2009, ജൂൺ 4, വ്യാഴാഴ്‌ച

കവയത്രി

നിന്റെ ചുറ്റിലും ഒഴുകിയ നീരുറവകൾ വറ്റിവരണ്ട് നിനക്ക് സ്നേഹജലം തരാതായപ്പോൾ ഏകന്തതയുടെ കുരിശും ചുമന്ന് നീ സാഹിതീസൌധത്തിന്റെ പടിവാതിൾക്കൽ എത്തി. നിന്റെ ദു:ഖം, സുഖവും സത്യവും ആണെന്നും നിനക്കുവേണ്ടത് സ്വാതന്ത്ര്യമാണെന്നും നീയറിഞ്ഞു. എത്ര ആഴത്തിലാണോ , ദു:ഖം നിന്നെ നീയാക്കിയത് അത്രയും ആഴത്തിൽ സ്നേഹം നിന്നിലൂടെ പരന്നൊഴുകി. നീ മനസ്സ് മാന്തിക്കീറി രക്തത്തിൽ മുക്കിയെഴുതിയ വരികൾ ആനന്ദ നീർത്തടമായി. നിന്നെ ഒളിപ്പിച്ചിരുന്ന പുറന്തോട് നിന്റെ ആത്മാവ് തട്ടിയുടച്ചപ്പോൾ പൊട്ടി ചിതറിയ മുത്തുകളാണു നിൻ സൃഷ്ടി. സ്വയം ശോഭ വിതറാൻ നിനക്ക് കരുത്തു നൽകിയ സൂര്യദേവനാരാണ്? ഇരുട്ടിനെ വെളിച്ചമാക്കാനും അഗ്നിയെ നിലാവാക്കാനുമുള്ള മാസ്മര വിദ്യ പഠിപ്പിച്ചതാരാണ്? കൊച്ചു കൊച്ചു വാക്കുകളിലൂടെ വലിയൊരു പ്രേമഹർമ്യം നിർമ്മിക്കാനും നിഴൽ പോലെ ചുമരിൽ ദൃശ്യ രൂപങ്ങൾ ഒളിപ്പിക്കാനും നിനക്കെങ്ങിനെ സാദ്ധ്യമായി? ആത്മാവ് സ്വയം പൊട്ടി വിരിയുമ്പോൾ സ്വർഗ്ഗിയ പ്രേമത്തിൻ സൌരഭ്യം പരക്കുന്നു. അർത്ഥ ശൂന്യമാം ചോദ്യങ്ങളും പരിഹാസ തേൻ പുരട്ടിയ ഒളിയമ്പൊകളും പാഴ് വേലയാകുന്നു!