2009, ഡിസംബർ 29, ചൊവ്വാഴ്ച
വാക്കും വക്കാണവും വരലാറും
വാക്കുകളുടെ ആദാനപ്രദാനം സമാരംഭിക്കുന്നത് വിവിധ ഭാഷാസമൂഹങ്ങൾ ഒത്തു ചേരുമ്പോളാണ്.സുഗമമായി നടക്കുന്നതും ഈ കൊടുക്കൽ വാങ്ങൽ തന്നെ. വാക്കുകൾ ഒരു ഭാഷാസമൂഹത്തിൽ നിന്ന് മറ്റൊരു ഭാഷാസമൂഹത്തിൽ എത്തപ്പെടുമ്പോൾ രൂപമാറ്റവും അർത്ഥവ്യത്യാസവും സംഭവിക്കാം. മനുഷ്യരെപ്പോലെ മനുഷ്യസൃഷ്ടിയായ ഭാഷയും മാറ്റത്തിനു വിധേയമാണ്. എവിടെയാണ് മനുഷ്യന്റെ ജന്മഗൃഹം ,ഏതെല്ലം വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാരുടെ അന്വേഷണവിഷയങ്ങളാണ് ; അന്വേഷണം ഇപ്പോഴും തുടരുന്നു.
പുരാതന മനുഷ്യന്റെ യാത്രയിൽ ഒരു ഇടത്താവളമായിരുന്നിരിക്കാം നമ്മുടെ പുണ്യഭൂമിയായ ഭാരതം. വംശീയ ഭിന്നതയുള്ള മനുഷ്യരുടെ ഒരു ആവാസകേന്ദ്രമായിരുന്നു ഭാരതം. ഇതിൽ ഉത്തര ദക്ഷിണ വൈജാത്യം വളരെ കുറച്ചുമാത്രം. വംശീയപരമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തര ദക്ഷിണ ഭാരതമെന്ന വേർതിരിവ് ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല. ഭാഷാവ്യത്യാസം കാണുന്നു എന്നതാണ് വാദമെങ്കിൽ , ഭാഷ ഒരിക്കലും വർഗ്ഗ സ്വഭാവം നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രം അംഗീകരിക്കുന്നില്ല. തികച്ചും അപ്രധാനമായ ഒരു വിഷയത്തെ പർവതീകരിച്ച് ആവർത്തന സ്വഭാവത്തിലൂടെ ആര്യരെന്നും ദ്രാവിഡരെന്നും ഉള്ള പേരുകൾ ഉപയോഗിച്ച് വേർതിരിവുകൾ ഉണ്ടാക്കി ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥ തത്പരരായ ചില ചരിത്ര പണ്ഡിതന്മാരും കക്ഷിരാഷ്ട്രീയക്കാരും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവാത്മാവും പരമാത്മാവും ഉത്തരേന്ത്യാക്കാരും ദക്ഷിണേന്ത്യാക്കാരും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അവരുടെ ഭാഷയിൽ ഉത്തരേന്ത്യാക്കാർ ആര്യന്മാരാണ് .ആര്യന്മാർ പ്രായോഗിക ബുദ്ധിയുള്ളവരും ചിന്താശക്തിയുള്ളവരും ആണ്. ദക്ഷിണേന്ത്യാക്കാരായ ദ്രവീഡിയന്മാർ പൊതുവേ വികാര ജീവികൾ ആണ്. വേടന്മാർ രൂപമാറ്റം സംഭവിച്ച് ഉണ്ടായവരാണ് ദ്രവീഡിയന്മാർ. ഇത്തരം അശാസ്ത്രീയമായ ജല്പനങ്ങൾ വഴി ഉത്തരേന്ത്യക്കരേയും ദക്ഷിണേന്ത്യക്കാരേയും വേർതിരിച്ചു കാണിക്കുന്ന ലേഖനങ്ങൾ ‘The cultural history of India ' മുതലായ മഹത് ഗ്രന്ഥങ്ങളിൽ പോലും ഇടം കണ്ടിരിക്കുന്നു എന്ന ദുഃഖസത്യം ചരിത്രകാരന്മാരുടെ ശോചനീയ സ്ഥിതിക്കുള്ള വ്യക്തമായ ഉദാഹരണമാണ്. [Cultural History of India Vol I page 17-32& 83]
ഒരുകാലത്ത് ഇപ്പോൾ ദ്രവീഡിയൻ ഭാഷാസമൂഹത്തിൽ പെടുന്നു എന്ന് കരുതപ്പെടുന്നവർ ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന കാലം ഉണ്ടായിരുന്നു എന്ന് നരവംശ ശാസ്ത്രജ്ഞന്മാർ വ്യക്തമാകുന്നു.“Evidence exists that possibly during the Neolithic period the aboriginal inhabitants of the subcontinent were dispersed and probably assimilated by invading tribesmen,who probably came from the west. On the basis of the recent archeological discoveries in the Indus Vally ,the civilization subsequently developed by the Dravidians equaled and possibly surpassed in splendour the civilizations of ancient Mesopotamia and Egypt. About the middle of third millennium BC Dravidian India was subjected to the first of a sustained series of invasions by tribes of Indo European linguistic stock " page 196 Vol 13 Fung Wagnall Encyclopedia.
Mrs Devala Mitra യുടെ അഭിപ്രായത്തിൽ "There are strong ground for believing that the Dravedians came to India from the East Mediterranean region long before the Aryans......The impact of the Dravedians was much stronger than that of any of these races and they practically Dravidianized whole of peninsular India" page 610 chapter 39 Forgin elements in Indain population. The Cultural History of India Vol II
വേറൊരു ഭാഷാസമൂഹത്തിന്റെ ശക്തവും തുടർച്ചയായുള്ളതുമായ ആക്രമണം താങ്ങാനാവാതെ ശിഥിലമായ ദ്രവീഡിയൻ ഭാഷാസമൂഹം അക്രമികളുടെ മേധാവിത്വം അംഗീകരിച്ച് അവരുടെ ഭാഷയും സംസ്കാരവും ഭാഗികമായി സ്വീകരിച്ച് വളരുന്ന ഒരു ജനതയെ ആണ് നാം പിന്നീട് കാണുന്നത്. ഭാരതത്തിൽ അനേകം പ്രാകൃത ഭാഷകൾ ഉണ്ടാവാൻ കാരണം ഈ മേൽകോയ്മയുടെ ഏറ്റക്കുറച്ചിൽ മാത്രമല്ല, അടിസ്ഥാനപരമായി നിലനിന്ന വിവിധഭാഷാസമൂഹങ്ങളുടെ മേലാണ് ഈ പുത്തൻ ഭാഷ വന്നുഭവിച്ചത് എന്നതു കൊണ്ടുകൂടിയാണ്. ഈ പുത്തൻ ഭാഷ സമൂഹത്തിൽ നിന്ന് വളരെ അകലത്തിൽ നില കൊണ്ട മറ്റുഭാഷാസമൂഹങ്ങൾക്ക് അവരുടെ തനിമ കാത്തുസൂക്ഷിക്കാനും സാദ്ധ്യമായി. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങൾ ഈ ഇനത്തിൽപ്പെടുന്നു. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങളിൽ പ്രധാനമായവ തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീഭാഷകളാണ്. ഈ ഭാഷാസമൂഹങ്ങളെല്ലം ഒരുമിച്ച് ദ്രവീഡിയൻ ഭാഷാസമൂഹം എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഷാസമൂഹവും ഒരു കാലത്ത് വാക്കുകളുടെ കൊടുക്കൽ വാങ്ങലിന് വിധേയമായിരുന്നെങ്കിലും അത് വളരെ കുറഞ്ഞ തോതിൽ മാത്രമായിരുന്നു. എന്നാൽ ഈ ഭാഷാസമൂഹത്തിൽ വിവിധഭാഷാ സമൂഹത്തിലുള്ള പദങ്ങൾ കടന്ന് കൂടിയിട്ടുണ്ട് എന്ന സത്യം ആർക്കും നിഷേധിക്കാൻ ആവുകയില്ല.
