2009, ജൂൺ 10, ബുധനാഴ്‌ച

നനാത്വത്തിൽ ഏകത്വം

ഒരിക്കൽ പരിഹാസം സ്പുരിക്കുന്ന ഭാഷയിൽ പുരികം വളച്ച് ആരെയോ ആക്ഷേപിക്കുന്നു എന്ന പ്രതീതി മുഖത്ത് പ്രതിഫലിപ്പിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമാണ് ഈ ലേഖനത്തിന് പ്രചോദനം. ഭാരതീയ ആചാരാനുഷ്ഠാനങ്ങളേയും വിശ്വാസ വൈരുദ്ധ്യങ്ങളേയും കുറിച്ചുള്ള ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞു “ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഹർത്താൽ എന്ന ആചാരവും, ഗുണ്ടായിസവും, ബലാത്സംഗവും, രാഷ്ട്രീയക്കാരിലും ബ്യൂറോക്രസിയിലും കാണുന്ന കറപ്ഷനും അല്ലാതെ മറ്റെന്തു പൊതു സ്വഭാവമാണ് ഈ മഹാരാജ്യത്ത് ഉള്ളത്? unity in diversity ഉണ്ടെന്ന്‌ സമർത്ഥിക്കാൻ താങ്കൾക്ക് ആകുമോ?“ ചിന്തക്ക് തീകൊളുത്താൻ പോന്ന ചോദ്യം! ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ വൈജാത്യം ഒരു യാഥാർത്ഥ്യമാണ്. ഇവർ വിവിധ വർഗ്ഗങ്ങളെ (RACES) പ്രതിനിധാനം ചെയ്യുന്നു എന്ന് സായിപ്പും ഇന്ത്യാക്കാരും എഴുതിയ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും നമ്മൾ പഠിച്ചതും ഇന്ന് പഠിപ്പിക്കുന്നതും ഇതു തന്നെ.ദക്ഷിണേന്ത്യാക്കാർ സാമ്പാർ കുടിയന്മാരാണെന്ന് ഉത്തരേന്ത്യൻ elites പറയാറുണ്ട്. ആഹാരരീതിയിലുള്ള വ്യത്യാസം മാത്രമല്ല വസ്ത്ര ധാരണ രീതിയിലുള്ള മാറ്റങ്ങളും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. കൂറച്ചുകൂടി പാണ്ഡിത്യം അവകാശപ്പെടുന്നവർ, ദക്ഷിണേന്ത്യാക്കാർ രാക്ഷസഗണത്തിൽ പെടുന്ന ശൂദ്രജാതിക്കാരും ഉത്തരേന്ത്യാക്കാർ ആര്യവർഗ്ഗത്തിൽ പെടുന്ന ബ്രാഹ്മണരോ, ക്ഷത്രിയരോ,വൈശ്യരോ ആണെന്നും അവകാശപ്പെടുന്നു. ഇവർ സാംസ്കാരികതലത്തിലും ഭിന്നരാണുപോലും. .“Dravidian mind was (is) introspective and at the same time more mystical than the Aryan which was (is) matter of fact and more practical." Cultural Heritage of India Volume l page 82. ദ്രവിഡിയൻ ആര്യൻ എന്ന വർഗ്ഗ സങ്കല്പം തന്നെ തെറ്റാണ്. മാത്രമല്ല ഒരു വർഗ്ഗത്തിന്റെ "Mind" അളക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം ഏതാണെന്ന് ഈ പണ്ഡിത ശിരോമണികൾ വ്യക്തമാക്കുന്നുമില്ല. ബ്രാഹ്മണരെല്ലാം ഉത്തരേന്ത്യാക്കാരാണെന്നും,ഉത്തരേന്ത്യാക്കാരെല്ലാം ആര്യന്മാരാണെന്നും ഉള്ള