2008, നവംബർ 8, ശനിയാഴ്‌ച

സ്വപ്നസഞ്ചാരത്തിലൂടെ രംഗം 2

കൈയ്യിലിരുന്ന തോൽ‌സഞ്ചിക്ക് ജീവൻവച്ച മാതിരി സ്വയം ഊർന്ന് താഴേക്കിറങ്ങി. അചേതനങ്ങളായ വസ്തുക്കൾ മനസ്സിന്റെ മാസ്മരവിദ്യയാൽ സചേതനങ്ങളാകുമെന്ന് പറഞ്ഞ ബോധാനന്ദന്റെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. സംഭവം ശരിയാണ്. കൈയ്ക്ക് ക്ഷീണം സംഭവിച്ചപ്പോൾ അബോധ മനസ്സ് തലച്ചോറിലേക്ക് ഒരു എസ്സ്. എം. എസ്സ്.അയച്ചു. ‘കൈ അല്പം താഴ്‌ത്തു ’ കൈ അല്പം താണു. സഞ്ചി ഊർന്ന് താഴെപ്പോയി. “സചേ തനങ്ങളായ ആ കണ്ണുകളെ അചേതനങ്ങളാക്കാൻ എന്താ വഴി ?” വിണ്ടും മനസ്സിനോടുതന്നെയാണ് ചോദ്യം.അഴുക്കു ചാലിന്റെ ദു‌ർഗന്ധം മനസ്സനെ വല്ലാതെ വീർപ്പുമുട്ടിച്ചതോടെ ചോദ്യം അപ്രത്യ ക്ഷമായി. “ദാ ഈ ചാലി ന്റെ തീരത്തു കൂടി ഒരു കി.മി. നടന്നാൽമതി നമുക്ക് ലോഡ്ജിലെത്താം.” ഗയിഡ് എല്ലാവരോടുമായി പറഞ്ഞു . വീണ്ടും സഞ്ചി തോളിൽ തൂക്കി ബാഗും എടുത്ത് നടന്നു. മൂക്കുപൊത്തികൊണ്ടാണ് നടന്നതെങ്കിലും അഴുക്കുചാലിന്റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. “ബാഗ് എടുക്കാൽ പ്രയാസമുണ്ടോ? ” അരബിന്ദോ കുശലം ചോദിച്ചു. “ഓ ഇതൊന്നും സാരമില്ല” . ഇതിൽ കൂടുതൽ ഭാരം ശരീരത്തീലും മനസ്സിലും ഏറ്റി നടന്നവനാണീയുള്ളവൻ എന്ന ധ്വനി ഉണ്ടാക്കുവാനുള്ള വ്യർത്ഥമായ ശ്രമം. പഴയ കഥകൾ പറഞ്ഞ് സഹയാത്രികരെ ബോറടിപ്പിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ‘പാപമെന്ന് പറയൂ’ മനസ്സിന്റെ ഉള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ ഉണർത്തി. ബോധാനന്ദൻ പോയി തുലയട്ടെ. എങ്ങിനെ എങ്കിലും റൂമിലൊന്ന് എത്തികിട്ടിയാൽ മതി. ഈനാറ്റം സഹിക്കാനാവുന്നില്ല. എന്റെ മനസ്സിന്റെ നാറ്റമല്ലേ എന്നായി അടുത്ത ചിന്ത. ഈ വൈരുദ്ധ്യാത്മക മനസ്സിനെ കൊന്നാലെ നിനക്കു മോക്ഷമുള്ളൂ. വീണ്ടും ബോധാനന്ദൻ അശരീരിയായി പ്രത്യക്ഷപ്പെടുന്നു. ഈ ഗന്ധം സത്യമാണ് എന്ന് മുറിക്കുള്ളിൽ എത്തിയപ്പോൾ മനസ്സിലായി. ആരോടു പറയാൻ? അരബിയോട് ഉണർത്തിച്ചപ്പോൾ “ ഇതൊന്നും സാരമില്ല മാഷേ! സഹിക്കുകയേ നിവർത്തിയുള്ളു. റൂമുകൾ ബുക്കു ചെയ്തത് ജി.