നമ്മുടെ മാതൃഭാഷയായ മലയാളം എ.ഡി എട്ടാം ശതാബ്ദം വരെയെങ്കിലും തമിഴിന്റെ അവിഭാജ്യ ഘടകമായിരുന്നു . അതിനു ശേഷം മലയാളം സംസ്കൃത ഭാഷാസമൂഹത്തിന്റെ അധിപത്യം സ്വീകരിച്ച് തമിഴിൽ നിന്നും തെന്നി മാറുകയാണ് ഉണ്ടായത്. തമിഴിനോടൊപ്പം ആയിരുന്നപ്പോഴും മലയാളത്തിൽ അന്യഭാഷാപദങ്ങൾ കടന്നു കൂടിയിട്ടുണ്ടായിരുന്നു. ബുദ്ധ,ജൈന പ്രാകൃതങ്ങളിൽ നിന്നും മാഗധി പ്രാകൃതത്തിൽ നിന്നും കടന്നു കൂടിയ പദങ്ങൾ അനവധിയാണ്. വിവിധ ഭാഷാസമൂഹങ്ങൾ ഒത്തുചേരുമ്പോൾ പദങ്ങളുടെ കൊടുക്കൽ വാങ്ങൽ മാത്രമല്ല നടക്കുന്നത് , സാംസ്കാരിക തലത്തിലുള്ള ആദാനപ്രക്രിയയും ഇതോടൊപ്പം സംഭവിക്കുന്നു. ഭാരതം ഒട്ടാകെ ഒരു ഹൈബ്രിഡ് കൾച്ചർ ഉണ്ടാകാൻ കാരണവും വിവിധ ഭാഷാസമൂഹങ്ങളുടെ ഒത്തുചേരൽ മുഖാന്തിരമാണ്.
ആഗമ പദങ്ങളെ അടിസ്ഥനമാക്കി ചരിത്ര രചന നടത്തുന്നത് ഉചിതമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാലും മലയാള ഭാഷയുടെ ഉല്പത്തി തേടി പോകുന്ന ഒരാളിന് ചില ചരിത്ര സത്യങ്ങൾ വെളിവാകും. ഉദാഹരണമായി ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്ന കാലത്ത് ബ്രാഹ്മണഭാഷയെ അന്ധമായി അനുകരിക്കാനും പദപ്രയോഗങ്ങൾ ആവർത്തിക്കാനും ശ്രമിച്ചിരുന്ന ഒരുജനത ഇവിടെ ഉണ്ടായിരുന്നു. സംസ്കൃത ഭാഷയെ ബഹുമാനിക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ ആരാധിക്കാനും കേരളിയരിൽ ചിലർ തയ്യാറായിരുന്നു. ഈ വിധേയത്വമാണ് മലയാളം എന്ന ഒരു ഭാഷ ഉണ്ടാവാൻ കാരണമായത്. വിധേയത്വം കുറഞ്ഞ തെക്കൻ തിരുവിതാംകൂറിൽ മലയാണ്മയും തമിഴും കൂടികലർന്ന ഒരു ഭാഷയാണ് ഉരുത്തിരിഞ്ഞത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആണെങ്കിലും അവിടത്തെ മലയാളം മറ്റുജില്ലകളിലെ മലയാളത്തിൽ നിന്നും ഭിന്നമാണ്. ഉച്ചാരണരീതിയിലും പദപ്രയോഗത്തിലും എല്ലാം ഇപ്പോഴും തമിഴിനോടും തെലുങ്കിനോടുമാണ് കൂറ്. ‘എന്തൊരു’ ‘എന്തരോ’ മുതലായ പ്രയോഗങ്ങൾ തിരുവനന്തപുരം ഭാഷയിൽ സുലഭമാണ്.
‘അമ്പി’ എന്ന പദത്തിന് ഉച്ചാരണ വ്യതിയാനം സംഭവിച്ചപ്പോൾ ‘അപ്പി’യായ കഥ ഇന്ന് അങ്ങാടിപാട്ടാണ്. ഉയർന്ന ജാതിയിലുള്ള കുട്ടികളെ ‘അമ്പി’എന്നാണ് താണ ജാതിക്കാർ ഈ അടുത്ത കാലംവരേയും വിളിച്ചിരുന്നത്. അത് ജനകീയമായപ്പോൾ ‘അമ്പി’ ‘അപ്പി’ ആയി. ‘അപ്പി’ എന്നത് എങ്ങിനെ കുഞ്ഞുങ്ങളുടെ വിസർജ്യവുമായി ബന്ധപ്പെടുത്തി എന്നത് ഗവേഷണ വിഷയം ആക്കാവുന്നതാണ്. തമിഴ് ഭാഷയിൽ സംഭവിച്ച സബ്‌ജറ്റ്-ഓബ്‌ജറ്റ് കൺഫ്യൂഷൻ കേരളത്തിലും സംഭവിച്ചിട്ടുണ്ടാവാം.
തിരുവന്തപുരം എന്ന സ്ഥലനാമത്തിന് ‘ആയർ’ വംശജരുടെ ചരിത്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഗുരു നന്ദ ദക്ഷൻ (കുരു നന്ദ ഡക്കൻ) എന്ന ആയ് രാജാവ് ഏ.ഡി. എട്ടാം ശതകത്തിൽ വിഴിഞ്ഞം ഉൾപ്പെട്ട തിരുനന്തപുരത്തിന്റെ ഭരണം നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ ആകെ സംഭവിച്ച ബ്രാഹ്മണ മേധാവിത്വത്തിനൊപ്പം ഗുരു നന്ദ ദക്ഷന്റെ പേരിലുള്ള ‘തിരു നന്ദപുരം’ ‘തിരു അനന്തപുരം’ ആക്കിയതല്ലേ എന്ന സംശയിക്കാവുന്നതാണ്. ‘പുരം‘ എന്ന പദാന്ത്യത്തിലെ പ്രയോഗം തിരുവനന്തപുരത്തെ സംസ്കൃത ഭാഷയുമായി ബന്ധിപ്പിക്കുന്നു. പാർത്ഥിവപുരം ആയരുടെ സംഭാവനയാണെന്ന് ഓർക്കുക. ആയർക്കു് സംസ്കൃത ഭാഷയിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷയുമായിട്ടായിരിക്കാം അടുത്ത ബന്ധം. ‘കാന്തളൂർശാലയുടെ കലം അറുത്തരുളാൻ’ സഹായിച്ച ചോള (ഗോലർ ,കോലാര്യർ) വംശജരുമായി ആയ്‌വംശജർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. കാന്തളൂർശാലയുടെ നടത്തിപ്പിനായി ചേരന്മാർക്കോ ,പാണ്ഡ്യർക്കോ കൊടുക്കേണ്ടിയിരുന്ന കപ്പം ചോളർ ഇല്ലാതാക്കിയത് ‘ആയ്’വംശജർ സ്വാഗതം ചെയ്തതായി വേണം അനുമാനിക്കാൻ. വള്ളുവനാട് ഭരിച്ചിരുന്ന വള്ളുവകോനാതിരിക്ക് വല്ലഭ എന്ന സ്ഥാനപ്പേരുള്ളതു പോലെ ആയ്‌വംശാധിപന്മാർക്കും വല്ലഭ സ്ഥാനം ഉണ്ടായിരുന്നിരിക്കാം.പുരാതനമായ തിരുവല്ലം (തിരു വല്ലഭ) ക്ഷേത്രം തിരുവന്തപുരത്ത് ആണെന്ന് ഓർക്കാവുന്നതാണ്.‘വല്ലഭ’ത്തിൽ നിന്നാണ്‘വല്ല’‘വള്ളു’ തുടങ്ങിയ പദങ്ങൾ ഉണ്ടായത്.തിരുവനന്തപുരം മലയാളത്തിൽ സ്വന്തബന്ധങ്ങൾ കാണിക്കുന്ന പദങ്ങൾക്കും പ്രത്യേകതയുണ്ട്. അച്ഛൻ എന്ന പദത്തിന് ഇപ്പോൾ പ്രചാരം കിട്ടിയിട്ടുണ്ടെങ്കിലും കൂടുതൽ അറിയപ്പെട്ടിരുന്ന പദം അപ്പനാണ്. അപ്പൂപ്പനിലെ അപ്പനെ ഓർക്കുക. അമ്മ തള്ളയും അച്ഛൻ തന്തയും ആണ് ഗ്രാമ പ്രദേശങ്ങളിൽ. തിരുവനന്തപുരത്തുകാർക്ക് ചേട്ടനും ജേഷ്ടനും ഇല്ല.