അബദ്ധധാരണകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇതിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് ഇപ്പോൾ കണ്ടുപിടിക്കുക ദുഷ്കരം തന്നെ. കാൾഡ്‌വെൽ എന്ന മഹാൻ വളരെ ബുദ്ധിപൂർവം പ്രസ്താവിച്ച ഒരു “സത്യം”,തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾ സംസാ‍രിക്കുന്ന ജനത ഒരു പ്രത്യേക വർഗ്ഗത്തിൽ പെടുന്നുഎന്നാണ്. അദ്ദേഹം പറയുന്നു,“The indigenous Dravidian Languages which have maintained their ground for more than 2000 years against Sanskrit, the language of numerous, powerful and venerated, sacerdotal Race, may be expected successfully to resist the encroachment of every other tongue" A comparative Grammar of the Dravidian or South Indian family of Languages by Robert Caldwel പേജ് 3 published in 1875 “ഇവിടെ ആര്യൻ വർഗ്ഗത്തേ കുറിച്ച് പറയുന്ന കാൾഡ്‌വെൽ സായിപ്പ് മറ്റൊരു പേജിൽ വേറൊരു സന്ദർഭത്തിൽ ദ്രവിഡിയൻ വർഗ്ഗത്തേ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക. "with the exception of Orissa and those districts of Western India and the Dekhan in which Gujarati and Marathi are spoken, the whole of peninsular portion of India from the Vindyan mountains and the River Narmada to Cape Comrin, is peopled by different branches of one and the same Race speaking the different dialects of one and the same Language , the language to which the term 'Dravidian is here applied ....." id page1 വിഭിന്ന ഭാഷകൾ സംസാരിക്കുന്ന വിഭിന്ന വർഗ്ഗത്തിൽപ്പെടുന്ന രണ്ടു വർഗ്ഗക്കാരായി ഭാരതീയരെ വേർപിരിക്കാൻ കാർഡ്‌വെൽ സായിപ്പും ശ്രമിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രവുമാണല്ലോ? വർഗ്ഗം (Race ) ജീവപരമാണ് ഭാഷാപരമല്ല. “ the scientific concept of race is biological one that does not take into account Nationality language religion or culture" Funk and Wagnalls New Encyclopedia Vol 20 page നരവംശ ശാസ്ത്രജ്ഞന്മാർ -Aryan Race,American Race,Dravidian Race, Muslim Race, എന്നൊന്നും മനുഷ്യ വർഗ്ഗത്തെ വിഭജിച്ചിട്ടില്ലാത്തതിനു കാരണം ഇങ്ങിനെ ഒരു വിഭജനം ജീവശാസ്ത്രപരമായി