2008, നവംബർ 12, ബുധനാഴ്‌ച

സ്വപ്ന സഞ്ചാരത്തിലൂടെ ഭാഗം 4

ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽപ്പെട്ട മറ്റൊരു ക്ഷേത്രമാണ് ഗ്രീഷ്മേശ്വരവും. ക്ഷേത്രത്തിന്റെ ഉള്ളിൽ കടക്കണമെങ്കിൽ തലനന്നായി കുനിയുകതന്നെ വേണം.വേഗം ഒരു ഓട്ടപ്രദിക്ഷണം നടത്തി ബസിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളതും ഞങ്ങൾ എല്ലവരും വളരെ അധികം ബഹുമാനിക്കുന്നതും ജ്ഞാനിയുമായ തിരുമേനി ഒരു സീറ്റിൽ തനിയെ ഇരിക്കുന്നു.ക്ഷീണം കൊണ്ടാ‍യിരിക്കണം കണ്ണടച്ചാണ് ഇരിപ്പ്. നേരത്തെതന്നെ പരിചയപ്പെട്ടിരുന്നതിനാൽ അടുത്തുചെന്നു ചോദിച്ചു. “ എന്തേ തിരുമേനി ദർശനത്തിനു പോയില്ലേ?” “ഇല്ല നല്ല ക്ഷീണം. മനസ്സ് വേണംച്ചാലും ശരീരം സമ്മതിക്കുന്നില്ല.വയസ്സ് 80 തിലധികമായി.പിന്നെ ഞാൻ നേരത്തെ ഇവിടെ വന്നിട്ടും ഉണ്ട്.വരൂ ഇങ്ങോട്ടിരിക്കു.വിരോധം ഇല്ലാച്ചാൽ ഞാൻ ചില കഥകൾ പറയാം.” “വളരെ സന്തോഷം. തിരുമേനി പറഞ്ഞോളൂ” ഈ ശിവൻ ആരാന്നറിയോ?” “ത്രിമൂർത്തികളിൽ ഒരാൾ.” “സക്ഷാൽ പശുപതിയാണ് ശിവൻ. സിന്ധൂനദീതട സംസ്കാരത്തേപ്പറ്റിയും അവിടെ നിന്ന് പശുപതിയുടെ ചിത്രം ഉള്ള മുദ്ര കിട്ടിയ കാര്യവും അറിയില്ലേ? പഴയകഥകൾ ആലോചിച്ചാൽ എന്താ എനിക്ക് തോന്നുക എന്നറിയ്യോ? നല്ല സ്വാദുള്ള ഒരവിയലാണ് ഭാരതം ന്ന്. അന്യ നാട്ടിൽ നിന്ന് എത്രഎത്ര ആൾക്കാരാണ് ഇവിടെ വന്ന് സ്ഥിരതാമസ്സമാക്കിയത്? ഇറാനിയന്മാർ, ഗ്രീക്കുകാർ, ഹൂണന്മാർ, സ്കിതിയന്മാർ , മംഗോളിയർ, അങ്ങിനെ അങ്ങിനെ പോകുന്നു ആ ലിസ്റ്റ്. ഇവിടത്തെ ആൾക്കാരെന്താ മോശക്കാരാ? ഒട്ടുമല്ല. സിന്ധൂനദീതട സംസ്കാരത്തിന്റെ ഉടമകളല്ലേ? അവരുടെ ദൈവമല്ലേ പശുപതി? പക്ഷേ ഇപ്പോൾ ഭാരതത്തിലല്ല അങ്ങ് ടിബറ്റിലുള്ള കൈലാസത്തിൽ കൈലാസനാഥനായി വാഴുകയാണെന്നുമാത്രം .ശിവന്റെ മറ്റു പ്രധാന ക്ഷേത്രങ്ങളിൽ വടക്ക് കാശ്മീരിലെ മഞ്ഞുമലകളിൽ സ്ഥിതിചയ്യുന്ന അമർനഥ് ഗുഹാക്ഷേത്രവും, ദക്ഷിണേന്ത്യയിലെ രാമശ്വരവും,കിഴക്കുള്ള ഭുവനേശ്വർ ക്ഷേത്രവും, പടിഞ്ഞാറുള്ള സോമനാഥ ക്ഷേത്രവും പ്രസിദ്ധങ്ങളല്ലേ? അങ്ങിനെ എത്രയെത്ര !ചുരുക്കിപറഞ്ഞാൽ ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള മാജിക്കോറിലിജിയസ്സ് വർഗ്ഗക്കകാർ ആരാധിച്ചിരുന്ന രണ്ട് ദൈവങ്ങളാണ് പശുപതിയും,ശക്തിയും. വേദസംഹിതകളുടെ ആവിർഭാവത്തോടെ പശുപതി കൈലാസവാസം സ്ഥിരമാക്കി.