊട്ടിച്ചെറിയാനാണ് തത്പര കക്ഷികളുടെ ശ്രമം. ഈ ഗൂഢശ്രമത്തിൽ ദേശീയരും വിദേശിയരും ഉണ്ട്. സ്വാർത്ഥമതികളും സങ്കുചിത താത്പര്യക്കാരുമായ ഈ നെഗറ്റീവ് ഫോഴ്സുകളായിരിക്കും രാജ്യത്തിന് വലിയ ആപത്ത് ഉണ്ടാക്കാൻ പോകുന്നത്. അങ്ങിനെ സംഭവിച്ചാൽ കാൽ ശതാബ്ദത്തിനുള്ളിൽ ഭാരതം ചെറിയ ചെറിയ രാജ്യങ്ങളായി ചിഹ്ന ഭിന്നമാകുമെന്ന് പ്രവചിക്കാൻ ഒരു ഋഷിവര്യനെ തേടേണ്ട ആവശ്യം ഇല്ലതന്നെ.

2009, ജൂൺ 4, വ്യാഴാഴ്‌ച

കവയത്രി

നിന്റെ ചുറ്റിലും ഒഴുകിയ നീരുറവകൾ വറ്റിവരണ്ട് നിനക്ക് സ്നേഹജലം തരാതായപ്പോൾ ഏകന്തതയുടെ കുരിശും ചുമന്ന് നീ സാഹിതീസൌധത്തിന്റെ പടിവാതിൾക്കൽ എത്തി. നിന്റെ ദു:ഖം, സുഖവും സത്യവും ആണെന്നും നിനക്കുവേണ്ടത് സ്വാതന്ത്ര്യമാണെന്നും നീയറിഞ്ഞു. എത്ര ആഴത്തിലാണോ , ദു:ഖം നിന്നെ നീയാക്കിയത് അത്രയും ആഴത്തിൽ സ്നേഹം നിന്നിലൂടെ പരന്നൊഴുകി. നീ മനസ്സ് മാന്തിക്കീറി രക്തത്തിൽ മുക്കിയെഴുതിയ വരികൾ ആനന്ദ നീർത്തടമായി. നിന്നെ ഒളിപ്പിച്ചിരുന്ന പുറന്തോട് നിന്റെ ആത്മാവ് തട്ടിയുടച്ചപ്പോൾ പൊട്ടി ചിതറിയ മുത്തുകളാണു നിൻ സൃഷ്ടി. സ്വയം ശോഭ വിതറാൻ നിനക്ക് കരുത്തു നൽകിയ സൂര്യദേവനാരാണ്? ഇരുട്ടിനെ വെളിച്ചമാക്കാനും അഗ്നിയെ നിലാവാക്കാനുമുള്ള മാസ്മര വിദ്യ പഠിപ്പിച്ചതാരാണ്? കൊച്ചു കൊച്ചു വാക്കുകളിലൂടെ വലിയൊരു പ്രേമഹർമ്യം നിർമ്മിക്കാനും നിഴൽ പോലെ ചുമരിൽ ദൃശ്യ രൂപങ്ങൾ ഒളിപ്പിക്കാനും നിനക്കെങ്ങിനെ സാദ്ധ്യമായി? ആത്മാവ് സ്വയം പൊട്ടി വിരിയുമ്പോൾ സ്വർഗ്ഗിയ പ്രേമത്തിൻ സൌരഭ്യം പരക്കുന്നു. അർത്ഥ ശൂന്യമാം ചോദ്യങ്ങളും പരിഹാസ തേൻ പുരട്ടിയ ഒളിയമ്പൊകളും പാഴ് വേലയാകുന്നു!

2009, മേയ് 12, ചൊവ്വാഴ്ച

യാത്രികർ

അന്വേഷികളീ യാത്രികർ

സ്വയം അറിയാൻ ശ്രമിക്കുന്നവർ

അറിവിന്റെ കണ്ണികൾ ചേർത്ത്

സ്വർണ്ണമാല പണിയുന്നവർ.

ഊതിവീർപ്പിച്ചോരഹന്തതൻ

ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.

യാത്ര ലഹരിയെന്നോതുന്നവർ

ലീലാവിനോദങ്ങളിലാറാടി

നീന്തിതുടിച്ചുല്ലസിക്കുന്നവർ.

മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ

‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ

ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’

എന്നു പാടി സ്നേഹം പങ്കിടുന്നോർ.

( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )

സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,

സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ

അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ

വെമ്പൽ കൊള്ളും മനീഷിമാർ!

ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ

എന്നോർത്ത് ദുഃഖിക്കുന്നവർ.

നാളെയുമീയാത്ര തുടരാനാകുമോ

എന്ന് വ്യാകുലപ്പെടുന്നവർ.

സ്നേഹിക്കാനും സേവിക്കാനും

ഒരു വഴികാട്ടി കൂടിയില്ലല്ലോ

എന്ന് വേദനയാൽ മനസ്സുരുകി

കരയും ‘ചിന്താവിഷ്ടയായ സീത’മാർ.

ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര

എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.

ഔപചാരികതയുടെ വരമ്പുകൾ

വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്

വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ

പൂത്തുലയും,യാത്ര ധന്യമാകും

എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി

ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?