തെളിയിക്കാൻ കഴിയാത്തതു കൊണ്ടാണ്. ബ്രാഹ്മണനാണ് സംസ്കൃതം സംസാരിക്കുന്നു എന്നതു കൊണ്ടു മാത്രം അയാൾ ആര്യൻ ആണ് എന്നു പറയുന്നത് ശരിയാവില്ല. ഒരു വ്യക്തിയുടെ ഭാഷയും സംസ്കാരവും ആ വ്യക്തി ജനിച്ചു ജീവിക്കുന്ന സമുദായത്തിന്റേതാണ്. ജീവശാസ്ത്രത്തിന് അതിൽ പങ്കില്ല. അതിനാൽ ദ്രവീഡിയൻ റെയിസ്സ് ,ആര്യൻ റെയിസ് എന്നൊക്കെ പറയുമ്പോൾ അവ ശാസ്ത്ര വിധികൾക്ക് ചേർന്നതാണോ എന്നു കൂടി ചിന്തിക്കാൻ പണ്ഡിതർ ബാദ്ധ്യസ്ഥരാണ്. നരവംശ ശാസ്ത്രജ്ഞർ ശാസ്ത്രാടിസ്ഥാനത്തിൽ കോക്കസോയിഡ്സ്, നീഗ്രോയിഡ്സ്, മംഗളോയിഡ്സ് എന്നീ വഗ്ഗങ്ങളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടാവാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു വർഗ്ഗങ്ങൾ ചേർന്ന് മറ്റൊരു വർഗ്ഗം ഉണ്ടാവുന്നത് ശാസ്ത്രീയമായി ശരിയാണുതാനും. പക്ഷേ ഒരു സമൂഹം താമസ്സിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര മാനം കണക്കാക്കാതെ അവരുടെ സംസാരഭാഷയെ മത്രം അടിസ്ഥാനമാക്കി നടത്തുന്ന വർഗ്ഗ നിർണ്ണയം അശാസ്ത്രീയമാണ്. മാക്സ്മുള്ളർ ആണല്ലോ ഭാഷയുടെ അടിസ്ഥനത്തിൽ വർഗ്ഗ നിർണ്ണയം നടത്തിയത്. പക്ഷേ നേരത്തേ പറഞ്ഞതു മുഴുവൻ ശരിയല്ലയെന്നും,“ Language was no test of race“ എന്ന്‌ അവസാ‍നമായി തിരുത്തേണ്ടി വന്നതും അദ്ദേഹത്തിന്റെ മഹത്വമായി കണക്കാക്കണം. ഇതേ പോലെ ഒരു വ്യക്തിയുടെ ബുദ്ധിശക്തിയും (ഐ.ക്യൂ.) അയാൾ ഉൾപ്പെടുന്ന (അയാളെ ഉൾക്കൊള്ളുന്ന) പ്രത്യേക വർഗ്ഗവും തമ്മിൽ ബന്ധിപ്പിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവും മാനസിക വളർച്ചയും പാരമ്പര്യത്തോടൊപ്പം അയാളുടെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ചുറ്റുപാടുകളേയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ചരിത്രാതീത കാലത്തുതന്നെ ഭാരതം എന്ന പുണ്യഭൂമിയിലേക്ക് വ്യത്യസ്ത ഭഷകൾ സംസാരിച്ചിരുന്ന വിഭിന്ന വർഗ്ഗക്കാർ വിവിധോദ്ദേശങ്ങളുമായി കടന്നു വന്നിട്ടുണ്ടെന്ന് ജവർലാൽ നെഹ്രു അദ്ദേഹത്തിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ വൈവിദ്ധ്യം ഒഴിവാക്കാൻ കഴിയാത്തതായി ഇപ്പോഴും നിലനിൽക്കുന്നു. “Diversity is on the srface Anybody can see it“-നെഹൃ. പക്ഷേ ഈ Diversity വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നത് വരാനിരിക്കുന്ന അപകടത്തിന്റെ ചൂണ്ടു