2009 ഏപ്രിൽ 21, ചൊവ്വാഴ്ച

പ്രതിധ്വനി

ഇരുട്ടും വെളിച്ചവും പോലെ ജീവിതവും മരണവും ഒന്നാണെന്നറിയുക. സൂര്യനിൽ അലിഞ്ഞ് ഇല്ലാതാവാൻ കാമാഗ്നി കത്തിതീരണമെന്നറിയുക. തഴുകി തലോടാനായ് വരും തെന്നൽ ഒഴുകി മാറിപ്പോകേണമെന്നറിയുക. മോഹത്തിൽ പെരുമഴ ആഴിതൻ ആഴത്തിൽ ആഴ്ന്ന് അദൃശ്യമാകേണമെന്നറിയുക. അഗാധശൂന്യതയിൽ നിന്നന്നുയരുമീ ശബ്ദം, ആത്മാവും ബുദ്ധിയും ഒന്നാണെന്നറിയുന്ന ആനന്ദാനുഭൂതിതൻ പ്രതിധ്വനിയാണെന്നറിയുക.

2009 ഏപ്രിൽ 15, ബുധനാഴ്‌ച

അഭിവാഞ്ച

ജീവൻ നിലനിൽകണമെന്നത്
ജീവന്റെ തന്നെ നിലയ്ക്കാത്ത
അഭിവാഞ്ഛ ആണെന്നറിയുന്നു
അതിന്റെ മൃദുസ്പന്ദനം
ഞാൻ അനുഭവിക്കുന്നു
ജീവിക്കുന്നു എന്ന് തോന്നിക്കാൻ ഒരു
കഠിന ശ്രമമാണീ ജീവിതം.
മോഹവലയത്തിൽ കുടുങ്ങിയ
മീൻ കണക്കെ തുള്ളുന്നു തുടിക്കുന്നു.
ചുറ്റിലും വെള്ളമാണെങ്കിലും
ദാഹം പെരുകുന്നു.
ഭയക്കുന്നു ഞൻ ഇവറ്റയെ
ഭയമറ്റ് സ്വതന്ത്രനായെങ്കിൽ എനിക്ക്
ഞാനല്ലാതാകാൻ കഴിഞ്ഞേനെ.

2009 ഏപ്രിൽ 4, ശനിയാഴ്‌ച

മരണം പടിവാതില്കൽ എത്തും മുമ്പ്

വിളക്കുകെടുത്താൻ സമയമായെങ്കിലും ഇരുട്ടിന്റെ ശൂന്യതയിൽ, ഉള്ളിന്റെ ഉള്ളിൽ ജ്വലിക്കും ദീപമുയർത്തട്ടെ,ചുറ്റും വീശും കാറ്റിൽ കെട്ടുപോയാലും എണ്ണയൂട്ടി തിരികൊളുത്താൻ അമ്മയുണ്ടല്ലോ! സ്നേഹത്തിന്റെ അഗാധതയിൽ നിന്നുയർന്നു ദു:ഖത്തിൻ കുമിളകൾ വെന്തുരുകും ചൂടിൽ മരണത്തിൻ പടിവാതിലിൽ ഞാനെന്റമ്മയെ കണ്ടു ആശ്വാസത്തിന്റെ കണ്ണുനീരരുവിയിൽ നീന്തി തുടിച്ചു ഞാനല്പനേരം സ്വയം മറന്ന് ഊളിയിട്ടു ആത്മാവിൻ മടിത്തട്ടിലേക്കായ്. ഇരുട്ടിലാകെ തപ്പിതടഞ്ഞു കരണം മറിഞ്ഞു മലർന്നു പൊങ്ങി അമ്പ് കൊണ്ട് മലച്ച മീൻ കണക്കെ. സായാഹ്നമായ് സന്ധ്യയായ് സമയമായ് ഇനി ഇരുട്ടിന്റെ ശൂന്യതയിലേക്ക് ഒഴുകിമറയാൻ.