2009 ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാത്ത മുഖം

കണ്ടില്ലെങ്കിലും കാണുന്നു ഞാനാ- പിഞ്ചോമന മുഖത്ത് വിരിയും പിച്ചിപൂക്കൾ. അമ്മതൻ ആനന്ദാശ്രുക്കളിൽ അലിയും അനന്തമാം ദുഃഖ സ്മരണകൾ കൈയ്യടിമേളത്തിൽ ഒളിക്കും ഒരച്ഛന്റെ താളം തെറ്റിയ ഹൃദയമിടിപ്പുകൾ. സ്നേഹസംഗമത്തിനെന്നും വിരുന്നൊരുക്കുന്ന,വിയർപ്പൊഴുക്കുന്ന മാന്യ സുഹൃത്തുക്കൾക്ക് എന്റെ വിനീത കൂപ്പുകൈ കടപ്പാട് : സുനിലിന്റെ ആൽത്തറയിലെ ബ്ലോഗ് റിപ്പോർട്ട്

2009 ഓഗസ്റ്റ് 9, ഞായറാഴ്‌ച

അവൾ കഥ പറയുന്നു:

കുറ്റാകുരിരുട്ടിൽ കാട് ആടി തിമിർത്തപ്പോൾ മഴപെയ്ത് പുഴയാകെ വീർത്തു ചെമന്നപ്പോൾ, കടപുഴങ്ങി വീണോരു ചന്ദനമരമാണു ഞാൻ. പൊങ്ങിയും താണും തപ്പിയും തടഞ്ഞും ചാഞ്ഞും ചരിഞ്ഞും അനങ്ങാപ്പാറയിൽ ഉരുമ്മി അലഞ്ഞുലഞ്ഞും യാത്ര നീണ്ടുനീണ്ടു പോകവേ നീന്തിയെത്തിയൊരു പും‌ഗവൻ കെട്ടിപിടിച്ചുമ്മവച്ച് കരയോളമെത്തീച്ച് കയറിൽ കുടുക്കി എന്നെ. അന്തികള്ളുമോന്താനവൻ പോയ സന്ധ്യാസമയം കള്ളചിരിയുമായ് ഒരു ബാലൻ കുണുങ്ങി കുണുങ്ങി വന്ന് കെട്ടഴിച്ചുവിട്ട പിറക് തുള്ളി ചാടി ഓടിമറഞ്ഞു. ഒഴികിയെത്തി ഞാനീ കടലിൻ മാറിൽ അനാഥയല്ല ഞാൻ അവശയുമല്ല. അനന്തമായ് നൃത്തം ചെയ്യും അമ്മതൻ ഹർമ്മ്യത്തിൻ അങ്കണത്തിൽ അമ്മക്ക് തുണയായ് ,കൊത്തിവച്ചൊരു തൂണായ്, നിത്യസൌരഭ്യമോടെ ഇന്നുമെന്നും വാഴും ഞാൻ.