പകരം ‘അണ്ണാ’ ‘അണ്ണൻ’ എന്നി പദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചേച്ചിക്കു പകരം ‘അക്ക’യെന്നും ‘അക്കനെ’ന്നും ആണ് ഉപയോഗിക്കുക. അനുജത്തിയെ ‘തങ്കി’യെന്നും, അനുജനെ ‘തമ്പി’യെന്നുമാണ് അടുത്തകാലംവരേയും വിളിച്ചിരുന്നത്. കുടുംബത്തിലെ മൂത്ത കാരണവർക്കുണ്ടായിരുന്ന പോറ്റിസ്ഥനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ഭാര്യയെ ‘അച്ചി’യെന്നാണ് വിളിക്കുക. പാലക്കാട്ടെ ‘ നായരച്ചി’യുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. തമിഴിൽ കൂത്തച്ചി അശ്ലീലമാണ്. ദേവദാസികൾക്ക് ക്ഷേത്രഭരണത്തിലുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായപ്പോൾ ദേവദാസികൾ വെറും കൂത്തച്ചികളായി മാറിയ ചരിത്ര സംഭവം ഇവിടെ സ്മരണീയമാണ്. കേരളത്തിൽ ക്ഷേത്രങ്ങൾ ബ്രാഹ്മണരുടെ കാലത്താണ് ഉണ്ടായത്. കൂത്തമ്പലങ്ങൾ ഉള്ള ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. അതു കൊണ്ടായിരിക്കം ദേവദാസി സമ്പ്രദായം കേരളത്തിൽ ഇല്ലാതെ പോയത്. മാത്രവുമല്ല ബ്രാഹ്മണർക്ക് മറ്റുജാതി സ്ത്രീകളുടെമേൽ ശാരീരികവും സാംസ്കാരികവുമായ ആധിപത്യം ഉണ്ടായിരുന്നതു കൊണ്ട് ദേവദാസി സമ്പ്രദായം ഒരു ആവശ്യമായി മാറിയില്ല. അതേ സമയം ശുചീന്ദ്രംക്ഷേത്രം ഉൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ ദേവദാസീ സമ്പ്രദായം ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ വ്യക്തമാക്കുന്നു
മറ്റുഭാഷാസമൂഹങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ എത്തുന്നതിനു മുമ്പ് ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ എന്നപോലെ ഇവിടേയും ഗോത്ര സംസ്കാരം മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. കുടിയേറ്റക്കരുടെ മെച്ചപ്പെട്ട ഭാഷയും സംസ്കാരവും സ്വീകരിക്കാനും സ്വന്തം ഭാഷകളെ പൂർണ്ണമായല്ലെങ്കിലും കാലാന്തരങ്ങളിൽ മറക്കാനും ഈ ഗോത്രസമുദായങ്ങൾക്ക് കഴിഞ്ഞു.ഏറ്റവും അടുത്ത ബന്ധങ്ങൾ സൂചിപ്പിക്കുന്ന പദങ്ങൾ പോലും ആഗതപദങ്ങളാണെന്ന് കാണുന്നതിൽ നിന്ന് കുടിയേറ്റഭാഷാസമൂഹത്തിന്റെ മേധാവിത്വം തെളിഞ്ഞു കാണാം. അപ്പ, അമ്മ, അക്ക മുതലായ പദങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.
എല്ലാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹങ്ങളിലും ‘പ്’അല്ലെങ്കിൽ ‘ബ് ’ ആണ് അപ്പാ എന്ന വാക്കിന്റെ അടിസ്ഥാന ശബ്ദം. അമ്മ എന്ന പദത്തിൽ ‘മ് ’ എന്ന ശബ്ദവും. ഓൾഡ് ഇംഗ്ലീഷിൽ ‘Pater’ ‘Mater’ എന്നി പദങ്ങളും സംസ്കൃതത്തിൽ ‘പിതാ’ ‘മാതാ’ എന്നപദങ്ങളും ഉദാഹരണങ്ങളാണ്. സെമിറ്റിക്ക് ഭാഷകളിൽ ‘പ’ ‘മ’ എന്നീ വ്യജ്ഞനങ്ങൾ ഒരു സ്വരാക്ഷരത്തിന്റെ സഹായത്തോടെ നില്ക്കുന്നു. ഉദാഹരണത്തിന് ഹീബ്രൂ വിൽ ‘അബ’ എന്നപദത്തിന് അപ്പൻ എന്നാണ് അർത്ഥം. ‘അമ്മ‘യ്ക്കാണെങ്കിൽ ‘ഏമ’ എന്നതാണ് പദം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് സെമിറ്റിക്ക് ഭാഷകളോടാണ് അടുത്തബന്ധം. അർമേക്ക് ഭാഷയിൽ ഉള്ള ‘അബ്ബ’ എന്ന പദത്തിന് ‘അപ്പ’നോട് വളരെ അടുത്ത സാമ്യമാണുള്ളത്. ടിബറ്റൻ ഭാഷകളിൽ ‘പ’ ആണിനേയും ‘മ’ പെണ്ണിനേയും സൂചിപ്പിക്കുന്ന പദങ്ങളാണ്. മറ്റൊരു പ്രകടമായ ഉദാഹരണം അക്കയെന്ന തിരുവനന്തപുരം മലയാളത്തിലുള്ള പദമാണ്. മറാത്തി, കന്നട. തെലുങ്ക്. തമിഴ് എന്നീ ഭാഷകളിൽ ഈ പദം കണ്ടുവരുന്നു. മംഗോളിയൻ ഭാഷയിൽ ‘achan’-യും ടിബറ്റൻ ഭാഷകളിൽ ‘achcha’-യും ആണ്. ലാപ്പിഷ് ഭാഷയിൽ ‘അക്കെ‘ എന്ന പദത്തിന് ‘ഭാര്യ’യെന്നും മുത്തശ്ശി എന്നും അർത്ഥമുണ്ട്. (കാൾഡ് വെല്ലിനോട് കടപ്പാട്)
സാധരണക്കാരായ മാതൃഭാഷാസ്നേഹികൾ വാക്കുകളുടെ ഉത്ഭവസ്ഥാനമോ(source) അവയ്ക്ക് വന്ന അർത്ഥവ്യത്യാസമോ അറിയുന്നവരാകണമെന്നില്ല. പദസ്വീകരണത്തിനോടൊപ്പം സാംസ്കാരിക സങ്കലനം സംഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും അവർക്ക് അന്യമാണ്. പക്ഷേ സാധരണ ജനങ്ങളുടെ മാതൃഭാഷാസ്നേഹം ചൂഷണം ചെയ്യുന്ന കക്ഷിരാഷ്രീയക്കാർ അവരെ ഭാഷാഭ്രന്തന്മാരാക്കുകയാണ് ചെയ്യാറുള്ളത്. ഇതുതന്നെയാണ് മതത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമുക്കുവേണ്ടത് ഭാഷാഭ്രന്തന്മാരെയോ മതഭ്രാന്തന്മാരേയോ അല്ല,സ്വയം ചിന്തിക്കാൻ കഴിയുന്ന രാഷ്ട്രത്തിനെ സ്നേഹിക്കുന്ന ഭാരതീയരേയാണ്. ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണെന്നും മതം ഉത്സവകാലങ്ങളിൽ ചന്തത്തോടെ അണിയാൻ ഉതകുന്ന മേലങ്കി മാത്രമാണെന്നും അറിഞ്ഞാൽതന്നെ അതു നമ്മുടെ വിജയമാണ്.