പലകയാണ്. വ്യക്തിയുടെ ജാ‍തിപരവും,മതപരവും ആയ വരട്ടു ചിന്തയും (dogmatic thinking ) മതത്തിനോടുള്ള അന്ധമായ വിശ്വാസവും,വ്യക്തി ഉൾപ്പെടുന്ന സമൂഹത്തിന്റെ വൈകാരിക ബന്ധവും, വികാരത്തിന്റേതല്ലാതെ വിചാരത്തിന്റെ ലോകത്തിലേക്ക് എത്തിപ്പെടാനുള്ള കഴിവില്ലായ്മയും, എല്ലാത്തിനും ഉപരി ഇവയെ ചൂഷണം ചെയ്യാൻ അവസരവും കാത്ത് കഴിയുന്ന സ്വാർത്ഥമതികളായ കക്ഷിരാഷ്ട്രീയ നേതാക്കന്മാരും ഈ diversity യുടെ ആഴം മനപൂർവം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാ‍ണ്. രാഷ്ട്രീയ നേതൃത്വമണ് രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. നേതൃത്വ നിരയിലുള്ളവർ ഹിപ്പോക്രിറ്റ്സും കഴിവില്ലാത്തവരുമായാൽ രാജ്യത്തിന്റെ ഭാവി ഇരുളാനേ തരമുള്ളൂ. മതേതരത്വം പ്രസംഗിക്കുകയും രഹസ്യമായി മതപ്രീണനത്തിന് ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളിലും കണ്ടുവരുന്നു. ഇത് വലിയ അപകടത്തിലേക്കായിരിക്കും രാഷ്ട്രത്തെ കൊണ്ടെത്തിക്കുക. ഭാരതീയർ സംഘടനാധിഷ്ഠിത മതങ്ങളിലല്ല വിശ്വസിക്കുന്നത്. ഇപ്പോൾ ചില തത്പരകക്ഷികൾ മതങ്ങളെ സംഘടനാധിഷ്ടിതമാക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യം തന്നെ.അവരെ നിലക്ക് നിറുത്തേണ്ടത് രാഷ്ട്രീയക്കാരാണ്, ഭരിക്കുന്നവരാണ്. ഇവരെ കൂട്ടുപിടിച്ച് വോട്ടു ബാങ്കുകൾ ഉണ്ടാക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം. സംഘടാനാഷ്ഠിത മതങ്ങളെ , അവർ ഭൂരിപക്ഷമായാ‍ലും ന്യൂനപക്ഷമായാലും പ്രീണിപ്പിക്കുന്നത് ഒരുപോലെ ആപത്താണ്. മതത്തിൽ നിന്നും ജാതിയിൽ നിന്നും ജനതയെ രക്ഷിക്കേണ്ടവർ ജാതിക്കും മതത്തിനും അടിമവേല ചെയ്യേണ്ടി വരുന്നത് ഏറ്റവും നികൃഷ്ടമായ ഒരു ഏർപ്പാടായി വേണം കരുതാൻ. മതാദ്ധ്യക്ഷന്മാരോ രാഷ്ടീയവൽക്കരിച്ച മതസംഘടങ്ങളുടെ നേതാക്കന്മാരോ,രഹസ്യമായി മതസംഘടനകൾക്ക് നേതൃത്വം കൊടുത്ത് രാജ്യം ഭരിക്കാൻ ചുമതലപ്പെടുത്തുന്നവരോ, രാഷ്ട്രത്തലവന്മാരായാൽ മതനിയമങ്ങളാവും ജനങ്ങൾ അനുസരിക്കാൻ നിർബന്ധിതരാവുക. 'It is a theocratic country' എന്നാവും മറ്റു രാജ്യങ്ങൾ വിലയിരുത്തുക. അർക്കും തന്നെ മതത്തിന്റെയോ ജാതിയുടേയോ പേരിൽ പ്രതിനിധിയാകാനോ ഭരണത്തിൽ പങ്കാളിയാകാനോ കഴിയാത്ത അവസ്ഥയിൽ ആ രാജ്യത്തെ secular state എന്നു വിളിക്കുന്നതിൽ തെറ്റില്ല. രാജ്യത്തിന്റെ നില നില്പിനാണോ മതത്തിന്റെ മേലങ്കി