സംഹിതകൾക്കു ശേഷമാണല്ലോ ബ്രഹ്മണങ്ങളും അരണ്യകങ്ങളും ഉണ്ടായത്” “അപ്പോൾ ഉപനിഷത്തുക്കളോ തിരുമേനീ”? “ഉപനിഷത്തുക്കൾ പിന്നീടാണ് ഉണ്ടായത്. പക്ഷേ ഉപനിഷത്തുക്കളും വേദങ്ങളുടെ തുടർച്ചതന്നെ യാണ്. ഉപനിഷത്തുകൾ മതവിശ്വാസത്തിന് ഒരു താത്വിക പശ്ചാത്തലം ഒരുക്കുകയാണ് ചെയ്യുന്നത്. അനശ്വരമായ സത്യമാണ് ഉപനിഷത്തുക്കളിലെ ദൈവസങ്കല്പം.കർമ്മത്തോട് ബന്ധപ്പെട്ടതാണ് സുഖവും,ദുഃഖവും. അവയൊക്കെ നശ്വരമാണ്.സത്യം ഒന്നേയുള്ളു ബ്രഹ്മൻ മാത്രം.ഈ സത്യം എന്ത്ന്ന് അറിയാനുള്ള ശ്രമമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. പക്ഷേ അതിനുള്ള കഴിവു നേടാൻ എല്ലവർക്കും സാധിക്കുകയില്ലാ എന്ന് പരോക്ഷമായെങ്കിലും ഉപനിഷത്തുകളിൽ സൂചനയുണ്ട് ട്ടോ.എന്തേ മാഷിന് ഉറക്കം വരുന്നുണ്ടോ?” “ഇല്ല തിരുമേനി തുടരൂ .ഞാൻ ശ്രദ്ധിച്ചു കേൾക്കുകയാണ്” അതീവ നിഗൂഢവും മനസ്സിലാക്കൻ ബുദ്ധിമുട്ടുമുള്ള ഒന്നിനെ സാധാരണക്കാർക്ക് സ്വീകരിക്കാനാവുമോ? മാഷിനറിയാമല്ലോ ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവില്ലാത്ത കുട്ടികളുടെ ശ്രദ്ധ മറ്റെവിടേക്കേങ്കിലും തിരിയുന്നത്.ഇക്കാലത്തുപോലും മാജിക്ക് കാണീക്കുന്നവരോടും,അത്ഭുതസിദ്ധികൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവരോടും,മന്ത്രതന്ത്രങ്ങളാൽ രോഗശാന്തി വരുത്തുന്നു എന്ന് വിശേഷിപ്പിക്കുന്നവരോടും ജനങ്ങൾ കാണിക്കുന്ന ബഹുമാനം. ഇത്രയും ബഹുമാനം ശത്രജ്ഞന്മാരോട് ഉണ്ടോ? ഒരുവിധത്തിൽ പറഞ്ഞാൽ ആ പഴയമന്ത്രതന്ത്രങ്ങളല്ലേ ഇപ്പോൾ നമ്മുടെ മന്ത്രിമാർ കാണിക്കുന്നത്.മജിക്കോ റിലിജിയസ്സുകളുടെ പുതിയ തലമുറക്കാരല്ലേ അവർ. അവരെയല്ലേ നമ്മൾ കൂടുതൽ ഭയക്കുന്നത്? പറഞ്ഞു വന്നത് എന്തെന്നുവച്ചാൽ എല്ലം നശിപ്പിക്കാൽ കഴിവുള്ള ഉഗ്രമൂർത്തിയായ പശുപതി ഈ സന്ദർഭത്തിൽ ഒരു പുതിയ മുഖവുമായി രംഗപ്രവേശം ചെയ്തു എന്നാണ്.സാധരണക്കാരായ ജനങ്ങൾ പഴയ രുധിരനെ ശിവനാക്കി.എന്നിട്ട് തങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവാത്ത ഉപനിഷത്തുക്കൾ ഉപേക്ഷിക്കുകയും പകരം ബ്രാഹ്മണങ്ങളിൽ വിവരിചിട്ടുള്ള ആചാരങ്ങൾക്കും അർച്ചനകൾകും വീണ്ടും പ്രാധാന്യം കൊടുക്കുകയും ചെയ്തതിൽ അത്ഭുതമുണ്ടോ? സാധരണക്കാർ ബ്രാഹ്മണിക്കൽ മതത്തിലുണ്ടായിരുന്നതും അവർക്ക് പരിചിതങ്ങളുമായ ദൈവങ്ങളെ തന്നെ പൂജിക്കാൻ തുടങ്ങി.