2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച
കാണാത്ത മുഖം
2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച
അവൾ കഥ പറയുന്നു:
കുറ്റാകുരിരുട്ടിൽ കാട് ആടി തിമിർത്തപ്പോൾ മഴപെയ്ത് പുഴയാകെ വീർത്തു ചെമന്നപ്പോൾ, കടപുഴങ്ങി വീണോരു ചന്ദനമരമാണു ഞാൻ. പൊങ്ങിയും താണും തപ്പിയും തടഞ്ഞും ചാഞ്ഞും ചരിഞ്ഞും അനങ്ങാപ്പാറയിൽ ഉരുമ്മി അലഞ്ഞുലഞ്ഞും യാത്ര നീണ്ടുനീണ്ടു പോകവേ നീന്തിയെത്തിയൊരു പുംഗവൻ കെട്ടിപിടിച്ചുമ്മവച്ച് കരയോളമെത്തീച്ച് കയറിൽ കുടുക്കി എന്നെ. അന്തികള്ളുമോന്താനവൻ പോയ സന്ധ്യാസമയം കള്ളചിരിയുമായ് ഒരു ബാലൻ കുണുങ്ങി കുണുങ്ങി വന്ന് കെട്ടഴിച്ചുവിട്ട പിറക് തുള്ളി ചാടി ഓടിമറഞ്ഞു. ഒഴികിയെത്തി ഞാനീ കടലിൻ മാറിൽ അനാഥയല്ല ഞാൻ അവശയുമല്ല. അനന്തമായ് നൃത്തം ചെയ്യും അമ്മതൻ ഹർമ്മ്യത്തിൻ അങ്കണത്തിൽ അമ്മക്ക് തുണയായ് ,കൊത്തിവച്ചൊരു തൂണായ്, നിത്യസൌരഭ്യമോടെ ഇന്നുമെന്നും വാഴും ഞാൻ.
2009, ജൂലൈ 19, ഞായറാഴ്‌ച
കേരളം ‘വളരുന്നു’
2009, ജൂൺ 10, ബുധനാഴ്‌ച
നനാത്വത്തിൽ ഏകത്വം
2009, ജൂൺ 4, വ്യാഴാഴ്‌ച
കവയത്രി
2009, മേയ് 12, ചൊവ്വാഴ്ച
യാത്രികർ
അന്വേഷികളീ യാത്രികർ
സ്വയം അറിയാൻ ശ്രമിക്കുന്നവർ
അറിവിന്റെ കണ്ണികൾ ചേർത്ത്
സ്വർണ്ണമാല പണിയുന്നവർ.
ഊതിവീർപ്പിച്ചോരഹന്തതൻ
ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.
യാത്ര ലഹരിയെന്നോതുന്നവർ
ലീലാവിനോദങ്ങളിലാറാടി
നീന്തിതുടിച്ചുല്ലസിക്കുന്നവർ.
മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ
‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ
ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’
എന്നു പാടി സ്നേഹം പങ്കിടുന്നോർ.
( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )
സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,
സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ
അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ
വെമ്പൽ കൊള്ളും മനീഷിമാർ!
ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ
എന്നോർത്ത് ദുഃഖിക്കുന്നവർ.
നാളെയുമീയാത്ര തുടരാനാകുമോ
എന്ന് വ്യാകുലപ്പെടുന്നവർ.
സ്നേഹിക്കാനും സേവിക്കാനും
ഒരു വഴികാട്ടി കൂടിയില്ലല്ലോ
എന്ന് വേദനയാൽ മനസ്സുരുകി
കരയും ‘ചിന്താവിഷ്ടയായ സീത’മാർ.
ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര
എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.
ഔപചാരികതയുടെ വരമ്പുകൾ
വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്
വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ
പൂത്തുലയും,യാത്ര ധന്യമാകും
എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി
ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?
2009, ഏപ്രിൽ 21, ചൊവ്വാഴ്ച
പ്രതിധ്വനി
2009, ഏപ്രിൽ 15, ബുധനാഴ്‌ച
അഭിവാഞ്ച
2009, ഏപ്രിൽ 4, ശനിയാഴ്‌ച
മരണം പടിവാതില്കൽ എത്തും മുമ്പ്
2009, മാർച്ച് 30, തിങ്കളാഴ്‌ച
സത്യമെത്ര വിചിത്രം
2009, മാർച്ച് 27, വെള്ളിയാഴ്‌ച
മഴയ്ക്കു മുമ്പ്
2009, മാർച്ച് 14, ശനിയാഴ്‌ച
എന്റെ മോഹം
2009, മാർച്ച് 12, വ്യാഴാഴ്‌ച
മരണത്തിൻ തീരം
2009, മാർച്ച് 11, ബുധനാഴ്‌ച
എനിക്കു വിയർക്കണം
2009, മാർച്ച് 7, ശനിയാഴ്‌ച
തിരുക്കുറലിലെ മലയാളപദങ്ങൾ
വാക്ക് | കുറൾ നമ്പർ | അർത്ഥം മലയാളത്തിൽ | അർത്ഥം തമിഴിൽ | റിമാർക്ക് |
അയ്യം | 353 ,845 etc | സ്വീകര്യമല്ലാത്തത് | doubt | തെക്കൻ കേരളത്തിൽ ഇപ്പോഴും പ്രയോഗത്തിൽ ഉണ്ട് |
അമര | 121 | മരണമില്ലാത്ത | മരണമില്ലാത്ത | |
അന്തം | 563 , 593 | അവസാനം | അവസാനം | |
അമിഴ്തം | 702 ,968 | അമൃത് | അമുതം | |
അരങ്കു | 401 | അരങ്ങ് | അരങ്ക് | |
അല്ലൽ | 245 .798 | അല്ലൽ | അല്ലൽ | |
അഴു | 1317, 1318 | അശ്രു | അഴു | അഴാതെ = കരയാതെ |
അകം | | മനസ്സ് | ഉള്ളം | അകം-പുറം. സംസ്കൃതത്തിലെ അഹം എന്ന പദത്തിനോട് ബന്ധമുണ്ടാവാം |
അകലം | 389, 392 | അകലം | അകലം | Distance |
അച്ചാണി | 667 | അത്താണി=താങ്ങ് (support) | | സംസ്കൃതത്തിലെ അക്ഷവും തമിഴിലെ ആണി യും ചേർന്ന് ഉണ്ടായതാവാം |
അഞ്ചം | 686, 723,882 etc | അഞ്ചം | അച്ചം meaning fear | മലയാളത്തിൽ ഇപ്പോൾ പ്രയോഗത്തീൽ ഇല്ല |
അരശൻ | 381, 412, 534 etc | അരചൻ | | രാജാവ് |
അടിമൈ | 610, 1120 | അടിമ | | Slave |
ഇലക്കം | 627 | ലക്ഷ്യം | ഇലക്കിയം | SKT origin |
ഇയക്കം | 102 | യജ്ഞം =action | ഇയക്കം=movement | ഇയക്കുനർ, ഇയലുക മുതലയ പദങ്ങൾ പിന്നീട് ഉണ്ടായി |
2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച
കണ്ണനും കൻഹനും കൃഷ്ണനും
2009, ജനുവരി 26, തിങ്കളാഴ്‌ച
സാഹിത്യാസ്വാദനവും സൌന്ദര്യബോധവും -ഭാഗം 2
“രാജീ അതിലേക്കു തന്നെയാണ് ഞാൻ വരുന്നത് . സാഹിത്യ ഭാഷപോലെ പ്രാധാന്യമുള്ളതാണല്ലോ വിഷയങ്ങളും. ഇവയുടെ രണ്ടി ന്റേയും harmonious blending ആണല്ലോ സാഹിത്യം. വിഷയങ്ങളിൽ ഉണ്ടാവുന്ന മാറ്റം തീരെ കുറവാണ്. ഹോമർ ‘ഇലിയഡിൽ’ പ്രേമവും വ്യക്തിവൈരാഗ്യവും യുദ്ധവും പ്രധാന വിഷയങ്ങളായി അവതരിപ്പിച്ചു. ‘രാമയണ‘കഥയും ‘ഇലിയഡി‘ലെ കഥയും തമ്മിലുള്ള സാദൃശ്യങ്ങൾ പലതാണ്. രാവണൻ സീതയെ തട്ടികൊണ്ടുപോകുന്നതും, അതി ന്റെ ഫലമായുണ്ടാവുന്ന യുദ്ധവും ആണല്ലോ ‘രാമയണ‘ത്തിലെ വിഷയം. ”
‘ഇലിയഡി’ൽ ട്രോജൻ രജകുമാരനായ പാരീസ് ഹെലനെ തട്ടികൊണ്ടു പോകുന്നതിനെ തുടർന്നുള്ള ഗ്രീക്ക്-ട്രോജൻ യുദ്ധവും അല്ലെ മാഷേ”
“അതേ രാജീ.. വിഷയങ്ങൾ മാറുന്നില്ല. മഹാഭാരതത്തിലും, സ്നേഹവും വിദ്വേഷവും അധികാരമോഹവും എല്ലാമാണല്ലോ വിഷയങ്ങൾ. ഇവയൊക്കെ മനുഷ്യ സമുദായത്തിൽ കാണുന്ന മൌലിക വികാരങ്ങൾ ആണ്. ആന്റണിക്ക് ക്ലിയോപാട്രയിലുണ്ടായ ‘infatuation’ ഉം അമേരിക്കൻ പ്രസിഡന്റിന് വൈറ്റ് ഹൌസ് ജീവനക്കാരിയോടുണ്ടായ വികാരവും ഒരുപോലെതന്നെ. എല്ലാക്കാലത്തും സഹിത്യകാരന്റെ വിഷയങ്ങളും പ്രേമം , വിദ്വേഷം, അസൂയ തുടങ്ങിയ മൌലിക വികാങ്ങൾ തന്നെ”
“അപ്പോൾ സഹിത്യം എല്ലാക്കാലത്തും ഒരേപോലെ തന്നെ ആണെന്നാണോ മാഷ് പറയുന്നത്?”
‘ അല്ല ജോൺസൺ അതു ശരിയല്ല. സഹിത്യകാരന്റെ വീക്ഷണത്തിന് മാറ്റം വരാം. പശ്ചാത്തലം മാറുന്നതനുസ്സരിച്ച് വികരപ്രകടനത്തിനും അതു പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ‘techniques’ ഉം മാറ്റം വരാം . ഇവിടെ ജോൺസണെ ഒരു കഥാപാത്രമാക്കുന്നതിൻ വിരോധം ഇല്ലല്ലോ? ജോൺസന് ഷീലയുമായി പ്രേമം എന്നു കരുതുക. ജോൺസനും ഷീലയും പ്രേമിക്കുന്നത് പരീസ്സും ഹെലനും പ്രേമിച്ചതു പോലെയോ ഡസ്ഡിമോണയും ഒഥല്ലോയും പ്രേമിച്ചതു പോലെയോ ആവില്ല. അന്തരീക്ഷം മാറി, കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലും മാറ്റം വന്നു. ഈ മാറ്റം സാഹിത്യകാരന്റെ treatment of the subject ഉം മറ്റം വരുത്തും. പക്ഷേ ആന്റണിക്ക് ക്ലിയോപാട്രയോടു തോന്നിയ വികാരത്തിലും ജോൺസന് ഷീലയോപ്പ്ടു തോന്നിയ വികാരത്തിലും അടങ്ങിയിരിക്കുന്ന മൌലിക സ്വഭാവം പ്രേമം തന്നെ. സംശയമില്ലല്ലോ? മത്ഥരയുടെ അസൂയയും ഏഷണി പ്രയോഗവും ഇരുപത്തിഒന്നാം ശതാബ്ധത്തിൽ ഭാരതത്തിലുള്ള ചില അമ്മായിയമ്മമാരുടേതിൽ നിന്നും വിഭിന്നമല്ലല്ലോ? പക്ഷേ അവർ അത് പ്രകടിപ്പിക്കുന്ന രീതി ,execution of the techniques മാറിയെന്നു വരാം. അവ പ്രയോഗിക്കാനുണ്ടാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളും വേറെയാവാം.”
“സാഹിത്യ കൃതികൾക്കുണ്ടാവുന്ന രൂപമാറ്റം treatment of the subject ലുള്ള വ്യത്യസ്തത കൊണ്ടാണോ?”
“ രാജിയുടെ ചോദ്യം നല്ലതുതന്നെ. രാജിയുടെ രൂപവും ഷീലയുടെ രൂപവും ഒന്നു പോലെയാണെന്ന് പറയാൻ ആകുമോ? നിറം അവയവങ്ങളുടെ ആകൃതിയിലുള്ള വ്യത്യാസം ഇവയൊക്കെ രൂപവ്യത്യാസത്തിന് കാരണമാവും. ഇതുപോലെതന്നെയാണ് സാഹിത്യ കൃതികൾക്കും രൂപവ്യത്യാസം സംഭവിക്കുന്നത്. ഒരോതരത്തിലുള്ള കൃതിക്കും ഒരോ ചട്ടകൂട് ഉണ്ടാവും. ഇത് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ച താണ് ഈ ചട്ടകൂടിന് ഉതകുന്ന രീതിയിലാവും സാഹിത്യകാരൻ വിഷയം കൈകാര്യം ചെയ്യുക. ഒരു ഭാവഗീതത്തിനും ഇതിഹാസത്തിനും ഉണ്ടാവുന്ന വ്യത്യാസം ഇവിടെ സംഭവിക്കുന്നു. ഒരു ചെറുകഥ പോലെയല്ലല്ലോ നോവൽ. രസങ്ങൾ ദ്യോതിപ്പിക്കുന്നതാണ് ഭാവം. ഭാവപ്രകടനത്തിൽ എഴുത്തുകാരനുള്ള കഴിവ് എപ്പോഴും ശ്ലാഹിക്കപ്പെടേണ്ടതാണ്. ഒരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങി തന്മയത്വത്തോടെ പ്രകശിപ്പിക്കുന്നതാണ് സാഹിത്യകാരനെ വേറിട്ടതാക്കുന്നത്. ഒരു കഥാപാത്രത്തിന്റെ വേഷവിധാനത്തിലെ പ്രത്യേകതകളും ഭാഷാപ്രയോഗവും മാത്രമല്ല സാഹിത്യകാരൻ പഠനവിധേയമാക്കുന്നത് ,not mere externals ,he has to dive deeper into the heart of the character. എന്നാലെ ഭാവ വൈവിദ്ധ്യവും രസാനുഭൂതിയും പൂർണ്ണമാവൂ. പക്ഷേ എല്ലാ കൃതിയിലും അത് ഉണ്ടാവണമെന്നില്ല. It depends on the purpose of the writer. സാഹിത്യകാരന്റെ ലക്ഷ്യം മാറുമ്പോൾ അയാളുടെ വീക്ഷണാവും മാറാം. ഒരു ഫലിതനാടകവും ഒരു ദുരന്ത നാടകവും പോലെ.”