എം. ആണ് ” എന്റെ മനസ്സിനുള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ അരബിയിലും കൂടിയോ? ആത്മാവിന് കാലുണ്ടോ? ഇത്ര എളുപ്പം കാലുമാറ്റം സംഭവിക്കുമോ?. സീതയെ നഷ്ട പ്പെട്ട് വിഷണ്ണനായി പഞ്ചവടിയിൽ നിന്ന രാമനെപ്പോലെ എന്നെ കണ്ട പ്പോൾ ബസ്സിലെ അയൽക്കാരൻ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു “കേട്ടോ മാഷേ എന്റെ റൂം ഉഗ്രൻ. എല്ലാ സൌകര്യങ്ങളും ഉണ്ട്. യൂറോപ്യൻ ക്ലോസെറ്റ്, എ.സി.,റ്റി.വി, ഫ്രിഡ്ജ് എല്ലാം നല്ല കണ്ടീഷനിൻ. ബഡ്ഡ് ആണെങ്കിലോ ഉഗ്രൻ. കിടന്നാൽ അ റിയാതെ ഉറങ്ങിപ്പോകും. വിൻഡോസ് തുറന്നാൽ നല്ല ഫ്രഷ് എയർ കിട്ടും. ഞാൻ പറഞ്ഞില്ലേ ജി. എം.എന്റെ ഫ്രണ്ട് ആണ് . ഒരേ നാട്ടുകാർ. ഒരു പക്ഷേ ജി.എം. നേരത്തേ തന്നെ അരബിന്ദോയോട് ഓർമ്മിപ്പിച്ചിട്ടു ണ്ടാവും. മാത്ര മല്ല ഞങ്ങൾ ഒരേ ജാതിക്കാരും അകന്ന ബന്ധുക്കളും ആണ്. ” എന്തായിതു കഥ ? ഒരു യാത്രയും ജാതി മത ദേശ ഭേദങ്ങൾക്ക് അതീതമല്ലന്നോ? യാത്രികൻ ജനിക്കുന്നതേ ഈ കവച കുണ്ഡലങ്ങളോടെ ആണെന്നോ? എല്ലാം ദാനം ചെയ്യാനുള്ള മനസ്സുമായല്ലേ യാത്ര ആരംഭിക്കേണ്ടത്? ഈ ബോറഡി മാറ്റി നമുക്കൊന്ന് ഉഷാറാവേണ്ടേ? ചോദ്യം അരബിയുടേതായിരുന്നു .നമുക്കൊരു കസേല കളി ആയാലോ? കസേല കളി എമ്മെല്ലേമാർക്കും മന്ത്രിമാർക്കും മാത്രം അറിയാവുന്ന ഇൻഡോർ- ഔട്ട്ഡോർ കോമ്പിനേഷനിൽ പെടുന്ന ഒരു വിശിഷ്ട ഗയിം അയിട്ടാണ് അറിയപ്പെടുന്നത് .തൊലിക്ക് ആമയുടേതുപോലെ കട്ടിയുണ്ടെങ്കിലും ദുർബലമായ കഴുത്തും തലയും പുറത്തിടാതെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. പൂന്തോട്ടം റോന്തുചുറ്റി ആസ്വദിച്ചതിനു ശേഷം എല്ലാവരും ശകടത്തിലായി.എന്നെ കണ്ടപ്പോൾ എഴുത്തുകാരി കാര്യമായെന്നോണം ചോദിച്ചു .“മാഷിന് എന്തു പറ്റി? കണ്ടതേയില്ലല്ലോ? ” അതേ ചോദ്യം മറ്റെല്ലാവരും ഏറ്റുപാടി.എന്റെ നിശബ്ദത ആർക്കും രസിച്ചിട്ടുണ്ടാവില്ല. പ്രതികരിക്കാൻ ശക്തിയില്ലാത്ത ഒരു പ്രതിമ പോലെയായിരുന്നു എന്റെ മുഖം ങേ! ഞാൻ ഉറങ്ങിയോ? അതോ ഇപ്പോഴും യാത്രയിലാണോ? ദാ എത്തിയിരിക്കുന്നു ത്രയംബകം ക്ഷേത്രത്തിൽ. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലേതുപോലെ ചുറ്റുമതിലും പ്രാകാരങ്ങളുമുള്ള ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർ ലിംഗ ശിവക്ഷേത്രങ്ങളിൽ ഒന്നാണത്രേ. നട അടച്ചിരിക്കുന്നു. ഒരു കൂട്ടർക്ക് ശ്രീകോവിലിനത്ത് പോകാണമെന്നുണ്ട്. അതിനൊന്നും സമയമില്ലെന്ന് മറ്റൊരുകൂട്ടർ. സംഘനായകനും എല്ലാവർക്കും വഴികാട്ടിയുമായ അരബിന്ദോ നിർദ്ദേശിച്ചു.“ പ്രധാന പ്രതിഷ്ഠ ഇന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നുണ്ട്. ദേവൻ ആറാട്ടിനു പോകുമ്പോൾ നമുക്ക് എല്ലാവർക്കും നേരിട്ടു കാണാം. അനുഗ്രഹം തേടാം.എന്താ അതു പോരേ?” എല്ലാവരുടേയും മൌനം സമ്മതമായിക്കരുതി അരബിയും കൂടരും ആറാട്ടുകടവിലേക്ക് മാർച്ച് ചെയ്തു. അപ്പോഴാണ്‌ ഇന്നു തിരുവാതിരയാണെന്നു പറഞ്ഞ് രാവിലേതന്നെ ശ്രീമതി മീനാക്ഷിയമ്മ മഞ്ഞളും കുങ്കുമവും സ്ത്രീകൾക്കിടയിൽ വിതരണം ചെയ്ത കാര്യം ഓർമ്മയിൽ എത്തിയത്.നാട്ടിൽ പണ്ടൊക്കെ തുടിച്ചു കുളിക്കുന്ന ദിവസ്സമാണല്ലോ തിരുവാതിര. ഇതാ ഇവിടെ ശിവനും ആറാടിക്കുളിക്കാൻ പോകുന്നു. പുല്ലു വാങ്ങി പശുക്കളേ തീറ്റിക്കുന്ന ഒരു ചടങ്ങ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ കണ്ടത് എന്നിൽ വലിയ അത്ഭുതമുളവാക്കി. പുല്ലിന്റെ ചെറിയ ചെറിയ കെട്ടുകളുമായി പാവപ്പെട്ട ഒരു പറ്റം സ്ത്രീകളും ചുറ്റും അവിടവിടെയായി കുറേ മാടുകളും നിന്നിരുന്നു. ആറാട്ടുകുളത്തിനു ചുറ്റും ഭക്തജനങ്ങൾ കാലേകൂട്ടി സ്ഥാനം പിടിച്ചിരിക്കുന്നു. ആറാട്ട് അടുത്തു കാണുന്നതിന്നായി വഴികാട്ടിയും കൂട്ടരും കുളത്തിന്റെ പടിഞ്ഞാറു വശത്തേക്ക് പോയപ്പോൾ ഞാൻ ബസ്സിലേക്ക് തിരിച്ചുപോന്നു. എല്ലവരും തിരിച്ചെത്തിയപ്പോൾ സഹയാത്രികനയ നമ്പൂതിരിയുടെ സ്വഗതം അല്പം ഉച്ചത്തിൽ തന്നെ പുറത്തുവന്നു. “ഇതു വരെ വന്നിട്ടും ശ്രീകോവിലിനുള്ളിൽ കയറാനായില്ലല്ലോ ഭഗവാനേ.” ആ മുഖത്ത് നിരാശയുടെ കരിനിഴലുകൾ വല്ലാതെ പടർന്നിരുന്നു.