അണിയലാണോ,ഇതിലേതാണ് പ്രാധാന്യം എന്ന് ചിന്തിക്കേണ്ടത് ഭാരതീയരാണ്. മത വിശ്വാസം രാജ്യസ്നേഹത്തിന് ഒരു വിധത്തിലും തടസ്സമാവരുത്. പല മതങ്ങളിൽ വിശ്വസിക്കുന്നവർ, പല ഭാഷകൾ സംസാരിക്കുന്നവർ, ഇവരുടെയെല്ലാം പ്രതിനിധികളാവണം രാജ്യം ഭരിക്കേണ്ടത്. അധികാരം കിട്ടിയാൽ സ്വയം ചുരുങ്ങി എന്റെ മതം,എന്റെ ജാതി, എന്റെ ഭാഷ, എന്റെ സംസ്ഥാനം,എന്റെ നിയോജക മണ്ഡലം, എന്റെ വാർഡ്, എന്നിങ്ങനെ പോയി പോയി അവസാനം എന്റെ വീട്,ഞാൻ എന്ന് ചിന്തിക്കുന്നവരെ അല്ല നമുക്ക് വേണ്ടത്. പൈതൃകമായി സഹസ്രാബ്ദങ്ങൾ കൊണ്ട് ഭാരതീയ ജനത നേടിയെടുത്ത ആത്മീയ ഊർജ്ജം ഒരു അടിയൊഴുക്കായി വടക്കുനിന്നും തെക്കോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ഒഴുകുന്നുണ്ട്. ഭാരതത്തിലെ ഗോത്രവർഗ്ഗക്കാരും ചരിത്രാതീത കാലത്ത് ഇവിടേക്ക് കുടിയേറി പാർത്ത വിദേശിയരും ഒത്തു ചേർന്ന് ഉണ്ടാക്കിയ ഒരു പാരമ്പര്യ വൈശിഷ്ടമായി വേണം ഈ ആത്മീയ ഊർജ്ജത്തെ കാണാൻ. ആകാശവും ഭൂമിയും തമ്മിൽ എന്താണ് ബന്ധമെന്ന് ഒരു സാധരണ മനുഷ്യനോട് ചോദിച്ചാൽ ഉത്തരം പറയാൻ ഏറെ വിഷമിക്കും. അതേ പോലുള്ള ഒരു അവസ്ഥാ വിശേഷമാണ് ഈ unifying link ന്റെ അടിസ്ഥാന ഗുണത്തേ കുറിച്ച് ചോദിച്ചാലും ഉണ്ടാവുക. ഇത് ജാതി മത ഭാഷാ പരിഗണനകൾക്കും രാഷ്ട്രിയ ആദർശ്ശങ്ങൾക്കും അതീതമാണ്. എന്തിനെയും പുണ്യമായി കരുതുന്ന, എന്ത് അധാർമ്മികതയേയും സഹനശക്തിയോടെ നേരിടുന്ന ശാരാശരി പ്രായോഗിക ബുദ്ധിയുള്ള, സ്വന്തം ജാതിയിൽ ഊറ്റം കൊള്ളുന്ന, മതം എന്താണ് എന്തിനാണ് ആരുടെ സൃഷ്ടിയാണ് എന്നറിയാത്ത, ആചാരാനുഷ്ഠാനങ്ങൾ മോക്ഷപ്രാപ്തിക്കു വഴിയൊരുക്കും എന്ന് വിശ്വസിക്കുന്ന അല്പ വിദ്യാ‍ഭ്യാസവും ആഴത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തതും വികാരത്തിന്റെ ലോകത്തിൽ മാത്രം ജീവിക്കുന്നതും ആയ ആളുകളുടെ കൂട്ടായ്മയാണ് ഭാരതീയ ജനത. ഇവർ അറിയാതെ ഇവരെ ബന്ധിപ്പിക്കുന്ന ആത്മീയ ചരട് പൊട്ടിച്ചെറിയാനാണ് തത്പര കക്ഷികളുടെ ശ്രമം. ഈ ഗൂഢശ്രമത്തിൽ ദേശീയരും വിദേശിയരും ഉണ്ട്. സ്വാർത്ഥമതികളും സങ്കുചിത താത്പര്യക്കാരുമായ ഈ നെഗറ്റീവ് ഫോഴ്സുകളായിരിക്കും രാജ്യത്തിന് വലിയ ആപത്ത് ഉണ്ടാക്കാൻ പോകുന്നത്. അങ്ങിനെ സംഭവിച്ചാൽ കാൽ ശതാബ്ദത്തിനുള്ളിൽ ഭാരതം ചെറിയ ചെറിയ രാജ്യങ്ങളായി ചിഹ്ന ഭിന്നമാകുമെന്ന് പ്രവചിക്കാൻ ഒരു ഋഷിവര്യനെ തേടേണ്ട ആവശ്യം ഇല്ലതന്നെ.

1 അഭിപ്രായം: