2008, നവംബർ 5, ബുധനാഴ്‌ച

ഒരു സ്വപ്നസഞ്ചാരത്തിലൂടെ ഭാഗം 1

ഭാഗം1

വിചിത്രവും വിശിഷ്ടവും ആയ ഒരു അനുഭവമായാണ് ഞാൻ യാത്രയെ കാണുന്നത്. എവിടെയാണോ തുടക്കം അവിടെത്തന്നെയാണ് അന്ത്യവും. ആരംഭത്തിൽ തന്നെ അവസാനം വന്നു ഭവിക്കുമ്പോഴുണ്ടാവുന്ന ദുഃഖം ! വീണ്ടും ഒരു തുടക്കത്തിന്റെ പ്രതീക്ഷയിൽ കിട്ടുന്ന സന്തോഷം! എല്ലാമെല്ലാം വിചിത്രംതന്നെ. യാത്രയിലെ ഓർമ്മകൾവന്നു വീർപ്പുമുട്ടിക്കുമ്പോൾ മനസ്സ് പറയും “വേണ്ട വേണ്ട ഈ ഓർമ്മകളാണ് നിന്റെ ജീവൻ അത് അക്ഷര മാക്കാൻ നിനക്ക് കഴിയുകയില്ല“, ഈ തിരിച്ചറിവ്‌ മറ്റുപല കാര്യങ്ങളിലേയ്ക്കും ശ്രദ്ധപതിപ്പിക്കാൻ സഹായ‌കമാവുന്നു. പക്ഷേ ചെയ്യണം എന്ന് വിചാരിച്ചത് ചെയ്താലല്ലേ തപ്തിയാവൂ. ഊണ് കഴിഞ്ഞ് എഴുതാനുള്ള തീരുമാനത്തോടെ ചാരുകസ്സേരയിൽ ഇരിക്കുമ്പോഴും ചിന്തിച്ചത് പഴയ കഥകൾ പറഞ്ഞ് ആളുകളെ ബോറടിപ്പിക്കണോ , സ്വന്തം സർഗ്ഗശക്തിയെയും കഴിവിനേയും വിലയിരുത്തിയിട്ടുപോരേ എന്നൊക്കെ ആയിരുന്നു. മനസിന്റെ അജ്ഞാതകോണിൽ സുഖശയ്യയിൽ ഉറങ്ങുന്ന അനുഭവങ്ങൾ നൃത്തം വച്ചുവച്ച് അപ്രതീക്ഷിതവും അവിചാരിതവുമായ രീതിയിൽ തിളച്ചുമറിഞ്ഞ് ഒരു അഗ്നിപർവതം കണക്കെ പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതു പോലെ. എന്ത്! വികലമായ വേഷവും കരിപിടിച്ച മുഖവും അഴുക്കുപുരണ്ട വിരലുകളുമായി കമ്പാർട്ടുമെന്റുകളിലൂടെ ഇഴ്ഞ്ഞു നീങ്ങുന്ന പയ്യൻ ഞാൻ തന്നെയാണോ? ചിന്തകൾക്ക് രൂപംകൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നിമിഷം കൊണ്ടത് ചിതറി പ്പോവുകയാണല്ലോ “വനമാല വന്നല്ലോ?” കമ്പാർട്ടുമെന്റിൽ പൊട്ടിചിരിയുടെ അലയൊലി. ആരാണീ വനമാല? ചിരിക്കാൻ വളരെ ബുദ്ധിമുട്ടുന്ന മുഖവുമായിട്ടൊരു ചെറുപ്പക്കാരൻ . അയാൾ സ്വയം പരിചയപ്പെടുത്തി. എന്റെ “പേര് അരബിന്ദോ . ഞാനാണ് ഈ യാത്രയിൽ നിങ്ങളുടെ ഗയിഡ്”. വഴികാട്ടിയും തത്കാല രക്ഷിതാവുമായ ആ ചെറുപ്പക്കാരൻ എവിടേക്കാണ് പോകുന്നതെന്നും അവിടെ എന്തൊക്കെയാണ് പുതുതായി കാണാനുണ്ടാവുക യെന്നും ഒരു ചെറു പ്രസംഗത്തിലൂടെ വെളുപ്പെടുത്തി കഴിഞ്ഞപ്പോ ൾ ഒരു നീണ്ട കൈയ്യടിയോടെ “ തങ്കൾ ഞങ്ങളുടെ ഗയിഡ് മാത്രമല്ല നായകനാണ് “ എന്ന് എല്ലാവരും ഒരേസ്വരത്തിൽ വിളിച്ചു കൂവി. “സ്വയം പരിചയപ്പെടുത്തൽ എന്ന കർമ്മം തുടങ്ങാം“ ഗയിഡ് പ്രഖ്യാപിച്ചു..ഒരോരുത്തരും ആ കർമ്മം നന്നായിത്തന്നെ നിർവഹിച്ചു. തന്റെ അയൽക്കാരനിൽ നിന്നും ഭിന്നനാണ് താൻ എന്ന് വരുത്തി തീർക്കാനുള്ള വെമ്പൽ ഒരോരുത്തരുടെ പരിചയപ്പെടു ത്തലിലും ഒളിഞ്ഞിരുന്നു..ഭക്ഷണസമയത്ത് വളരെ ശ്രദ്ധയോടെ ചോറ് വിളമ്പിയിരുന്ന രാജീവിന്റെ മുഖത്തെ കള്ള നോട്ടം ഉപ്പിനോടും മുളകിനോടും ഒരോ യാത്രക്കാർക്കുമുള്ള പ്രതികരണം അറിയാനുള്ള മോഹമായിരുന്നില്ലേ? എല്ലാവരും മിണ്ടാതിരുന്ന് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്തിരുന്ന കോമളകുമാരൻ ‘ഈ സാമ്പാറിന് പുളി അല്പം കൂടുതലാണ് അല്ലേ’ എന്ന് എന്റെ ചെവിയിൽ പറഞ്ഞെങ്കിലും ഞാൻ നിസംഗനായി ഇരുന്ന് ഊണ് കഴിച്ചു. രാജീവന് എന്റെ മുഖത്തു നിന്ന് ഒന്നും മസ്സിലാക്കാനാ യില്ലല്ലോ എന്ന ആത്മസംതൃപ്തിയോടെ സ്വയം പറഞ്ഞു ‘ഞൻ മിടുക്കനാണ് എന്നെ ആർക്കും എളുപ്പത്തിൽ തിരിച്ചറിയാനാവില്ല’ ഹും എന്താണാ‍വോ ഈ തിരിച്ച‌‌‌‌റിയലിന്റെ രഹസ്യം? ചോദ്യം എന്റെ നേർക്കുതന്നെ തിരിച്ചു‌‌‌വന്നു. ഉത്തരം കണ്ടുപിടിക്കനുള്ള ബുദ്ധിമുട്ടോർത്ത് ചോദ്യം മറക്കാനായി പിന്നത്തേ ശ്രമം. എഴുത്തുകാരിയായ നളിനീ കുറുപ്പിനോട് ചോദിച്ചാലോ? ‘വേണ്ട ‘ മനസ്സ് ഒരു ഉപ്ദേശകാനെപ്പോലെ പറഞ്ഞു. ഈ എഴുത്തുകാരൊക്കെ എത്രയോ ഉയരത്തിലാണ്. അവരുടെ ഭാഷപോലും നമുക്ക് മനസ്സിലാവില്ല. വെറുതെ വല്ലതും ചോദിച്ച് വിഢിവേഷം കെട്ടേണ്ട. ഇപ്പോൾ ഉപദേശകനാണ് പ്രാധാന്യം- അതായത് സ്വന്തം മനസ്സ്.ചോദ്യം ഉപേക്ഷിച്ച്മറ്റുമുഖങ്ങളിലേക്ക് കണ്ണുകൾ പായിച്ചു- അഗ്നി ഗോളങ്ങളക്കി എറിഞ്ഞ ചാട്ടുളി പോലുള്ള ആ കണ്ണുകൾ ആരുടേതാണ്? നല്ല പരിചയം. പക്ഷേ ഓർമ്മ വരുന്നില്ല. പിന്നെ ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം വന്നില്ല. മുഖം കുനിച്ച് സാമ്പാറിന്റേയും പുളിശ്ശേരിയുടേയും സ്വാദ് ആസ്വദിക്കുന്നു എന്ന ആംഗ്യാഭിനയം കേമമാക്കി. വയറു നിറഞ്ഞപ്പോൾ അല്പം തല ചായ്ക്കണമെന്ന് തോന്നി . എന്റെ മനസ്സ് വളരുന്നില്ല എന്നും ശരീരത്തിനു മാത്രമെ വളർച്ചയും തളർച്ചയും ഉള്ളു എന്ന തോന്നലും എന്നെ ആകെ ചിന്താകുലനാക്കി. സഹയാത്രികരുടെ മദ്ധ്യത്തിലാ ണെങ്കിലും ഒറ്റപ്പെട്ടതുപോലെ -എല്ലവരേയും ഉൾകൊള്ളാനുള്ള തൃഷ്ണയോ ടൊപ്പം ആരും സ്വീകരിക്കുന്നില്ല എന്ന തോന്നൽ വല്ലാതെ വീർപ്പു മുട്ടിച്ചു. “നിങ്ങളുടെ പുഷ്ബാക്ക് എന്റെ മടിയിലേയ്ക്കാണ് വരുന്നത്. ഇതൊട്ടും ശരിയല്ലട്ടോ?” പുഷ്ബാക്ക് സീറ്റാണോ എന്റെ പ്രവർത്തിയാണോ ശരിയല്ലത്തത്?. ലിവർ വലിച്ച് സീറ്റ് ശരിയാക്കി.മയങ്ങണമെന്ന ചിന്ത ഉപേക്ഷിച്ചു. വയസ്സന്റെ ഉറക്കം പിന്നിലിരുന്ന് സൊള്ളിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് ശല്യമാകുമ്പോൾ ദേഷ്യം വന്നില്ലങ്കിലല്ലേ അതിശയിക്കേണ്ടു? ശരീരം ക്ഷീണിച്ചാലും മനസ്സ് ക്ഷീണിക്കതിരിയ്ക്കൻ നിശബ്ദത യാണ് അനുയോജ്യം. ദീഘദൂര ബസ്സ് യാത്രകളിലുണ്ടായ അനുഭവങ്ങൾ പറഞ്ഞ് രസിക്കുന്ന രണ്ട് യാത്രക്കാരാണ് മുന്നിൽ. ഭാഷയിൽ അശ്ലീലഘോഷയാത്ര. ഏറ്റവും പിറകിൽ പാട്ടും താളവും പൊടിപൊടിക്കുന്നു. ഒന്നു മയങ്ങാനുള്ള അവസരം നിഷേധിക്കുന്നതിൽ അലോരസം തോന്നിയെങ്കിലും നിർവികാര തയോടെ അങ്ങിനെ ഇരുന്നു. എതിർ വശത്ത് ഇരിക്കുന്ന മാന്യൻ പറയുന്നതു കേട്ടു “ഞാൻ കോഴിക്കോട്ട് ചെന്നാൽ ഉടൻ ജീ.എമ്മിനെ കാണും. അദ്ദേഹത്തോട് ഈ യാത്രയിലെ ദുരിതങ്ങൾ തീർച്ചയായും പറയും.അദ്ദേഹം എന്റെ സുഹ്രുത്തും ബന്ധുവും ആണ്” ‘അല്ലയോ സഹയാത്രികാ നിങ്ങൾക്ക് ഇപ്പോഴേ നന്ദി രേഖപ്പെടുത്തുന്നു’ മനസ്സിന്റെ ഉപരിതലത്തിലെവിടെയോ നിന്നുയരുന്ന വാക്കുകൾ. അബോധ മനസ്സ് ഒരു ഹോമകുണ്ഡം പോലെ യായിരിക്കുന്നു. എന്തെല്ലാമോ അവിടേക്ക് എറിയപ്പെടുന്നു. ഒന്നും പുറത്തേക്ക് വരുന്നില്ല . ഉരുകി ഉരുകി എല്ലാം ഒന്നാവുകയും തീജ്വാലകൾ മാത്രം നൃത്തം വയ്ക്കുകയും ചെയ്യുന്നപോലെ. (തുടരും)