അവരെക്കുറിച്ച് അനേകം കഥകൾ ഉണ്ടായി.. രുദ്രൻ ശിവനും വിഷ്ണു കൃഷ്ണനുമായി. ദാ എല്ലവരും എത്തിക്കഴിഞ്ഞു . നമുക്ക് നിറുത്താം അല്ലേ?” “വേണ്ട തിരുമേനീ,പറഞ്ഞു തുടങ്ങിയതു മുഴുവനാക്കൂ” “മാഷിന് സംശയം ഒന്നും ഇല്ലാത്തപോലെ,ചോദ്യങ്ങൾ ഒന്നും വരുന്നില്ലല്ലോ?” അല്പജ്ഞാനം അപകടമല്ലേ തിരുമേനീ,എനിക്ക് ഈ വിഷയത്തിൽ വലിയ പരിചയമില്ല,പിന്നെ എങ്ങിനെ ചോദ്യം വരും? എന്നാലും ചോദിക്കട്ടെ കളിയാക്കരുത്” “ങും ചോദിച്ചോളൂ” ബുദ്ധമതവും ,ജൈനമതവും ഇക്കാലത്തല്ലേ ഉണ്ടായത്? ബുദ്ധമതക്കാർ ഒരു പ്രത്യേക വർഗ്ഗക്കാരായിരുന്നു എന്നും വേദിസ്റ്റുകൾ മറ്റൊരു വർഗ്ഗക്കാരയിരുന്നു എന്നും കേട്ടിട്ടുണ്ട്.ശരിയാണോ?” അതേ,അതെ. ചാർവകകരും അപ്പോഴാണ് ഉണ്ടായത്.ഒരു വിപ്ലവം ഉണ്ടാകുമ്പോൾ അതിന് പല മുഖങ്ങൾ ഉണ്ടാവാം. ചിലതൊക്കെ മനസ്സിലാക്കൻ അക്കാലത്തെപ്പറ്റിയുള്ള സൂഷ്മമായ അറിവ് ആവശ്യമാണ് അങ്ങിനെ ഒരറിവ് നമുക്ക് ഇപ്പോൾ ലഭ്യമല്ല. വിഷ്ണുവിനെ ആരാധിച്ചിരുന്ന വൈഷ്ണവർക്ക് മൃഗങ്ങളെ ബലികൊടുക്കുന്നതിലും,യജ്ഞം നടത്തുന്നതിലും എല്ലം എതിർപ്പുണ്ടയിരുന്നു എന്നു വേണാം അനുമാനിക്കാൻ.ഇത് വെറും അനുമാനം മാത്രമാണ്‌ട്ടോ . ഭക്തിയോടെ വിഷ്ണുവിനെ സ്തുതിക്കുകന്നതാണ് മുക്തിയുടെ മാർഗ്ഗമായി അവർ കണ്ടത്.എല്ല ജീവജാലങ്ങളേയും സ്നേഹിക്കുക എന്ന ഉന്നത തത്വത്തിൽ വിശ്വസിച്ചിരുന്നവരാണ് ബുദ്ധമതക്കാരും ജൈനന്മാരും. പക്ഷേ ബുദ്ധ മതത്തിൽ പിന്നീട് സംഭവിച്ച ആർഭാട ഭ്രമവും ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമവും,ശ്രീബുദ്ധനെ ദൈവമാക്കി സങ്കല്പിക്കാനുള്ള വ്യഗ്രതയും അതിനെ വേദിസ്റ്റുകളോട് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.മാത്രമല്ല ബുദ്ധമതത്തേയും ജൈനമതത്തേയും പരിപോഷിപ്പിച്ചിരുന്ന രാജകീയ സാന്നിദ്ധ്യം കുറഞ്ഞു വന്നതും ഭാരതത്തിൽ ഇവർക്ക് ഉണ്ടയിരുന്ന തായ് വേരു പോലും ഇല്ലാതാവാൻ ഇടയാക്കി.കൂടാതെ വേദിസ്റ്റുകളുടെ നവോത്ഥാനവും ഒരു കാരണക്കാമയിരുന്നിരിക്കാം. ബുദ്ധ- ജൈനമതങ്ങൾ തകർന്നു കൊണ്ടിരുന്ന സാഹചര്യം മുതലെടുത്ത് വേദിസ്റ്റുകൾവളരാൻ തുടങ്ങി. ശൈവ ശക്തേയ -വൈഷ്ണവ മതങ്ങളോട് ഒട്ടി നിന്നല്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസ്സിലാക്കിയ വേദിസ്റ്റുകളാണ് പരമോന്നത ദൈവത്തിന് സൃഷ്ടി-സ്തിതി-സംഹാരം എന്നി മൂന്നു ഭാവങ്ങളും അവയുടെ പ്രതീകമായി ബ്രഹ്മാവ് -വിഷ്ണു-ശിവൻ എന്നീ ത്രിമൂർത്തി സങ്കല്പവും ഉണ്ടാക്കിയത്. ഈ ലയനത്തിൽ കൂടി ഹിന്ദുമതം എന്ന സങ്കല്പം യഥാർത്ഥമായങ്കിലും അതിൽ ഉൾപ്പെട്ടിരുന്നവർ വിവിധ ആചാരാനുഷ്ഠാനങ്ങൾ അനുകരിക്കുന്നവരും,വ്യത്യസ്ത ചിന്താഗതിക്കാരും ആയിരുന്നു. വേദസംഹിതകളിലെ ആശയപ്രമാണങ്ങൾ മാത്രമാണ് ശരിയെന്നു വിശ്വസിച്ചിരുന്ന വേദിസ്റ്റുകൾ വേദങ്ങൾ പഠിപ്പിക്കാനും. പഠിപ്പ് പൂർത്തിയാക്കിയവർ മറ്റുള്ളവരിൽ നിന്നും വിഭിന്നരാണെന്ന് കാണിക്കാനായി പൂണൂൽ ധരിക്കാനും തുടങ്ങിയിട്ടുണ്ടാവാം-നമ്മുടെ കറാട്ടെ വിദഗ്ധരുടെ ബ്ലാക്ക് ബെൽറ്റ് മാതിരി ഒരടയാളം.പിന്നിട് വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും ഒരു ജന്മാവകശം പോലെ മാറിയതാവണം. കൂടാതെ അപ്പോഴേക്കും ശക്തിനേടിക്കഴിഞ്ഞ ശാക്തേയ-വൈഷ്ണവ-ശൈവമതങ്ങളിൽ നിന്നും ആരെങ്കിലും വേദം പഠിച്ച് പൂർത്തിയാക്കിയാൽ അവരും പൂണൂൽ ധരിക്കണമെന്ന ഏർപ്പാടിനോട് ആർക്കും എതിർപ്പും ഇല്ലാതിരുന്നിരിക്കണം. ഇങ്ങനെ ഉണ്ടായ ഹിന്ദുമതത്തിൽ വൈഷ്ണവമതത്തിൽ നിന്നുള്ളവർ വിഷ്ണുവിനും,ശൈവമതത്തിൽ നിന്നുള്ളവർ ശിവനും കൂടുതൽ പ്രാധാന്യം നൽകി. ഇതാവാം വേദിസ്റ്റുകൾ പ്രാധാന്യം കൊടുത്തിരുന്ന ഇന്ദ്രന്റെ സ്ഥാനം ക്രമേണ ഇല്ലാതാവാൻ കാരണം.ഞാൻ പറഞ്ഞതൊന്നും അടുക്കും ചിട്ടയിലും ആയില്ല അല്ലേ മാഷേ? എന്തെങ്കിലും അബദ്ധം പറഞ്ഞുവോ ആവോ? പ്രായാധിക്യം കൊണ്ട് ഓർമ്മകേട് വന്നിട്ടും ഉണ്ടാവാം എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിയ്ക്ക.” “കൊള്ളാം.തിരുമേനി എന്താ ഇങ്ങിനെ ഒക്കെ പറയുന്നത്. ഒന്നും ഒന്നും അറിയാത്ത എനിക്ക് എഴുതപ്പെട്ട ചരിത്രങ്ങളില്ലാത്ത ഒരു കാലഘട്ടത്തെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നിട്ട് ക്ഷമ ചോദിക്കുകയോ? എന്റെ കടപ്പാട് എങ്ങിനെയാണ് പറഞ്ഞറിയിക്കുക.” “മാഷ് ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ഞാനോ അതിവേഗം ബഹുദൂരം പിന്നോട്ട് ഓടുകയുമായിരുന്നു” ബസ്സ് അപ്പോഴേക്കും പണിതീരാത്ത ലോഡ്ജിനു മുമ്പിൽ എത്തിയിരുന്നു. “നമുക്കിറങ്ങാം തിരുമേനീ. ഞാൻ സഹായിക്കാം.” “വേണ്ടാ ട്ടോ. എല്ലാം സ്വയം ചെയ്യണമെന്ന നിർബന്ധ ബുദ്ധി ഇപ്പോഴും കൂടെയുണ്ട്. ഇനീം എത്ര കാലം സംശയമുള്ളൂ”