“സാഹിത്യകാരന്റെ ലോകവും സാധാരണലോകവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ മാഷേ?”
“ഉണ്ടല്ലോ ജഗദീശ് . അവ രണ്ടും ഭിന്നങ്ങളാണ്. സാഹിത്യത്തിൽ ഒരു കഥാപാത്രത്തിന്റെ പുരോഗതി കാര്യകാരണ സഹിതമാവും.
ഒരു ദുഷ്ടകഥാപാത്രം തുടക്കം മുതൽ അവസാനം വരെ അങ്ങിനെതന്നെ യാവും. പെട്ടെന്നുള്ള മാറ്റം വായനക്കാരിൽ അവിശ്വസനീയതയാണ് ഉളവാക്കുക. ഈ മാറ്റത്തിന് കാരണങ്ങൾ തേടി കഥാകൃത്ത് വളരെ അധികം വിഷമങ്ങൾ നേരിടെണ്ടതായും വരാം.
സാധാരണ ജീവിതത്തിൻ ഈ ലിമിറ്റേഷൻ ഇല്ല. മാറ്റങ്ങൾ സംഭവിക്കുന്നതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആരേയും പ്രകടമായി ബാധിക്കാറില്ല. വയനക്കാരൻ അങ്ങിനെയല്ലല്ലോ! അയാൾ തുടക്കാം മുതൽ സാഹിത്യകാരൻ പ്രതേകമായി സൃഷ്ടിച്ച ലോകത്താണ്. അവിടെ കാര്യ കാരണസഹിതം ആണ് കഥയുടെ പുരോഗതി. മറ്റൊരുകാര്യം സാഹിത്യകാരന് സാധാരണ ജീവിതത്തിലെ ഏതു സം ഭവവും അതേപടി പകർത്താൻ ആവില്ല. ചില അംശങ്ങൾ കഥാഘടനയുടെ കെട്ടുറപ്പിനുവേണ്ടി ഉപേഷിക്കേണ്ടി വരും. ചില പുതിയ അംശങ്ങൾ ഭാവനാ സൃഷ്ടിയും ആയേക്കാം. സഭ്യതയുടെ പേരിലും ചില അംശങ്ങൾ ഒഴിവാക്കപ്പെടുന്നു”
“ സഭ്യതയും സംസ്കാരവും സൌന്ദര്യവും പരസ്പരം ബന്ധമുള്ള വിഷയങ്ങളാണോ?”
“ഉഗ്രൻ ചോദ്യം ജഗദീശ്. ഈ വാക്കുകൾക്കെല്ലാം ഭിന്നമായ അർത്ഥമാണ് നമ്മുടെ വായനക്കാർ നൽകി വരുന്നത്. ഇവിടെ അപ്രസക്തമെങ്കിലും നിങ്ങൾ കൂടുതൽ ചിന്തിക്കാനായി ചില സൂചനകൾ തരാം. സംസ്കരം എന്തെന്നല്ലേ ജഗദീശിന്റെ ചോദ്യം. എല്ലാമനുഷ്യർക്കും വേണ്ട ഒരു ജീവിത സഹായിയാണ് സംസ്കാരം. അത് എങ്ങിനെ ഉണ്ടാവുന്നു എന്ന് നോക്കാം നിങ്ങൾ എല്ലവരോടുമായി ഒരു ചോദ്യം. നല്ല വിളവുകിട്ടാൻ കർഷകൻ എന്തു ചെയ്യണം. ജോണ്സന്റേതാവട്ടെ ഉത്തരം.”
“കർഷകൻ fertail land choose ചെയ്യണം.”
“ശരി അതു മാത്രം മതിയോ?”
“ നിലം ഉഴുത് വൃത്തിയാക്കണം” രാജിയുടേതാണ് ഉത്തരം
“ജോൺസൺ തന്നെ ഉത്തരം തരൂ .ഉറക്കം വിടാൻ അത് സഹയിക്കും.”
“നല്ല വിത്ത് തിരഞ്ഞെടുക്കണം . സമയത്ത് വളം ചേർക്കണം വെള്ളം നൽകണം കളകൾ നീക്കണം.”
“ ശരിയാണ് . ഇത്രയൊക്കെചെയ്താലേ നല്ല വിളവ് ഉണ്ടാവൂ. This is agriculture . നിലം ഉഴുതു മറിച്ച് വിത്തെറിയുന്ന പോലെ നമ്മുടെ മനസ്സിനെയും ഉഴുതു മറിച്ച് പാകപ്പെടുത്തി നല്ല ആശയങ്ങൾ മനസ്സിലേക്ക് എറിഞ്ഞുകൊടുക്കുന്ന ,ചിന്തയിൽ കൂടി അവയെ വളർത്തുന്ന പ്രക്രിയക്കാണ് culture എന്നു പേര്. Culture is the cultivation of the mind. Not the cultivation of the land. എല്ലാവർക്കും വേണ്ടത് Culture തന്നെ. ഇത് വേണ്ടാത്ത ഒരു കൂട്ടർ രാഷ്ട്രീയക്കാരിൽ ചിലർ മാത്രമാണ്. അവരെ നമുക്ക് dogmatists എന്നു വിളിക്കാം. അവർ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നാണ് അവരുടെ വാദം. ചിന്തിക്കാൻ മടികാണിക്കുന്ന ഇക്കൂട്ടർ Culture എന്ന വാക്കിന് മസ്സിൽ പവർ എന്നാണ് അർത്ഥം കല്പിച്ചിരിക്കുന്നത്. “
“മാഷേ സഭ്യത എന്ന വാക്കിന് സംസ്കാരവുമായുള്ള ബന്ധം എന്താണെന്ന് പറഞ്ഞില്ല.”
“ജോൺസൺ ഏതു ലോകത്താണ്? സംസ്കാരം ഉണ്ടാവുമ്പോൾ സഭ്യതയും അസഭ്യതയും തിരിച്ചറിയാൻ എന്താണ് പ്രയാസം.”
“ഇത്രയുമേയുള്ളോ? എന്നാൽ സംസ്കാരവും സൌന്ദര്യവുമായി എന്താ ബന്ധം?”