2009, ഏപ്രിൽ 21, ചൊവ്വാഴ്ച

പ്രതിധ്വനി

ഇരുട്ടും വെളിച്ചവും പോലെ ജീവിതവും മരണവും ഒന്നാണെന്നറിയുക. സൂര്യനിൽ അലിഞ്ഞ് ഇല്ലാതാവാൻ കാമാഗ്നി കത്തിതീരണമെന്നറിയുക. തഴുകി തലോടാനായ് വരും തെന്നൽ ഒഴുകി മാറിപ്പോകേണമെന്നറിയുക. മോഹത്തിൽ പെരുമഴ ആഴിതൻ ആഴത്തിൽ ആഴ്ന്ന് അദൃശ്യമാകേണമെന്നറിയുക. അഗാധശൂന്യതയിൽ നിന്നന്നുയരുമീ ശബ്ദം, ആത്മാവും ബുദ്ധിയും ഒന്നാണെന്നറിയുന്ന ആനന്ദാനുഭൂതിതൻ പ്രതിധ്വനിയാണെന്നറിയുക.

2009, ഏപ്രിൽ 15, ബുധനാഴ്‌ച

അഭിവാഞ്ച

ജീവൻ നിലനിൽകണമെന്നത്
ജീവന്റെ തന്നെ നിലയ്ക്കാത്ത
അഭിവാഞ്ഛ ആണെന്നറിയുന്നു
അതിന്റെ മൃദുസ്പന്ദനം
ഞാൻ അനുഭവിക്കുന്നു
ജീവിക്കുന്നു എന്ന് തോന്നിക്കാൻ ഒരു
കഠിന ശ്രമമാണീ ജീവിതം.
മോഹവലയത്തിൽ കുടുങ്ങിയ
മീൻ കണക്കെ തുള്ളുന്നു തുടിക്കുന്നു.
ചുറ്റിലും വെള്ളമാണെങ്കിലും
ദാഹം പെരുകുന്നു.
ഭയക്കുന്നു ഞൻ ഇവറ്റയെ
ഭയമറ്റ് സ്വതന്ത്രനായെങ്കിൽ എനിക്ക്
ഞാനല്ലാതാകാൻ കഴിഞ്ഞേനെ.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

മരണം പടിവാതില്കൽ എത്തും മുമ്പ്

വിളക്കുകെടുത്താൻ സമയമായെങ്കിലും ഇരുട്ടിന്റെ ശൂന്യതയിൽ, ഉള്ളിന്റെ ഉള്ളിൽ ജ്വലിക്കും ദീപമുയർത്തട്ടെ,ചുറ്റും വീശും കാറ്റിൽ കെട്ടുപോയാലും എണ്ണയൂട്ടി തിരികൊളുത്താൻ അമ്മയുണ്ടല്ലോ! സ്നേഹത്തിന്റെ അഗാധതയിൽ നിന്നുയർന്നു ദു:ഖത്തിൻ കുമിളകൾ വെന്തുരുകും ചൂടിൽ മരണത്തിൻ പടിവാതിലിൽ ഞാനെന്റമ്മയെ കണ്ടു ആശ്വാസത്തിന്റെ കണ്ണുനീരരുവിയിൽ നീന്തി തുടിച്ചു ഞാനല്പനേരം സ്വയം മറന്ന് ഊളിയിട്ടു ആത്മാവിൻ മടിത്തട്ടിലേക്കായ്. ഇരുട്ടിലാകെ തപ്പിതടഞ്ഞു കരണം മറിഞ്ഞു മലർന്നു പൊങ്ങി അമ്പ് കൊണ്ട് മലച്ച മീൻ കണക്കെ. സായാഹ്നമായ് സന്ധ്യയായ് സമയമായ് ഇനി ഇരുട്ടിന്റെ ശൂന്യതയിലേക്ക് ഒഴുകിമറയാൻ.

2009, മാർച്ച് 30, തിങ്കളാഴ്‌ച

സത്യമെത്ര വിചിത്രം

സത്യമെത്ര വിചിത്രം വിരൂപം അർത്ഥസത്യം സത്യമായ് ചമയുന്നു വാർദ്ധക്യം യൌവനത്തിൻ മേലങ്കി അണിയുമ്പോലെ സത്യം സൌന്ദര്യമാണുപോലും വൈരൂപ്യമാരുടെ സന്തതി? അനുപേക്ഷണിയമാണു സത്യം പക്ഷേ ആപേക്ഷികമാണതിൻ സ്വഭാവം നൈമിഷികമാണതിൻ ജീവൻ ശ്വാശ്വതമെന്നത് വെറും സങ്കല്പം മാത്രം. സന്ദർഭോചിതം, പ്രാദേശികം, നാശഹേതുകം, അതല്ലേ സത്യം? കൃത്രിമ മുഖങ്ങൾക്ക് വിശുദ്ധി അരുളും കാലം സത്യത്തിൻ മായാജാലം സത്യമെന്ന മിഥ്യക്ക് അർത്ഥം കാണാൻ കണ്ണു തുറക്കൂ സോദരാ.