“ ജോൺസൺ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു നല്ല ലക്ഷണമാണ്. A positive sign of grouth. ജോൺസൺ സൌന്ദര്യ ശാസ്ത്രത്തിന് പൊതുവായി ചില വിശേഷ ഗുണങ്ങളുണ്ട്. അവയെ നമുക്ക് fundamentals of aesthetics എന്നു വിളിക്കാം. ഒരു പാട്ടു കേട്ടു കഴിഞ്ഞാൽ അത് നല്ല പാട്ട് അഥവാ മോശം പാട്ട് എന്ന് എങ്ങിനെയാണ് വിലയിരുത്തുക?. പാട്ടിന് ശബ്ദമാധുര്യവും ആശയഗാഭീര്യവും ഉണ്ടാവണം, പാട്ട് സംഗീതാത്മകമായിരിക്കുകയും വേണം. താളവും ശ്രുതിയും ചേർത്ത് നല്ലശബ്ദത്തിൽ പാടുമ്പോൾ പാട്ടിന് സൌന്ദര്യം ആയി. ഇത് ചിത്രകാരനും ശില്പിക്കും ബാധകമാണ്. ഇവയ്ക്കൊക്കെ ,പാട്ടിനും ചിത്രത്തിനും,ശില്പത്തിനും ഊണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ harmani യും symmatri യും propotion നും ആണ്.”
“ മാഷ്അതൊന്ന് വിശദമാക്കിയാലെ ഞങ്ങൾക്ക് മനസ്സിലാവൂ.”
“ ശരി രാജീ ഞാനൊരുദാഹരണം പറയാം. ആയുർവേദഗന്ഥങ്ങൾ പലേ രസായനങ്ങളേക്കുറിച്ചും ലേഹ്യങ്ങളേക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. ഇവ ഉണ്ടാക്കേണ്ട രീതികളും അവയിൽ വിവരിക്കുന്നുണ്ട്. ഒരോ രസായനം ഉണ്ടാക്കാനും വിവിധ ഘടകങ്ങൾ , പച്ചമരുന്നും പാലും വെള്ളവുമെല്ലാം, പ്രത്യേക അനുപാതത്തിൻ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഘടകങ്ങൾക്കുണ്ടാവേണ്ട ഗുണാങ്ങളേ കുറിച്ചും അവയിൽ പ്രതിപാദിച്ചിരിക്കുന്നു. ഒരോ വസ്തു ഉണ്ടാക്കാനും പ്രത്യേകരീതി അവലംബിക്കപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയാൻ കാരണം ഉണ്ടാക്കപ്പെടുന്ന വസ്തുവിന് നിക്ഷിപ്ത ഗുണം ഉണ്ടാവാനാണ്. പ്രകൃതിയിൽ നാം കാണുന്നതും ഇതുതന്നെ ആണ്. അത്ഭുതവും അനുപമേയവുമായ ഈ harmony യെ divine harmony എന്നു വിളിക്കാം. മനുഷ്യരുടെ സൃഷ്ടി ഈ divine harmony യുടെ imitation മാത്രമാണ് ”
“സൌന്ദര്യവും ഹാർമണിയും തമ്മിലുള്ള ബന്ധമെന്തെന്ന് ഇനിയും മനസ്സിലയില്ല.”
“സൌന്ദര്യമെന്നാൽ ഹാർമണി എന്നർത്ഥം. “
“ സ്ത്രീ സൌന്ദര്യം എന്നാൽ ഹാർമണിയാണോ മഷേ?”
“ജോൺസന്റെ സംശയം ഇപ്പോഴും സ്ത്രീയെ ക്കുറിച്ചുതന്നെ. മനുഷ്യന്റെ സൌന്ദര്യം സ്ത്രീയായാലും പുരുഷനായാലും പ്രത്യേക ഘടകങ്ങളേയാണ് ആശ്രയിച്ചിരിക്കുന്നത്“
“ഘടകങ്ങൾ മാറുമ്പോൾ നിർവചനവും മാറുമോ മാഷേ?” രാജിയുടേതാണ് ചോദ്യം
“എനിക്കും ഉണ്ടൊരു സംശയം. സ്ത്രീക്ക് ബാഹ്യ സൌന്ദര്യവും ആന്തരീക സൌന്ദര്യവും ഇല്ലേ മാഷേ? ” ജോൺസണിന്റേ വക സംശയം
“സ്ത്രീയുടെ ബാഹ്യ സൌന്ദര്യമെന്നത് അവയവങ്ങളുടെ പ്രൊപ്പോഷനെ അടിസ്ഥാനപ്പെടുത്തിയാണ്. Symmetry എന്ന വാക്ക് ഓർക്കുക. ഒരു കൈ കുറുകിയതാണെങ്കിൽ നിശ്ചയിക്കപ്പെട്ട proportion ഇല്ലാത്തതു കാരണം ബാഹ്യ സൌന്ദര്യത്തിന്റെ താളം തെറ്റുന്നു. ആന്തരീക സൌന്ദര്യമെന്നത് ആണിനും പെണ്ണിനും ഒരുപോലെ വേണ്ടതാണ്. മനുഷ്യന് മനുഷ്യനാവാൻ എന്തൊക്കെ ഘടകങ്ങളാവും വേണ്ടത്? ”
“ശരീരം മനസ്സ് ബുദ്ധി ”
“ജഗദീശിന്റെ ഉത്തരം ശരിയാണ്. ഇവ മൂന്നും വേണ്ടത്ര അളവിൽ ഉണ്ടായാലെ സൌന്ദര്യം ഉണ്ടാവു. മലപോലെ ശരീരം വളരുകയും ബുദ്ധി വികസ്സിച്ചിട്ടുമില്ലാത്ത അവസ്ഥ സൌന്ദര്യത്തിന്റെ ലക്ഷണമല്ല. ഒരു സ്ത്രീക്ക് വേണ്ടത്ര ബാഹ്യസൌന്ദര്യ മുണ്ട് പക്ഷെ മന്ദബുദ്ധിയാണെങ്കിൽ അവളെ ജോൺസൺ വിവാഹം കഴിക്കുമോ? ശരീരത്തിനു വടിവും ,കൂർമ്മ ബുദ്ധിയുള്ളവളുമാണ്, പക്ഷേ തോന്നുന്ന വികാരങ്ങൾ നി ന്ദ്യവും നീചവും സമുദായ മംഗീകരിക്കാത്തതു മാണ് , മനസ്സിന് കുഷ്ഠരോഗം പിടിച്ചാൽ അത് സൌന്ദര്യത്തിന്റെ ലക്ഷണമാകുമോ? കർമ്മശേഷിയും കുശാഗ്രബുദ്ധിയുമുള്ള ഒരാൾ മറ്റുള്ളവരുടെ നാശമാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്ത്രീയെക്കുറിച്ച് പറഞ്ഞതെല്ലാം പുരുഷനും ബാധകമാകുന്നു. ഇതിന്റെ അർത്ഥം ഒരു മനുഷ്യനിൽ ബുദ്ധിയുടെ അംശം കൂടാൻ പാടില്ലയെന്നോ മനസ്സിന്റെ വികാസം ഉജ്വലമാകാൻ പാടില്ലായെന്നോ അല്ല.”
“ അപ്പോഴെ മാഷേ ഭാരതീയ സൌന്ദര്യ ശാസ്ത്രവും യൂറോപ്യൻ സൌന്ദര്യ ശാസ്ത്രവും ഭിന്നമാണോ? മാഷ് പറഞ്ഞതാണ് ശരിയെങ്കിൽ ശസ്ത്രം എങ്ങിനെ ഭിന്നമാവും? ”
“ ജഗദീശ് ഇതറിയണമെങ്കിൽ ഈ വിഷയത്തേ കുറിച്ച് കുറേ അധികം പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ അറിവിലേക്കായി ചില സൂചനകൾ തരാം. നമ്മളെല്ലാം ഭാരതീയരാണല്ലോ? നമ്മുടെ മുൻഗാമികൾക്ക് ജാതിമത വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ജ്ഞാനിയും അജ്ഞാനിയും എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ജ്ഞാനികൾ ഏറ്റവും മുഖ്യമായി കരുതിയത് ദൈവസങ്കല്പ മായിരുന്നു. ആത്മീയചിന്ത ആയിരുന്നു അവരുടെ പ്രധാന തൊഴിൽ. വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടാവാൻ കാരണം ഈ ആത്മീയ ചിന്തയാണ്. മറ്റൊരു നാട്ടിലും വേദങ്ങളോ ഉപനിഷത്തുക്കളോ ഉണ്ടായില്ലായെന്നതും നാം ഓർക്കേണ്ടതാണ്. ഉപനിഷത്തുകളിൽ ബ്രഹ്മാവിനെ പ്രപഞ്ച സൃഷ്ടിയുടെ കർത്താവെന്ന നിലയിൽ ഉജ്വല ജ്യോതിർ പ്രവാഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ജ്യോതിർ പ്രവാഹമാണ് നക്ഷത്ര സമൂഹങ്ങളുടേയും സൂര്യന്മാരുടേയും ഗ്രഹങ്ങളൂടേയും , മനുഷ്യന് അനുഭവവേദ്യമല്ലാത്ത എല്ലാ അത്ഭുത പ്രതിഭസങ്ങളുടേയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം. സാധാരണ മനുഷ്യന്റെ സൌന്ദര്യ ബോധത്തിനും എത്രയോ ഉയരത്തിലാണ് ഈ സൌന്ദര്യത്തിന്റെ ഇരിപ്പിടം. ‘എന്തിനാണോ മഹത്വവും ശക്തിയും സൌന്ദര്യവും ഉള്ളത് അത് എന്റെ പ്രകാശധാരയുടെ ഭാഗമാണെന്ന് ’ ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത് ഈ പ്രകാശ ധാരയുടെ ഭാഗമാണ് നാം എല്ലാവരും എന്നാണ്. ഈ പ്രകാശധാരയുടെ ഉറവിടം തേടി പ്പോകുന്ന മനുഷ്യനു മാത്രമേ ആത്മീയ സൌന്ദര്യം എന്തെന്ന് അറിയാൻ കഴിയൂ. ഒരു സൌന്ദര്യാന്വേഷകന് ജാതിയും ,മതവും,രാഷ്ട്രീയ പാർട്ടികളും ഒന്നും പ്രശ്നമല്ല. ഇവയൊക്കെ ഉണ്ടാക്കാവുന്ന അതിരുകൾ ഭേദിച്ച് അയാൾ പ്രപഞ്ചത്തോളം വളരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സൌന്ദര്യ ആരാധകന് പ്രപഞ്ചമാണ് സൌന്ദര്യന്വേഷണ പരിധി. ‘അല്ലയോ മനുഷ്യാ നീ പാപി യാണ് അടിമയാണ് എന്നു പറഞ്ഞ് അവനിൽ ജ്വലിക്കുന്ന ആത്മീയ തേജസ്വിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ മനുഷ്യ സമുദായത്തോട് ചെയ്യുന്ന ക്രൂരതയായിട്ടുവേണം കരുതാൻ. ഭാരതീയ സൌന്ദര്യ ശാസ്ത്രം ഈ ആത്മീയ സൌന്ദര്യ ദർശനവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.”
“അപ്പോൾ ഭാരതീയ സൌന്ദര്യ ശാസ്ത്രം ഹിന്ദുക്കളുടെ മാത്രം സൌന്ദര്യ ശാസ്ത്രമാണോ?” ജോൺസണ് വിണ്ടും സംശയം
“ ഇല്ല ജോൺസൺ ഭരതീയ സൌന്ദര്യ ശാസ്ത്രം ഭരതീയരുടേതാണ്. ‘ഭരതീയം’ എന്നാൽ ഹിന്ദുമത വിശ്വാസം മാത്രമാണെന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടാണ്. ‘ഭാരതീയം’’ എന്നാൽ സഹൃദയരായ സൌന്ദര്യ ബോധമുള്ള ആത്മീയാനുഭൂതി തേടുന്ന പല ഭാഷകൾ സംസാരിക്കുന്ന പല മതങ്ങളിൽ വിശ്വസിക്കുന്ന ജനതയുടെ കൂട്ടായ്മ ആണ്. ജാതി മത വർണ്ണ വർഗ്ഗ ഭേദങ്ങൾ മനുഷ്യനെ മനുഷ്യനായി ക്കാണാൻ തടസ്സമാവില്ലെന്ന് ഉത്ഘോഷിക്കുന്നവരാണ് ഭാരതീയർ. എല്ലാമനുഷ്യരിലും കുടികൊള്ളുന്ന ആത്മീയ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന വിശ്വാസം ആണ് ഭരതീയ ജനതക്ക് ഉള്ളത്. ഈ ആത്മീയ ഗുണം തന്നെയാണ് ഭാരതീയ സൌന്ദര്യ ശാസ്ത്രത്തിലും പ്രകടമായിക്കാണുന്നത്.”
“അപ്പോൾ പാശ്ചാത്യ സൌന്ദര്യ ദർശനം ഇതിൽ നിന്നും വിഭിന്നമാണോ?” ജഗദീശിന്റേതാണ് ചോദ്യം
“ ജഗദീശ്, പ്ലേറ്റോ സൈന്ദര്യബോധത്തെ സന്മാർഗ്ഗ ചിന്തയുമായാണ് ബന്ധിപ്പിക്കുന്നത്. അരിസ്റ്റോട്ടിലാണെങ്കിൽ ദുഷ്ടമനസ്സുകളുടെ ദുർമേദസ്സ് അകറ്റാനുള്ള ഉപാധി ആയിട്ടാണ് സഹിത്യത്തെ വീക്ഷിച്ചത്. കല മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കണമെന്ന് പ്ലോട്ടിനസ്സ് പറയുമ്പോൾ ആത്മീയ നിർവൃതിയാണ് അതു കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് പറയാൻ ആവില്ല. കാൻറ്റ് ആവട്ടെ സൌന്ദര്യാനുഭൂതി ആത്മീയാനുഭൂതിയായി കാണുന്നില്ല. ഒരു തത്വ ചിന്തകന്റെ കണ്ണുകളിൽ കൂടി സൌന്ദ്യര്യം analyse ചെയ്യാൻ സാധിച്ചത് ഭാരതത്തിൽ ജീവിച്ചിരുന്ന ഋഷിമാർക്കു മാത്രമാണ്. സ്നേഹമാണ് സത്യം സത്യമാണ് സൌന്ദര്യമെന്ന് പറയുക മാത്രമല്ല ആ സ്നേഹം എല്ലാവരിലേക്കും പകരാനും ഭാരതീയർക്കു കഴിഞ്ഞു. സൌന്ദര്യം ആസ്വദിക്കുമ്പോൾ സ്നേഹം മനസ്സിൽ തുളുമ്പണം. സ്നേഹം മനസ്സിൽ തുളുമ്പിയാലേ അത് മറ്റുള്ളവരിലേക്ക് പകരാനാവൂ. ഞാൻ ഇവിടെ നിറുത്തട്ടെ. ഈ വിഷയത്തിൽ ഞാൻ പറഞ്ഞതാണ് അവസാന വാക്ക് എന്നാരും കരുതരുത്. എത്രയോ പണ്ഡിതന്മാർ ആഴത്തിൽ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അവ അന്വേഷിച്ച് കണ്ടുപിടിച്ച് വായിക്കുക, ചിന്തിക്കുക. എല്ലവർക്കും എന്റെ വിനീത നമസ്കാരം.”
“നന്ദി മഷേ നന്ദി. മാഷ് പറഞ്ഞത് ശ്രദ്ധയോടെ കേട്ടു പലതും മുഴുവനായി മനസ്സിലായില്ല. മാഷിന്റെ സഹായവും അനുഗ്രഹവും ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവണം.”
“തിർച്ചയായും ജഗദീശ് നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ”